Deshabhimani

മിസ് യൂണിവേഴ്സ് കിരീടം ഈ മലയാളി സ്വന്തമാക്കുമോ?; കെസിയ ലിസ് മെജോ പ്യുർട്ടോറിക്കോയിലേക്ക്

KAZIAH LIZ MEJO
വെബ് ഡെസ്ക്

Published on Nov 04, 2026, 06:45 PM | 1 min read

മിസ് യൂണിവേഴ്സ് പട്ടത്തിനായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സുന്ദരികൾ മാറ്റുരയ്ക്കുന്ന വേദിയിൽ ഇത്തവണ മലയാളികൾക്ക് കാത്തിരിക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ മാവേലിക്കരക്കാരി കെസിയ ലിസ് മെജോ ലോകവേദിയിൽ മത്സരിക്കാനൊരുങ്ങുകയാണ്. പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായുള്ള തയ്യാറിലാണ് ഈ പത്തൊൻപതുകാരി. നവംബർ 24നാണ് ഫൈനൽ.


കിരീടവും ആഭരണങ്ങളും മെറൂൺ നിറത്തിലുള്ള സാരിയുമണിഞ്ഞാണ് കെസിയ ഡൽഹി വിമാനത്താവളത്തിലെത്തിയത്. ഇന്ത്യൻ പതാകയേന്തി യാത്രയ്ക്ക് ഒരുങ്ങുന്ന ചിത്രങ്ങൾ മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ഒരു രാജ്യത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടി വഹിച്ചാണ് കെസിയ യാത്ര തുടങ്ങുന്നതെന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പമുണ്ട്.


ഇക്കഴിഞ്ഞ ആ​ഗസ്തിൽ ജയ്പുരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ 52 പേരെ പിന്തള്ളിയാണ് കെസിയ കിരീടമണിഞ്ഞത്. ദേശീയ കിരീടം നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും സ്വന്തമാക്കി. ഇപ്പോഴിതാ ആ വിജയത്തിന്റെ ആവേശവുമായി മിസ് യൂണിവേഴ്സ് വേദിയിലേക്കും. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വൽ അഗ്രെലോട്ട് കൊളീസിയത്തിലാണ് മത്സരം നടക്കുന്നത്. ഏകദേശം 130 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളെയാണ് പ്രതീക്ഷിക്കുന്നത്.


സൗന്ദര്യമത്സരങ്ങളിലെ തിളക്കത്തിനപ്പുറം കെസിയയ്ക്ക് പറയാൻ വേറെയുമുണ്ട് വിശേഷങ്ങൾ. ബംഗളൂരുവിലെ മണിപ്പാൽ ലോ സ്കൂളിൽ നിയമവിദ്യാർഥിനിയാണ്. കുട്ടിക്കാലം ചെലവഴിച്ചത് അബുദാബിയിൽ. പന്ത്രണ്ടുവർഷം ശാസ്ത്രീയനൃത്തം അഭ്യസിച്ച കെസിയയ്ക്ക് പാട്ടിലും വയലിനിലും ഡ്രംസിലും താൽപര്യമുണ്ട്. മമ്മൂട്ടി നായകനായ ‘ഷൈലോക്ക്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും എത്തിയിട്ടുണ്ട്.


കെസിയയുടെ കിരീടയാത്ര തുടങ്ങിയത് ഇപ്പോഴല്ല. 2024ൽ മിസ് ടീൻ ദിവ പട്ടം നേടി. 2025ൽ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി. പിന്നാലെ മിസ് യൂണിവേഴ്സ് കേരള കിരീടവും മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടവും സ്വന്തമാക്കി. ഓരോ മത്സരവും കടന്ന് വളർന്ന ആ യാത്രയാണ് ഇപ്പോൾ ലോകസുന്ദരിപ്പട്ടത്തിനായുള്ള പോരാട്ടത്തിലെത്തിയിരിക്കുന്നത്.


മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലെത്തിച്ച സുസ്മിത സെന്നും ലാറ ദത്തയും തീർത്ത ചരിത്രത്തിലേക്ക് മറ്റൊരു പേര് കൂടി ചേർക്കാനാകുമോ? നവംബർ 24ന് അറിയാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home