പിഎസ്‍സിയെ തകർക്കാനുള്ള നീക്കം കരാർ നിയമനങ്ങൾ വ്യാപകമാക്കാൻ: എം വി ഗോവിന്ദൻ

പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
തിരുവനന്തപുരം: പിഎസ്‍സിയെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം കരാർ നിയമനങ്ങൾ വ്യാപകമാക്കാനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യയിൽ ആകെ നടക്കുന്ന സ്ഥിരനിയമനങ്ങളിൽ 60 ശതമാനം നിർവഹിക്കുന്നത് കേരള പിഎസ്‍സിയാണ്. ഒരു ദിവസം 150 പേർക്ക് നിയമനം നൽകുന്ന രാജ്യത്തെ ഒരേ ഒരു സ്ഥാപനമാണ്. അങ്ങനെയുള്ള ഒരു സ്ഥാപനത്തിനെതിരെയാണ് യുഡിഎഫ് സർക്കാരും മാധ്യമങ്ങളും അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേരള പിഎസ്‍സിയെ സംരക്ഷിക്കുക, പിഎസ്‍സിയ്ക്ക് എതിരെയുള്ള അപവാദ പ്രചരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുപിഎസ്‍സി ഉൾപ്പെടെയുള്ള വിവിധ പബ്ലിക് സർവ്വീസ് കമ്മീഷനുകളുടെ ചെയർമാൻമാർ വരെ കേരള പിഎസ്‍സിയുടെ മികവിനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഉത്തർപ്രദേശിൽ നടക്കുന്ന നിയമനങ്ങളേക്കാൾ ഏറെക്കൂടതലാണ് കേവലം മൂന്നര കോടി ജനസംഖ്യമാത്രമുള്ള കേരളത്തിൽ പിഎസ്‍സി മുഖേന നടക്കുന്നതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
യൂണിയൻ പ്രസിഡന്റ് കെ സെബാസ്റ്റ്യൻ അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി ബി ബിജു സ്വാഗതവും ട്രഷറർ എ എസ് ഷിബു നന്ദിയും പറഞ്ഞു. എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് പി എൻ സരസമ്മ, കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത് ചന്ദ്രലാൽ, യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സന്തോഷ് ജി നായർ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം.വി ശശിധരൻ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു.









0 comments