‘നീ പോ മോനേ ദിനേശാ’; സച്ചിന്റെ പോസ്റ്റ് പങ്കുവെച്ച സഞ്ജുവിന് രസകരമായ മറുപടിയുമായി മോഹൻലാൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ ‘നീ പോ മോനേ ദിനേശാ’ പ്രയോഗത്തിന് രസകരമായ മറുപടിയുമായി മോഹൻലാൽ. മലയാളികൾക്ക് ഏറെ പരിചിതമായ സിനിമാ ഡയലോഗ് സച്ചിൻ ഉപയോഗിച്ചതും അതിന്റെ അർഥം മോഹൻലാൽ വിശദീകരിച്ചതുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഈ രസകരമായ സംഭാഷണത്തിന്റെ ഭാഗമാണ്.
ടി-20 ലോകകപ്പിനിടെ സഞ്ജുവുമായി മാസങ്ങളോളം നിരന്തരം സംസാരിച്ചിരുന്നുവെന്ന് സച്ചിൻ പറഞ്ഞിരുന്നു. എന്തായിരുന്നു സഞ്ജുവിന് നൽകിയ ഉപദേശമെന്ന് റെഡിറ്റിൽ ഒരാൾ ചോദിച്ചതോടെയാണ് രസകരമായ മറുപടി എത്തിയത്. ‘നീ പോ മോനേ ദിനേശാ! അതിന്റെ അർഥം എന്താണെന്ന് സഞ്ജു പറഞ്ഞുതരും’ എന്നായിരുന്നു സച്ചിന്റെ പ്രതികരണം. ഒപ്പം കണ്ണിറുക്കുന്ന ഇമോജിയും.
സച്ചിന്റെ മറുപടിയുടെ സ്ക്രീൻഷോട്ടും സഞ്ജുവും സച്ചിനും ഒരുമിച്ചുള്ള ചിത്രവും ‘ടീം സാംസൺ’ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഈ ഡയലോഗിന്റെ അർഥം ഏറ്റവും നന്നായി പറഞ്ഞുതരാൻ കഴിയുന്നത് നമ്മുടെ സ്വന്തം ലാലേട്ടനാണെന്ന് കുറിച്ചുകൊണ്ട് മോഹൻലാലിനെയും ടാഗ് ചെയ്തു.
ആവശ്യം മോഹൻലാൽ ഏറ്റെടുത്തു. പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച താരം സച്ചിനും സഞ്ജുവിനും ഒരുപോലെ ചേരുന്ന രീതിയിലാണ് മറുപടി നൽകിയത്.
‘മോനേ സഞ്ജു, സച്ചിൻ സിക്സർ അടിക്കുമ്പോൾ പന്തെറിയുന്നയാളോടുള്ള സന്ദേശമായിരുന്നു “നീ പോ മോനേ ദിനേശാ”. അടുത്ത പന്ത് എറിഞ്ഞുനോക്കൂ എന്നർഥം. ഇപ്പോൾ നിന്റെ ബാറ്റും അതുതന്നെയാണ് പറയുന്നത്. അങ്ങനെതന്നെ തുടരൂ, അടുത്ത ബൗളർ കാത്തിരിക്കുകയാണ്’ എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.









0 comments