Deshabhimani

‘അപകടകരമായ മാലിന്യം’; ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇന്ത്യയിലെ ഇറാൻ എംബസിയുടെ ട്രോൾ

trump hazardous waste
വെബ് ഡെസ്ക്

Published on Nov 04, 2026, 04:46 PM | 1 min read

ന്യൂഡൽഹി: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ട്രംപിനെ വൈറ്റ് ഹൗസിൽനിന്ന് എടുത്തുകൊണ്ടുപോയി ‘അപകടകരമായ മാലിന്യം’ എന്നെഴുതിയ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന വീഡിയോയാണ് ഇറാൻ എംബസി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ്’ എന്നൊരു കുറിപ്പും ചിരിക്കുന്ന ഇമോജിയും വീഡിയോക്ക് താഴെ കുറിച്ചിട്ടുണ്ട്.


സ്യൂട്ടും കോട്ടുമണിഞ്ഞ ഏതാനും പേർ ട്രംപിനെ കൈകാലുകളിൽ പിടിച്ചുയർത്തി വൈറ്റ് ഹൗസിന് പുറത്തേക്ക് കൊണ്ടുവരുന്നതാണ് വിഡിയോയുടെ തുടക്കം. തൊട്ടുപിന്നാലെ സമീപത്തുള്ള വലിയ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. ചവറ്റുകുട്ടയിൽ അപകടകരമായ മാലിന്യം എന്നർത്ഥം വരുന്ന ‘Hazardous Waste’ എന്ന് എഴുതിയിട്ടുണ്ട്. എഐ ഉപയോഗിച്ച് നിർമിച്ച പരിഹാസ വിഡിയോയാണ് ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.


ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടി ഇറാനിലും ആഹ്ലാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധവും ട്രംപിന്റെ വിദേശനയങ്ങളും അമേരിക്കയിൽ വിമർശനം നേരിടുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ഫലത്തെ പരിഹസിക്കുന്ന പ്രതികരണങ്ങൾ ഇറാനിൽനിന്ന് ഉയരുന്നത്.



നവംബർ മൂന്നിന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപിന്റെ ഭരണനയങ്ങൾക്കും വെല്ലുവിളി ഉയർന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രംപിനെ പരിഹസിക്കുന്ന മീമുകളും വിഡിയോകളും നിറയുന്നതിനിടെയാണ് ഇറാൻ എംബസിയും രംഗത്തെത്തിയത്.


ഇറാനുമായുള്ള യുദ്ധം റിപ്പബ്ലിക്കൻ പാർടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് ട്രംപും സമ്മതിച്ചിട്ടുണ്ട്. യുദ്ധത്തെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും ജീവിതച്ചെലവിലെ കുതിപ്പും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. എന്നാൽ ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തിൽ ഖേദമില്ലെന്നും അതേ സാഹചര്യമുണ്ടായാൽ വീണ്ടും അങ്ങനെ ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.


അമേരിക്കൻ ജനത യുദ്ധത്തോട് ‘വേണ്ട’ എന്നാണ് പറഞ്ഞതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും പ്രതികരിച്ചു. യുദ്ധത്തിനും ഉയർന്ന ജീവിതച്ചെലവിനുമെതിരായ ജനവിധിയായാണ് ഇറാൻ തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്.


ഇറാനുമായുള്ള സംഘർഷത്തിനിടെ ട്രംപിന്റെ പ്രസ്താവനകൾക്ക്, ഇറാന്റെ നയതന്ത്രകാര്യാലയങ്ങൾ നേരത്തേയും മീമുകളിലൂടെയും പരിഹാസ വിഡിയോകളിലൂടെയും മറുപടി നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home