അഗ്നിവീറുകളെ നിലനിർത്തും; സേവനകാലാവധി ആറു വർഷമാക്കി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സേനയിൽ ചേർന്ന അഗ്നിവീറുകളുടെ സേവന കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. അഗ്‌നിവീറുകളുടെ നാലുവർഷത്തെ സേവനകാലാവധി ആറു വർഷമായാണ് ഉയർത്തുന്നത്. കൂടുതൽ അഗ്നിവീറുകളെ ദീർഘകാലസേവനത്തിനായി തെരഞ്ഞെടുക്കുണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു.
‘അഗ്നിപഥ്’ പദ്ധതിപ്രകാരം നാലുവർഷത്തെ താൽകാലിക സേവനകാലയളവിനുശേഷം പരമാവധി 25 ശതമാനംപേരെയാണ് ദീർഘകാല സേവനത്തിന് തെരഞ്ഞെടുക്കുന്നത്. ബാക്കി വരുന്ന 75 ശതമാന അഗ്നിവീറുകൾക്കാണ് സെക്കൻഡ് ടൂർ ഓഫ് ഡ്യൂട്ടി എന്നപേരിൽ സേവനകാലാവധി രണ്ടുവർഷത്തേക്ക് കൂടി നീട്ടിനൽകുക.
പ്രകടനം, യോഗ്യത, ശാരീരികക്ഷമത, നിശ്ചിത തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥിരനിയമനം. പുതിയ തീരുമാനത്തോടെ ഇവർക്ക് രണ്ടുവർഷം കൂടി സൈന്യത്തിൽ തുടരാൻ അവസരം ലഭിക്കും. അഗ്‌നിവീറുകളുടെ പ്രകടനം കഴിഞ്ഞ നാലുവർഷമായി വിലയിരുത്തിവരികയാണെന്നും ലഭിച്ച പ്രതികരണങ്ങൾ മികച്ചതാണെന്നും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ എൻ എസ് രാജ സുബ്രഹ്മണി പറഞ്ഞു.
കേന്ദ്രസർക്കാർ 2022 ജൂണിലാണ് ‘അഗ്നിപഥ്’ പ്രഖ്യാപിച്ചത്. ഇതോടെ സൈന്യത്തിൽ നേരിട്ടുള്ള സ്ഥിരനിയമന രീതി അട്ടിമറിക്കപ്പെട്ടതായി ആക്ഷേപമുയർന്നിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തിൽ വ്യാപക സമരങ്ങളുമുണ്ടായിരുന്നു.








0 comments