യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് സ്ത്രീകളും ന്യൂനപക്ഷ പ്രതിനിധികളും

വാഷിങ്ടൺ : യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്രനേട്ടത്തോടെ മുന്നേറി സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളും. ഡെമോക്രാറ്റിക് പാർട്ടി വൻ മുന്നേറ്റമാണ് സെനറ്റ് തെരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്. അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം എഴുതിച്ചേർത്താണ് പലരും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ കറുത്തവർഗക്കാരിയായ വനിതാ ഗവർണർ, ആദ്യ തദ്ദേശീയ അമേരിക്കൻ വനിതാ ഗവർണർ, പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ആദ്യ സെനറ്റർ തുടങ്ങി വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഇത്തവണ യുഎസ് സെനറ്റ്. ട്രംപിന്റെ മതവിദ്വേഷ പ്രചാരണങ്ങൾക്കും, കറുത്ത വർഗക്കാർക്കെതിരായ നിലപാടുകൾക്കും, എൽജിബിടിക്യു+ സമൂഹത്തോടുള്ള വിരുദ്ധ കാഴ്ചപ്പാടുകൾക്കുമേറ്റ പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ്.
അമേരിക്കൻ സംസ്ഥാനങ്ങളിലൊന്നിൽ ഗവർണറാകുന്ന ആദ്യ കറുത്തവർഗക്കാരിയായ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് ജോർജിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കെയ്ഷ ലാൻസ് ബോട്ടംസ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. അറ്റ്ലാന്റയിലെ മുൻ മേയറായ കെയ്ഷ, റിപ്പബ്ലിക്കൻ സ്ഥാനാർഥി റിക്ക് ജാക്സണെയാണ് പരാജയപ്പെടുത്തിയത്. ഇരുപത് വർഷത്തിലേറെയായി റിപ്പബ്ലിക്കൻ പാർട്ടിയുടെ അധീനതയിലായിരുന്ന സ്ഥാനമാണ് കെയ്ഷ തിരിച്ചുപിടിച്ചത്.
അമേരിക്കൻ സംസ്ഥാനത്തിന്റെ ഗവർണറാകുന്ന ആദ്യ തദ്ദേശീയ അമേരിക്കൻ വനിതയെന്ന നേട്ടവുമായാണ് ന്യൂ മെക്സിക്കോയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഡെബ് ഹാലൻഡ് വിജയിച്ചത്. ലഗൂണ പ്യൂബ്ലോ ഗോത്രവിഭാഗത്തിന്റെ പ്രതിനിധിയാണ് ഡെബ് ഹാലൻഡ്. ജോ ബൈഡന്റെ ഭരണകാലത്ത് ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ മന്ത്രിസഭയിലെത്തിയ ആദ്യ തദ്ദേശീയ അമേരിക്കൻ വനിതയും ഇവരാണ്.
ടെക്സസിന്റെ ചരിത്രത്തിലെ ആദ്യ ഹിസ്പാനിക് വനിതാ ഗവർണറെന്ന നേട്ടം സ്വന്തമാക്കിയാണ് ഗിന ഹിനോജോസ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. ഒഹായോയിൽ ആദ്യ വനിതാ ഗവർണറെന്ന ചരിത്രം കുറിച്ചാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ആമി ആക്ടൺ വിജയിച്ചത്.
സെനറ്റിലും പുതിയ ചരിത്രം
അമേരിക്കൻ സെനറ്റിലെ പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ഡെമോക്രാറ്റിക് സ്ഥാനാർഥി ക്രിസ് പപ്പാസ് ആണ് ന്യൂ ഹാംഷെയറിൽ വിജയിച്ചത്. 2019 മുതൽ ജനപ്രതിനിധിസഭയിൽ അംഗമാണ് പപ്പാസ്. മൂന്ന് കറുത്തവർഗക്കാരായ വനിതകൾ ഒരേസമയം സെനറ്റ് അംഗങ്ങളാകുമെന്നതും അമേരിക്കയിലാദ്യമായാണ്. ഇല്ലിനോയിയിൽ ജൂലിയാന സ്ട്രാറ്റൺ, ഡെലവെയറിൽ നിന്ന് ലിസ ബ്ലണ്ട് റോച്ചസ്റ്റർ, മേരിലൻഡിൽ നിന്നുള്ള സെനറ്റർ ആഞ്ചല ആൽസ്ബ്രൂക്സ് എന്നിവരാണ് യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കറുത്തവർഗക്കാരായ വനിതകൾ. ഇവർ മൂന്നുപേരും ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികളാണ്.
അമേരിക്കൻ രാഷ്ട്രീയത്തിൽ എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം വർധിക്കുന്നതിന്റെ തെളിവുകളായി ഈ വിജയങ്ങളെ വിലയിരുത്താം. ന്യൂനപക്ഷ പ്രാതിനിധ്യം ഉയരുന്നുവെന്നത് അമേരിക്കയെ സംബന്ധിച്ച് വലിയ മാറ്റത്തിന്റെ തുടക്കമാണ്. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന യുഎസ് സെനറ്റായിരിക്കും ഇനി വരാൻ പോകുന്നത്.
ജനങ്ങൾ വിധിയെഴുതി ട്രംപിന്റെ ഇരട്ടത്താപ്പുകൾക്കെതിരെ
എച്ച്1 ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തിൽ ട്രംപ് ഒപ്പുവച്ചതോടെ അമേരിക്കയിലെ ഇന്ത്യൻ സമൂഹമാകെ ട്രംപിനെതിരായിരുന്നു. എച്ച്1ബി വിസക്കായി അപേക്ഷ നൽകിയവരിൽ 69.9 ശതമാനത്തിലേറെ ഇന്ത്യക്കാരായിരുന്നു. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിയുടെ വരുമാനം ഉയര്‍ത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയര്‍ത്തിയതെന്നായിരുന്നു അന്ന് ട്രംപിന്റെ ന്യായീകരണം.
ഇറാനെതിരെ ഇസ്രയേലിനെ കൂട്ടുപിടിച്ച് ആരംഭിച്ച യുദ്ധവും, ഇതുമൂലം ഗ്യാസ് വില വർധന, മറ്റു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഇന്ധനക്ഷാമം തുടങ്ങി ജനങ്ങനെ ബാധിക്കുന്ന നിരവധി വിഷയങ്ങളാണ് അമേരിക്കൻ സെനറ്റിന്റെ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയായത്. ഇറാനെതിരായ യുദ്ധത്തിന് മാത്രം ഏകദേശം 47,000 കോടിയിലധികമാണ് ട്രംപ് ചെലവിട്ടത്. ആരോഗ്യ മേഖലയടക്കം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഗണിക്കാതെ യുദ്ധത്തിന് വേണ്ടി കോടികൾ ചെലവഴിച്ച ട്രംപിനും റിപ്പബ്ലിക്കൻ സർക്കാരിനുമേറ്റ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം.









0 comments