Deshabhimani

സംവരണ മണ്ഡലങ്ങളിൽ നിര്‍ബന്ധിത റൊട്ടേഷൻ ഉറപ്പാക്കണം:ഹര്‍ജി സുപ്രീം കോടതി തള്ളി, പരിഗണിക്കേണ്ടത് നിയമനിര്‍മാണ സഭകളെന്ന് നിരീക്ഷണം

SC
വെബ് ഡെസ്ക്

Published on Nov 04, 2026, 05:23 PM | 1 min read

ന്യൂഡൽഹി:പാർലമെന്റ് സംസ്ഥാന നിയമസഭാ തെര‍ഞ്ഞെടുപ്പുകളിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങളിൽ നിര്‍ബന്ധിത റൊട്ടേഷൻ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം നയപരമായ തീരുമാനങ്ങൾ നിയമനിര്‍മാണ സഭയുടെ അധികാര പരിധിയിലുള്ള കാര്യങ്ങളാണെന്ന് വിശദമാക്കി. ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.


സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുന്നത് എസ്‌സി/എസ്‌ടി ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 2002-ലെ ഡി ലിമിറ്റേഷൻ ആക്ടിലെ സെക്ഷൻ 9(1)(c) ശരിവെച്ച അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.


ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലുള്ള 191-കാദിപ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടറായ ജഗ്ദീഷ് സിംഗ് ആണ് ഹർജി നൽകിയത്. ഈ മണ്ഡലം രൂപീകൃതമായതിനു ശേഷം കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളമായി പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുകയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. റൊട്ടേഷൻ വ്യവസ്ഥയില്ലാത്തത് ഭരണഘടന ഉറപ്പുനൽകുന്ന 14, 15, 19 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഇത് വോട്ടർമാരുടെ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിലുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം വാദിച്ചു.


നിലവിലെ രീതി രാഷ്ട്രീയ അധീശത്വം തുടരുന്ന ചില കുടുബങ്ങൾക്കാണ് പ്രയോജനം ചെയ്യുന്നത് എന്നും മാറ്റങ്ങൾ ഇല്ലാത്തത് ഇത്തരം കേന്ദ്രങ്ങളിൽ അധികാര കുത്തകയ്ക്ക് കാരണമാവുന്നതായും ഹർജിക്കാരൻ വാദിച്ചു. ഇത്തരം പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിപ്പെടുത്തുകയാണ് ചെയ്യേണ്ടത് എന്ന് കോടതി പറഞ്ഞു.


"റൊട്ടേഷൻ സമ്പ്രദായം പിന്തുടരുന്നത് നല്ലതാണെങ്കിലും അത്തരമൊരു നിർദ്ദേശം നൽകാൻ കോടതിക്ക് കഴിയില്ലെന്നും അത് പാർലമെന്റിന്റെ അധികാരപരിധിയിലുള്ള കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. അതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാൻ ഞങ്ങൾ ഒരു കാരണവും കാണുന്നില്ല," കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home