Deshabhimani

സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിക്ക് ജില്ലാതല ശാസ്ത്രോത്സവ മത്സര സമയത്തിൽ ഇളവ്

cerbral plasy

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Nov 05, 2026, 07:47 PM | 1 min read

കോഴിക്കോട് : സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിക്ക് ജില്ലാതല ശാസ്ത്രോത്സവ മത്സര സമയത്തിൽ ഇളവ് അനുവദിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ ഇടപെടലിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടേതാണ് തീരുമാനം.


കോഴിക്കോട് ജില്ലാതല ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മത്സരിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് ആനുകൂല്യം ലഭിക്കുക. എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം ലഭിച്ച് ജില്ലാതല മത്സരത്തിന് യോഗ്യത നേടിയ കുട്ടിക്ക് ജില്ലാതല മത്സരസമയത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് ബാലാവകാശ കമീഷനിൽ ഹർജി നൽകുകയായിരുന്നു.വിഷയത്തിൽ അടിയന്തിരമായി ഹിയറിങ് നടത്തിയ കമീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ സിസിലി ജോസഫ്, മെമ്പർ പി ഷാജേഷ് ഭാസ്കർ എന്നിവർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ആവശ്യമായ നിർദേശം നൽകി.


ശാസ്ത്രോത്സവമേളയിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ സെറിബ്രൽ പാൾസി കുട്ടികൾ മത്സരിക്കുമ്പോൾ അവർക്ക് അനുകമ്പാർഹമായ പരിഗണന നൽകണമെന്ന് കമീഷൻ ഉത്തരവിട്ടു. മണിക്കൂറിന് 20 മിനിറ്റ് എന്ന അനുപാതത്തിൽ, കൂടുതൽ സമയം അനുവദിച്ചു നൽകണം.


ഇക്കാര്യം ബന്ധപ്പെട്ട ചട്ടങ്ങളിൽ ഉൾപ്പെടുത്തണമെന്നും മതിയായ രേഖകളുടെയും പരിശോധനകളുടെയും പിൻബലത്തിലാവണം ഈ വിഭാഗത്തിലെ കുട്ടികൾക്ക് ഉത്തരവ് പ്രകാരമുള്ള പരിഗണന നൽകേണ്ടതെന്നും ബാലാവകാശ കമീഷൻ ഉത്തരവിട്ടു.


കുട്ടിയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാതല മത്സരത്തിൽ ഒരു മണിക്കൂറിന് 20 മിനിറ്റ് എന്ന അനുപാതത്തിൽ അധികസമയം അനുവദിക്കുന്നതിന് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറർക്ക് നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സമീപനം കമ്മിഷൻ സ്വാഗതം ചെയ്തു.


സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് സാധാരണ കുട്ടികളേക്കാൾ അധിക സമയം പ്രവൃത്തി പരിചയ മത്സരത്തിന് നൽകുന്നത് അവരുടെ ആത്മവിശ്വാസം ഉയർത്തുവാൻ സഹായിക്കുമെന്നും പൊതുസമൂഹത്തിൽ വിവേചന രഹിതമായ അന്തരീക്ഷം അത്തരം കുട്ടികൾക്ക് ഉറപ്പാക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്നും കമീഷൻ നിരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home