ചിന്നസ്വാമിയിൽ വീണ്ടും സൗഹൃദക്കൂട്ടുകെട്ട്; കോഹ്‌ലിയെ ചേർത്തുപിടിച്ച് സിറാജ്, വൈറലായി വൈകാരിക ദൃശ്യങ്ങൾ

Photo Credit: Social Media
ബെംഗളൂരു: ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആവേശവിജയത്തിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് വൈകാരികമായ നിമിഷങ്ങൾക്ക്.
മത്സരശേഷം ആർസിബി താരം വിരാട് കോഹ്‌ലിയെ മുൻ സഹതാരം മുഹമ്മദ് സിറാജ് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വർഷങ്ങളോളം ആർസിബിയിൽ ഒരേ കുപ്പായത്തിൽ കളിച്ച ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് ഈ ദൃശ്യങ്ങളിലൂടെ ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകം കണ്ടത്.
മത്സരം അവസാനിച്ച ഉടൻ കോഹ്‌ലിയുടെ അടുത്തേക്ക് നടന്നുവന്ന സിറാജ്, അപ്രതീക്ഷിതമായി അദ്ദേഹത്തെ പുറകിലൂടെ കെട്ടിപ്പിടിക്കുകയായിരുന്നു. തിരിഞ്ഞുനോക്കിയ കോഹ്‌ലി പുഞ്ചിരിയോടെ സിറാജിനെ തിരികെ ആലിംഗനം ചെയ്യുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു.
2025 സീസണിന് മുന്നോടിയായി സിറാജ് ആർസിബി വിട്ട് ഗുജറാത്ത് ടൈറ്റൻസിലേക്ക് മാറിയിരുന്നെങ്കിലും, ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന് മാറ്റമില്ലെന്ന് ഈ നിമിഷം തെളിയിച്ചു. ഇന്ത്യയിലെ മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായി സിറാജിനെ വളർത്തിയെടുക്കുന്നതിൽ കോഹ്‌ലിയും ആർസിബി മാനേജ്‌മെന്റും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് നിരയിലെ കുന്തമുനയാണ് സിറാജ്. ആശിഷ് നെഹ്‌റയുടെ പരിശീലനത്തിന് കീഴിൽ പ്രസിദ്ധ് കൃഷ്ണ, കാഗിസോ റബാഡ എന്നിവർക്കൊപ്പം മികച്ച പ്രകടനമാണ് സിറാജ് പുറത്തെടുക്കുന്നത്.
എങ്കിലും തന്റെ പഴയ തട്ടകമായ ചിന്നസ്വാമിയിലെ കാണികൾക്കും മുൻ സഹതാരങ്ങൾക്കും ഇടയിൽ താൻ ഇന്നും പ്രിയപ്പെട്ടവനാണെന്ന് സിറാജ് ഒരിക്കൽ കൂടി അടയാളപ്പെടുത്തി.
മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 206 റൺസ് എന്ന വെല്ലുവിളിയുയർത്തുന്ന ലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കിനിൽക്കെ ആർസിബി മറികടന്നു. 44 പന്തിൽ 81 റൺസെടുത്ത വിരാട് കോഹ്‌ലിയാണ് ആർസിബിയുടെ വിജയശിൽപി.
രണ്ടാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലുമായി (27 പന്തിൽ 55) ചേർന്ന് കോഹ്‌ലി പടുത്തുയർത്തിയ 115 റൺസിന്റെ കൂട്ടുകെട്ടാണ് ആർസിബിക്ക് കരുത്തായത്. ചില വിക്കറ്റുകൾ ഇടയ്ക്ക് വീണെങ്കിലും ഏഴ് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു ലക്ഷ്യത്തിലെത്തി.










0 comments