Deshabhimani

പിവിസി നിയമനത്തിലെ ചട്ടവിരുദ്ധത; വിസിയും പിവിസിയും രാജിവയ്ക്കണം: എൽഡിഎഫ് സിൻഡിക്കറ്റംഗങ്ങൾ

calicut university
വെബ് ഡെസ്ക്

Published on Nov 05, 2026, 08:02 PM | 1 min read

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാലയിൽ ചട്ടവിരുദ്ധ പ്രോ -വൈസ് ചാൻസലർ നിയമനം നടത്തിയ വിസി ഡോ. പി രവീന്ദ്രനും നിയമനം നേടിയ പിവിസി ഡോ. പി റഷീദ് അഹമ്മദും രാജിവയ്ക്കണമെന്ന് ഇടതുപക്ഷ സിൻഡിക്കറ്റംഗങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിസിയുടെ അധികാര ദുർവിനിയോഗത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണം. എല്ലാവിധ ചട്ടങ്ങളും ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തി ഡോ. പി രവീന്ദ്രൻ നടത്തിയ പ്രോ -വൈസ് ചാൻസലർ നിയമനം പൂർണമായും നിയമവിരുദ്ധമാണെന്ന് വ്യക്തമായി. കരുവാരക്കുണ്ട് കെടിഎം കോളേജ് അധ്യാപകനായ ഡോ. റഷീദ് അഹമ്മദിനെ ഏത് സാഹചര്യത്തിലാണ് പിവിസിയായി നിയമിച്ചതെന്ന്‌ വ്യക്തമാക്കണമെന്ന്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാല രജിസ്ട്രാർക്കും കോളേജ് മാനേജർക്കും കർശന നിർദേശം നൽകിയിരിക്കുകയാണ്.


ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ തുടക്കംമുതൽ ഉയർത്തിയ വാദങ്ങൾ പൂർണമായും ശരിയാണെന്ന് സർക്കാർതന്നെ ഔദ്യോഗിക ഉത്തരവിലൂടെ അടിവരയിട്ടിരിക്കുകയാണ്. സിൻഡിക്കറ്റ് യോഗത്തിൽ അജൻഡക്കുപുറത്തുനിന്നുള്ള വിഷയമായികൊണ്ടുവന്നാണ് വൈസ് ചാൻസലർ പിവിസി നിയമനം നടത്തിയത്. ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തെങ്കിലും ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിൽ ഒറ്റവരി തീരുമാനം വായിച്ച് നിയമവിരുദ്ധമായി ഇദ്ദേഹത്തെ കസേരയിലിരുത്തുകയായിരുന്നു.


സർക്കാരിന്റെ അംഗീകൃത ഡെപ്യൂട്ടേഷൻ ഉത്തരവില്ലാതെ ഒരു രൂപപോലും ശമ്പളമായി കൈപ്പറ്റാൻ പ്രോ- വൈസ് ചാൻസലർക്ക് അർഹതയില്ല. ഈ നിയമവിരുദ്ധതയെ മറികടക്കാൻ വൈസ് ചാൻസലർ തന്റെ അടിയന്തര അധികാരമായ 'സെക്ഷൻ 10 (13)' ദുരുപയോഗംചെയ്ത് ശമ്പളം പാസാക്കി നൽകാൻ ശ്രമിക്കുന്നത് ഗുരുതരമായ നിയമലംഘനവും അഴിമതിയുമാണെന്നും സിൻഡിക്കറ്റ് അംഗങ്ങളായ എം ബി ഫൈസൽ, ഡോ. ടി മുഹമ്മദ് സലീം, ഡോ. കെ മുഹമ്മദ് ഹനീഫ. ഡോ. കെ പ്രദീപ്കുമാർ, പി പി സുമോദ് എംഎൽഎ, ഡോ. പി സുശാന്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home