ട്രംപിന്റെ മതവിദ്വേഷ പ്രചാരണത്തെ മറികടന്ന് അബ്ദുൾ എൽ-സയീദ്; യുഎസിലെ ആദ്യ മുസ്ലീം സെനറ്റർ

ഡെമോക്രാറ്റിക് യുഎസ് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയീദും ഭാര്യ ഡോ. സാറാ ജുകാകുവും | Photo by AFP
മിഷിഗൺ : ട്രംപിന്റെ വിദ്വേഷ പ്രചാരണത്തെ മറികടന്ന് മിഷിഗണിലെ സെനറ്റ് സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൾ എൽ-സയീദ്. യുഎസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യ മുസ്ലീം സെനറ്ററെന്ന ചരിത്രനേട്ടമാണ് സയീദ് എഴുതിച്ചേർത്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് റോജേഴ്‌സ് ആയിരുന്നു സയീദിന്റെ എതിരാളി. ജനുവരി 3നാണ് സത്യപ്രതിജ്ഞ.
അറബ്, മുസ്ലീം വിരുദ്ധ പരാമർശങ്ങളായിരുന്നു സയീദിനെതിരായ തന്ത്രമാക്കി റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും നടത്തിയത്. പക്ഷെ, ട്രംപിന്റെയും റിപ്പബ്ലിക്കന്മാരുടെയും മുസ്ലീം വിരുദ്ധതയും, വർഗീയ വിദ്വേഷ പ്രചാരണങ്ങളും മിഷിഗണിൽ ഫലിച്ചില്ല. അബ്ദുൾ എൽ-സയീദിനെതിരെ മതവിദ്വഷവും, വർഗീയതയും മാത്രം ഉയർന്നുവന്നപ്പോൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മിഷിഗണിലെ ജനത ഈ രാജ്യം എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ചു.
ട്രംപിന്റെ തീവ്ര വലതുപക്ഷ വംശീയത നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന ജനകീയ നേതാവാണ് സയീദ്. ആഗസ്തിൽ നടന്ന സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അബ്ദുൾ എൽ സയീദ് വിജയിച്ചിരുന്നു. ഇസ്രയേലിന്റെയും അമേരിക്കയുടെയും മുസ്ലീം വിരുദ്ധ നയങ്ങളുടെ വിമർശകനായ സയീദിനെതിരെ ട്രംപും മറ്റ് റിപ്പബ്ലിക്കൻമാരും ഒരു 'ജിഹാദിസ്റ്റ്' ആണെന്നുൾപ്പടെ അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങളാണ് നടത്തിയത്.
സർക്കാർ ധനസഹായത്തോടെ ആരോഗ്യ സംരക്ഷണം എല്ലാ അമേരിക്കക്കാർക്കും വ്യാപിപ്പിക്കുക, രാഷ്ട്രീയത്തിൽ നിന്ന് പണം പിൻവലിക്കുക, വില പ്രതിസന്ധി പരിഹരിക്കുക എന്നീ വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ട്‌വെച്ചത്. പൊതുജനാരോഗ്യ മേഖലയിൽ ദീർഘകാലമായി പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് സയീദ്.
ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് തുറന്നു പറയാനും, യുദ്ധങ്ങൾക്ക് ചെലവഴിക്കുന്ന പണം രാജ്യത്തെ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കണം എന്നിങ്ങനെയുള്ള നിലപാടുകളും സയീദ് മുന്നോട്ട്‌വെച്ചിട്ടുണ്ട്. സയീദിന്റെ മുൻ പ്രാഥമിക എതിരാളിയും, ഇസ്രയേൽ പിന്തുണക്കാരിയുമായിരുന്ന ഡെമോക്രാറ്റിക് കോൺഗ്രസ് സ്ഥാനാർഥി ഹാലി സ്റ്റീവൻസിനെ പിന്തുണച്ചുകൊണ്ട് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ഡെമോക്രാറ്റിക് റോജേഴ്സ് മുന്നോട്ട് വന്നത് ഏറെ ചർച്ചാവിഷയമായിരുന്നു.
ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും സയീദിനെതിരെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ ഉന്നയിക്കുക മാത്രമല്ല ചെയ്തത്, ഡെമോക്രാറ്റിക് സഖ്യത്തിൽ നിന്ന് ആഫ്രിക്കൻ അമേരിക്കൻ വോട്ടർമാരെ അകറ്റി വേർതിരിവ് സൃഷ്ടിക്കാനും ശ്രമം നടത്തി. മിഷിഗണിൽ വലിയൊരു ശതമാനം അറബ് - അമേരിക്കൻ ജനങ്ങൾ താമസിക്കുന്നുണ്ട്. സയീദിനെ ഏതെങ്കിലും കറുത്തവർഗക്കാരോ, ജൂതന്മാരോ പിന്തുണച്ചാൽ അവർക്ക് ഭ്രാന്താണെന്ന് വരെ ട്രംപ് പറഞ്ഞിരുന്നു. ഈ പ്രചാരണങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ഡിട്രോയിറ്റിലെ കറുത്ത വർഗക്കാരായ വോട്ടർമാർ സയീദിനൊപ്പം നിന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു.
ഇറാനെതിരെ ഇസ്രയേലിനെ കൂട്ടുപിടിച്ച് ആരംഭിച്ച യുദ്ധവും, ഇതുമൂലം ഗ്യാസ് വില വർധന, മറ്റു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഇന്ധനക്ഷാമം തുടങ്ങി ജനങ്ങനെ ബാധിക്കുന്ന നിരവധി വിഷയങ്ങളാണ് അമേരിക്കൻ സെനറ്റിന്റെ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയായത്. ഇറാനെതിരായ യുദ്ധത്തിന് മാത്രം ഏകദേശം 47,000 കോടിയിലധികമാണ് ട്രംപ് ചെലവിട്ടത്. ആരോഗ്യ മേഖലയടക്കം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഗണിക്കാതെ യുദ്ധത്തിന് വേണ്ടി കോടികൾ ചെലവഴിച്ച ട്രംപിനും റിപ്പബ്ലിക്കൻ സർക്കാരിനുമേറ്റ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം.








0 comments