കൈലിമുണ്ടും ഷർട്ടും; തനി നാടൻ ലുക്കിൽ മോഹൻലാൽ, ‘L368’ ലൊക്കേഷൻ ഗ്ലിംപ്സ്

കൊച്ചി: മോഹൻലാലും അനൂപ് സത്യനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഗ്ലിംപ്സ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. കൈലിമുണ്ടും ചെക്ക് ഷർട്ടുമണിഞ്ഞ് തനി നാടൻ ലുക്കിലെത്തുന്ന മോഹൻലാലാണ് വിഡിയോയിലെ പ്രധാന ആകർഷണം. കാറിൽനിന്നിറങ്ങി നടന്നുവരുന്ന താരത്തിന്റെ പുതിയ ഗെറ്റപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. അധികം മിനുക്കുപണികളൊന്നുമില്ലാത്ത വേഷത്തിൽ, സാധാരണക്കാരനായെത്തുന്ന മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടുന്നതാണ് പുതിയ ദൃശ്യങ്ങൾ.
‘എല്‍368’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. പോസ്റ്ററിലെ ‘L’ എന്ന അക്ഷരം ആംഗ്യഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാൾക്ക് സംസാരപരിമിതിയുണ്ടാകാമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
കോമഡിയും ആക്ഷനും ത്രില്ലറും ചേർന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. കഥയും തിരക്കഥയും അനൂപ് സത്യന്റേതാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനുശേഷം അനൂപ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. മോഹൻലാലിനൊപ്പം മുകേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
‘ബൾട്ടി’യുടെ നിർമാതാവ് ബിനു ജോർജ് അലക്സാണ്ടറും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു. ‘ഭ്രമയുഗം’, ‘ഉള്ളൊഴുക്ക്’, ‘ഡീയസ് ഈറ’ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാലാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിങ്ങും അനൂപ് സത്യൻ തന്നെയാണ് നിർവഹിക്കുന്നത്.
സിങ്ക് സൗണ്ടിലാണ് സിനിമ ചിത്രീകരിക്കുന്നത്. മോഹൻലാൽ സിങ്ക് സൗണ്ടിൽ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിതെന്ന് അനൂപ് സത്യൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അനിൽ രാധാകൃഷ്ണനാണ് ലൊക്കേഷൻ സൗണ്ടും സൗണ്ട് ഡിസൈനും നിർവഹിക്കുന്നത്. ‘ആടുജീവിത’ത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മാധവ് കലാസംവിധാനവും സുജിത് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ബിജു തോമസാണ് പ്രൊഡക്ഷൻ കൺട്രോളർ.









0 comments