Deshabhimani

‘ആ സിനിമയിലെ എല്ലാം വെറുത്തു, കഥാപാത്രം മരിക്കാനായി കാത്തിരിക്കുകയായിരുന്നു; തെലുങ്ക് സിനിമയിലെ അനുഭവം തുറന്നുപറഞ്ഞ് രാധിക ആപ്തെ

RADHIKA APTE BALAIYAH
വെബ് ഡെസ്ക്

Published on Nov 05, 2026, 07:12 PM | 2 min read

മുംബൈ: തെലുങ്ക് സിനിമയിൽ അഭിനയിൽ ചെയ്ത ഒരു കഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി രാധിക ആപ്തെ. തന്നേക്കാൾ ഏറെ പ്രായമുള്ള നടനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടിവന്നതും അമ്മാവനെ വിവാഹം കഴിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിവന്നതും വലിയ ബുദ്ധിമുട്ടായിരുന്നുവെന്നാണ് നടി പറയുന്നത്. സിനിമയുടെ പേരെടുത്തുപറയാതെയായിരുന്നു രാധികയുടെ പ്രതികരണം. എന്നാൽ നന്ദമൂരി ബാലകൃഷ്ണ നായകനായ ‘ലെജൻഡ്’ എന്ന ചിത്രത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചർച്ച.


കീർത്തി സുരേഷിനൊപ്പം സൂമിന് നൽകിയ അഭിമുഖത്തിലാണ് തെലുങ്ക് സിനിമയിലെ അനുഭവം രാധിക പങ്കുവച്ചത്. ‘ഒരു തെലുങ്ക് സിനിമയിൽ എനിക്ക് എന്റെ അമ്മാവനെ വിവാഹം കഴിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിവന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമയായിരുന്നു അത്. ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാൻ വെറുത്തിരുന്നു’ എന്നായിരുന്നു രാധികയുടെ വാക്കുകൾ.


ഇതിനിടെ, അമ്മാവനെ വിവാഹം കഴിക്കുന്നത് തമിഴ്, തെലുങ്ക് സമൂഹങ്ങളിലെ ചില കുടുംബങ്ങളിൽ നിലനിൽക്കുന്ന ആചാരമാണെന്ന് കീർത്തി സുരേഷ് വിശദീകരിച്ചു. എന്നാൽ കഥയിലെ വിവാഹബന്ധം മാത്രമായിരുന്നില്ല രാധികയെ ബുദ്ധിമുട്ടിച്ചത്.


‘എന്നേക്കാൾ ഏറെ പ്രായമുള്ള നടനൊപ്പം പ്രണയരംഗങ്ങളിലും അഭിനയിക്കേണ്ടിവന്നു. പുരുഷാധിപത്യം നിറഞ്ഞ സാഹചര്യമായിരുന്നു അത്. എന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ അനുഭവവും അതുതന്നെയായിരുന്നു. സിനിമയുടെ പകുതിയാകുമ്പോൾ എന്റെ കഥാപാത്രം മരിക്കും. അതിനുശേഷം നായകൻ എന്നെ തോളിലേറ്റി എറിഞ്ഞിട്ട് ആക്ഷൻ രംഗങ്ങളിലേക്ക് കടക്കും. എന്റെ കഥാപാത്രം എപ്പോഴാണ് മരിക്കുകയെന്ന് കാത്തിരിക്കുകയായിരുന്നു ഞാൻ’ എന്നും രാധിക പറഞ്ഞു.


അഭിമുഖത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് രാധിക ഉദ്ദേശിച്ച സിനിമ ഏതാണെന്ന ചർച്ച തുടങ്ങിയത്. 2014ൽ ബോയപാട്ടി ശ്രീനു സംവിധാനം ചെയ്ത ‘ലെജൻഡ്’ ആണെന്നാണ് നിരവധി പേരുടെ കണ്ടെത്തൽ. നന്ദമൂരി ബാലകൃഷ്ണയായിരുന്നു ചിത്രത്തിലെ നായകൻ. സിനിമ പുറത്തിറങ്ങുമ്പോൾ ബാലകൃഷ്ണയ്ക്ക് 54 വയസും രാധികയ്ക്ക് 29 വയസുമായിരുന്നു പ്രായം.


അതേസമയം, രാധികയുടെ പ്രതികരണത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. സിനിമയുടെ കഥയും നായകനെയും കുറിച്ച് അറിഞ്ഞശേഷമല്ലേ അഭിനയിക്കാൻ സമ്മതിച്ചതെന്നും വർഷങ്ങൾക്കുശേഷം സിനിമയെ വിമർശിക്കുന്നത് എന്തിനാണെന്നുമാണ് ചിലരുടെ ചോദ്യം. തെലുങ്ക് പ്രേക്ഷകർക്കിടയിൽ രാധികയ്ക്ക് ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്നിനെക്കുറിച്ചാണ് നടി ഇത്തരത്തിൽ സംസാരിക്കുന്നതെന്നും വിമർശിക്കുന്നവരുണ്ട്.


എന്നാൽ വിവാദത്തിന് കാരണമായ സിനിമ ‘ലെജൻഡ്’ തന്നെയാണെന്ന് രാധിക സ്ഥിരീകരിച്ചിട്ടില്ല. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെയാണ് നടി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home