Deshabhimani

കോഹ്‍ലിക്ക് വീണ്ടും അർധ സെഞ്ചുറി; കീവീസിനെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം

Virat Kohli.jpg
വെബ് ഡെസ്ക്

Published on Nov 04, 2026, 03:22 PM | 2 min read

ഓക്ലൻഡ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ഇന്ത്യ. കിവീസിനെ 185 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 22.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു. അർധസെഞ്ചുറി നേടിയ വിരാട് കോഹ്‍ലിയുടെ (74) ഇന്നിങ്സാണ് ടീമിന് കരുത്തായത്. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ മഴ കാരണം മത്സരം രണ്ടു തവണ തടസപ്പെട്ടു. ഇതോടെ 32 ഓവറാക്കി മത്സരം വെട്ടിക്കുറിച്ചപ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ 143 റൺസായിരുന്നു വേണ്ടിയിരുന്നത്. സ്കോർ: ന്യൂസീലൻഡ് 185 (40.2). ഇന്ത്യ: 143/5.


ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമയെ (0) നഷ്ടമായി. എന്നാൽ പിന്നീട് ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിനൊപ്പം ചേർന്ന് വിരാട്‌ കോഹ്‌ലി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 113 റൺസാണ് കൂട്ടിചേർത്തത്. 13 ഫോറും ഒരു സിക്സുമടക്കം 51 പന്തിൽ നിന്ന് 74 റൺസെടുത്താണ് കോഹ്‍ലി മടങ്ങിയത്. ഇന്ത്യൻ കുപ്പായത്തിൽ കഴിഞ്ഞ ഏഴ് കളിയിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമാണ്‌ കോഹ്‌ലി നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 56 പന്തിൽ നിന്ന് 37 റൺസുമായി കോലിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും വീണതോടെ പിന്നീടെത്തിയ അക്‌സർ പട്ടേലും (0) ശ്രേയസ്‌ അയ്യരും (15) പെട്ടെന്ന് കൂടാരം കയറി. കെ എൽ രാഹുൽ മൂന്ന് റൺസും നമൻ ധിർ അഞ്ച് റൺസുമെടുത്തു. 56 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യന്‍ വിജയം.


പേസർമാർക്ക്‌ അനുകൂലമായ ഓക്‌ലൻഡിലെ ഏദെൻ പാർക്കിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ കീവീസിനെ തകർത്തു. 40.2 ഓവറിൽ 185 റൺസിന് ടീം ഓൾഔട്ടായി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങും നാല് വിക്കറ്റ് വീഴ്ത്തി. ഗുർണൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റും വീഴ്ത്തി. 38 റൺസെടുത്ത ടിം സീഫെർട്ടാണ് കിവീസിന്റെ ടോപ് സ്‌കോറർ. 30 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സും ഭേദപ്പെട്ട സംഭാവന നൽകി. ഡാരിൽ മിച്ചൽ 28 റൺസെടുത്തു. മുൻ ഇന്ത്യൻ നായകരായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും മിന്നും ഫീൽഡിങ് പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home