ഹാർദിക് ഒരു "പ്ലാസ്റ്റിക് ക്യാപ്റ്റൻ"; മുംബൈ നായകനെതിരെ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം

Photo Credit: BCCI
ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടേറ്റ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ചീഫ് സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്.
ഹാർദിക്കിനെ 'പ്ലാസ്റ്റിക് ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, താരത്തിന്റെ ബാറ്റിംഗിലെ മെല്ലെപ്പോക്കിനെയും ചോദ്യം ചെയ്തു.
തിലക് വർമ്മ പുറത്തായതിന് പിന്നാലെ ആറാം നമ്പറിലായാണ് ഹാർദിക് ബാറ്റിംഗിന് ഇറങ്ങിയത്. എന്നാൽ 23 പന്തുകൾ നേരിട്ട ഹാർദിക്കിന് വെറും 18 റൺസ് മാത്രമാണ് നേടാനായത്. ഇതിൽ 10 ഡോട്ട് ബോളുകളും ഉൾപ്പെടുന്നു.
ഹാർദിക്കിന്റെ ഈ മെല്ലെപ്പോക്ക് മുംബൈയുടെ റൺറേറ്റിനെ നന്നായി ബാധിച്ചെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. 12.5 ഓവറിൽ 109 റൺസിന് 4 വിക്കറ്റ് എന്ന ശക്തമായ നിലയിലായിരുന്ന മുംബൈ, ഹാർദിക്കിന്റെ ഇന്നിംഗ്‌സിന് ശേഷം 20 ഓവറിൽ 159 റൺസിൽ ഒതുങ്ങിപ്പോകുകയായിരുന്നു.
"18 റൺസ് എടുക്കാൻ 23 പന്തുകൾ! എന്താണിത്? ഇതൊരു പ്ലാസ്റ്റിക് ക്യാപ്റ്റനാണ്. ആ ഇന്നിംഗ്‌സിൽ ഹാർദിക് എന്താണ് ചെയ്യാൻ ശ്രമിച്ചതെന്ന് മനസ്സിലാകുന്നില്ല. 12 മുതൽ 16 വരെയുള്ള ഓവറുകളിൽ മുംബൈക്ക് പൂർണ്ണമായും നിയന്ത്രണം നഷ്ടമായി.
റൺറേറ്റ് കുത്തനെ ഇടിഞ്ഞു. ഹാർദിക് ക്രീസിലുണ്ടായിരുന്നിട്ടും അവസാന ഓവറുകളിൽ 4-ഉം 7-ഉം റൺസ് മാത്രമാണ് പിറന്നത്," ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ആഞ്ഞടിച്ചു.
ഹാർദിക്കിന്റെ ദൗർബല്യം ചെന്നൈ കൃത്യമായി മുതലെടുത്തെന്നും ശ്രീകാന്ത് പറഞ്ഞു. "ഹാർദിക്കിന് അടിക്കാൻ പാകത്തിൽ പന്തുകൾ എറിഞ്ഞു കൊടുക്കില്ലെന്ന് ചെന്നൈ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അവർ തുടർച്ചയായി ഷോർട്ട് ബോളുകളിലൂടെ ഹാർദിക്കിന്റെ ശരീരത്തെ ലക്ഷ്യം വെച്ചു.
മറ്റ് ടീമുകളും ഇനി ഇതേ തന്ത്രം തന്നെയായിരിക്കും പയറ്റുക," അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. മെയ് 4-ന് ലക്നൗ സൂപ്പർ ജയന്റ്‌സുമായാണ് മുംബൈയുടെ അടുത്ത മത്സരം.










0 comments