‘നോ ഹാർഡ് വർക്ക്, ഒൺലി സ്മാർട്ട് വർക്ക്’; ‘ബാച്ച്‌ലർ പാർട്ടി Deux’ ട്രെയിലർ പുറത്ത്
കൊച്ചി: അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബാച്ച്‌ലർ പാർട്ടി Deux’ സിനിമയുടെ ട്രെയിലർ പുറത്ത്. ആക്ഷനും തമാശയും നിറഞ്ഞ ട്രെയിലറിൽ മലയാളത്തിലെ യുവതാരങ്ങളുടെ വലിയ നിരയാണ് അണിനിരക്കുന്നത്. ‘നോ ഹാർഡ് വർക്ക്, ഒൺലി സ്മാർട്ട് വർക്ക്’ എന്ന ഡയലോഗും ട്രെയിലറിൽ ശ്രദ്ധ നേടുന്നു. നവംബർ 19ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
2012ൽ പുറത്തിറങ്ങിയ ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്കുശേഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിന്റെ ആക്ഷനും കോമഡിയും നിലനിർത്തിക്കൊണ്ടുതന്നെ പുതിയ തലമുറയുടെ ആഘോഷങ്ങളുമായി എത്തുകയാണ് രണ്ടാം ഭാഗം. ജെൻ സി വൈബിലാണ് ഇത്തവണ അമൽ നീരദ് ചിത്രമൊരുക്കിയിരിക്കുന്നത്.
ടൊവിനോ തോമസ്, നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ, പാരിസ് ലക്ഷ്മി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തേ പുറത്തുവിട്ട താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു.
റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു. ‘Deux’ എന്ന പേരിലെ പുതുമയും ശ്രദ്ധ നേടിയിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’ എന്നർഥം വരുന്ന *deux* എന്ന വാക്കാണ് ചിത്രത്തിന്റെ പേരിൽ ഉപയോഗിച്ചിരിക്കുന്നത്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.ഛായാഗ്രഹണം: അപ്പു പ്രഭാകർ. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. സംഭാഷണം: ഉണ്ണി ആർ.
തപസ് നായക് സൗണ്ട് ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന. മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. പിആർഒ: ആതിര ദിൽജിത്.








0 comments