Deshabhimani

അമേരിക്കൻ തെരഞ്ഞെടുപ്പ്‌ ഫലം രാജ്യത്തെ ട്രംപുമാർക്കുള്ള മുന്നറിയിപ്പ്‌: എം മുകുന്ദൻ

m mukundan
വെബ് ഡെസ്ക്

Published on Nov 05, 2026, 08:13 PM | 1 min read

തലശേരി: ഡൊണാൾഡ്‌ ട്രംപിനെതിരായ അമേരിക്കൻ ജനതയുടെ വിധിയെഴുത്ത്‌ നമ്മുടെ രാജ്യത്തെ ട്രംപുമാർക്കുകൂടിയുള്ള മുന്നറിയിപ്പാണെന്ന്‌ നോവലിസ്‌റ്റ്‌ എം മുകുന്ദൻ. ശതകോടീശ്വരന്മാരല്ല ജനങ്ങളാണ്‌ വലുതെന്ന സന്ദേശമാണ്‌ അമേരിക്കൻ തെരഞ്ഞെടുപ്പ്‌ നൽകുന്നത്‌. സാധാരണ ജനങ്ങളാണ്‌ ട്രംപിനെ വീഴ്‌ത്തിയത്‌. അദാനിയും അംബാനിയുമല്ല ജനങ്ങളാണ്‌ വലുതെന്ന സന്ദേശം നമ്മുടെ രാജ്യത്തെ ഭരണാധികാരികളും തിരിച്ചറിയണം. അഡ്വ. കെ ഇ ഗംഗാധരൻ സ്‌മാരക പുരസ്‌കാരം ഏറ്റുവാങ്ങി തലശേരി ജില്ലാകോടതി ദ്വിശതാബ്ദിഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നീതിക്കായുള്ള ചെറു ചെറു പോരാട്ടങ്ങളാണ്‌ നാം ഇപ്പോൾ നടത്തുന്നത്‌. ഇ‍ൗ കാലഘട്ടത്തിന്റെ കുരുക്ഷേത്രമാണ്‌ ജന്തർമന്തർ. നീതിയെന്നത്‌ ആരുടെയും ഒ‍ൗദാര്യമല്ല, അവകാശമാണ്‌. അതാണ്‌ കവർന്നെടുക്കുന്നത്‌. അഭിപ്രായം പ്രകടിപ്പിക്കുന്ന എഴുത്തുകാരെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറയുകയാണ്‌. തോക്കുകളെ ഭയപ്പെടാത്ത എഴുത്തുകാർ ഇത്തരം അധിക്ഷേപങ്ങളെയും അസഭ്യത്തെയുമൊന്നും ഭയപ്പെടില്ല.


ആധുനികർ കമ്യൂണിസ്‌റ്റ്‌ വിരുദ്ധരായിരുന്നുവെന്നത്‌ തെറ്റായ ധാരണയാണ്‌. സാർത്രും പിക്കാസോവുമെല്ലാം ഫ്രഞ്ച്‌ കമ്യൂണിസ്‌റ്റ്‌ പാർടി അംഗങ്ങളായിരുന്നു. ഒരുപാട്‌ പ്രചോദിപ്പിച്ച നേതാവാണ്‌ അഴീക്കോടൻ രാഘവൻ. കൂടെ പ്രവർത്തിച്ചില്ലെങ്കിലും മനസുകൊണ്ട്‌ ചേർന്ന്‌ നിൽകുന്ന കമ്യൂണിസ്‌റ്റ്‌ നേതാവാണ്‌ അദ്ദേഹം. ജനങ്ങൾക്കുവേണ്ടിയും നീതിക്കായും നിരന്തരം ശബ്ദിച്ച അഭിഭാഷകനായിരുന്നു കെ ഇ ഗംഗാധരനെന്നും എം മുകുന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home