സിൻഡിക്കറ്റ് അംഗങ്ങളുടെ സിറ്റിങ് ഫീസ് കുത്തനെ കൂട്ടി കണ്ണൂർ സർവകലാശാല

കണ്ണൂർ : സിൻഡിക്കറ്റ് അംഗങ്ങളുടെ സിറ്റിങ് ഫീസ് കുത്തനെ കൂട്ടി കണ്ണൂർ സർവകലാശാല. സർവകലാശാലയുടെ ഫണ്ട് അടിച്ചുമാറ്റാൻ ലക്ഷ്യമിട്ടാണ് ഫീസ് വർധന. സിൻഡിക്കറ്റ് അംഗങ്ങളുടെ സിറ്റിങ് ഫീസിലും യാത്രാബത്തയിലും 150 ശതമാനത്തിലേറെ വർധനയാണ് വരുത്തിയിരിക്കുന്നത്. സിറ്റിങ് ഫീസ് രണ്ടായിരം രൂപയായും യാത്രാബത്ത കിലോമീറ്ററിന് 20 രൂപയുമായാണ് വർധിപ്പിച്ചത്. നേരത്തെ സിറ്റിങ്ങിന് 600 രൂപയും യാത്രാബത്ത 8.80 രൂപയുമായിരുന്നു.
സർവകലാശാലയുടെ വിവിധ വകുപ്പുകളിലും സർവകലാശാല ആസ്ഥാനത്തും നടത്തുന്ന എല്ലാ കരാർ താൽക്കാലിക നിയമനങ്ങളുടെയും ഇന്റർവ്യൂ ബോർഡിൽ സിൻഡിക്കറ്റ് അംഗത്തിന്റെ സാന്നിധ്യവും ഉറപ്പിച്ചിട്ടുണ്ട്. ഇതിലൂടെ സിൻഡിക്കറ്റ് അംഗത്തിന് സിറ്റിങ് ഫീസും യാത്രാബത്തയും എഴുതിയെടുക്കാനാകും. ഇന്റർവ്യൂബോർഡിൽ സിൻഡിക്കറ്റ് അംഗം സ്ഥാനമുറപ്പിക്കുന്നതിലൂടെ വൻ വിലപേശലിനും സ്വന്തക്കാരെ തിരുകികയറ്റാനും സർവകലാശാല തന്നെ പച്ചക്കൊടി കാണിക്കുകയാണ്.
സിറ്റിങ് അലവൻസും യാത്രാബത്തയും വർധിപ്പിക്കാൻ നിർദേശം സമർപ്പിക്കാൻ സിൻഡിക്കറ്റ് അംഗമായ എസ് മുഹമ്മദിനെ ചുമതലപ്പെടുത്തിയത് സെപ്‌തംബർ എട്ടിന് ചേർന്ന യോഗമാണ്. അതിവേഗത്തിൽ സിൻഡിക്കറ്റ് അംഗങ്ങളായ എസ് മുഹമ്മദും ഫർഹാൻ മുണ്ടേരിയും ചേർന്ന് വർധന സംബന്ധിച്ച തീരുമാനം ഒക്ടോബർ ഒമ്പതിന് സിൻഡിക്കറ്റിൽ സമർപ്പിച്ചു. ചർച്ചപോലുമില്ലാതെ കഴിഞ്ഞ അഞ്ചിന് ചേർന്ന യോഗം ഇത് അംഗീകരിക്കുകയായിരുന്നു.
വിദ്യാർഥി ക്ഷേമ പ്രവർത്തനങ്ങൾക്കുൾപ്പെടെ പണമില്ലെന്ന് ആവർത്തിക്കുന്ന സർവകലാശാലയാണ് വൻ തുക ശമ്പളയിനത്തിൽ കൈപ്പറ്റുന്ന അധ്യാപകർക്ക് സിറ്റിങ് ഫീസിനത്തിൽ 150 ശതമാനത്തിന്റെ വർധന വരുത്തിയത്.








0 comments