പെരുമ്പാവൂരിൽ വീണ്ടും അജ്ഞാതമൃതദേഹം; ഒരാഴ്ചയ്ക്കിടയിൽ മൂന്നുപേർ മരിച്ചനിലയിൽ

പ്രതീകാത്മക ചിത്രം
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ വീണ്ടും അജ്ഞാതമൃതദേഹം. പാലക്കാട്ട് താഴം പാലത്തിനടിയിൽ നിന്നാണ് അജ്ഞാതമൃതദേഹം ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ മൃതദേഹമാണ് ലഭിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥിതൊഴിലാളിയാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം കിട്ടിയതിനടുത്ത് നിന്ന് ലഹരിവസ്തുക്കളും കണ്ടെടുത്തിരുന്നു. അമിതമായ ലഹരി ഉപയോഗമാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് മറ്റൊരു അജ്ഞാതമൃതദേഹം ലഭിച്ചിരുന്നു.
മുൻപ് കണ്ടെത്തിയ മൃതദേഹങ്ങളും അമിതമായ ലഹരി ഉപയോഗം മൂലം മരിച്ചവരുടേതായിരുന്നു. അധികം ആളുകൾ കടന്നുചെല്ലാത്ത പ്രദേശമായതിനാൽ ആളുകൾ ലഹരി ഉപയോഗിക്കാനായി പാലക്കാട്ട് താഴം പാലത്തിനടിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം അഴുകിയശേഷം ദുർഗന്ധം വമിക്കുന്ന നിലയിലെത്തിയപ്പോഴാണ് നാട്ടുകാർ അറിയുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പ്രദേശത്ത് ലഹരി ഉപയോഗം വർധിക്കുന്ന വിഷയം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.








0 comments