Deshabhimani

ആ വ്യാമോഹം നടക്കില്ല; കള്ളക്കേസുകൾ കൊണ്ട് വിദ്യാർഥികളുടെ സമരശക്തിയെ തളർത്താമെന്ന് കരുതേണ്ട: പിണറായി

 Student street play outside kerala secretariat manin photo

'ലൈറ്റ് മരിച്ചേ' നാടകം തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ

ഫോട്ടോ: A R ArunRaj
വെബ് ഡെസ്ക്

Published on Nov 04, 2026, 06:59 PM | 2 min read

തിരുവനന്തപുരം: കള്ളക്കേസുകളും പ്രതികാര നടപടികളും കൊണ്ട് ഈ വിദ്യാർഥികളുടെ സമരശക്തിയെ തളർത്താമെന്ന വ്യാമോഹം സംഘപരിവാറിനും യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവി പിണറായി വിജയൻ. ന്യായമായ അവകാശങ്ങൾക്കായി ജനാധിപത്യ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളെ പ്രതികാരബുദ്ധിയോടെ പുറത്തുനിർത്തിയിട്ട് ഇന്ന് അറുപത്തിയാറ് ദിവസം പിന്നിടുകയാണ്.


നാടകം കളിച്ച വിദ്യാർഥികളെ അപരിഷ്കൃതരെന്നു മുദ്രകുത്താൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഗവർണറുടെ നോമിനിയായ വിസിയും മത്സരിക്കുന്നു. പ്രതിഷേധ സൂചകമായി അവതരിപ്പിച്ച നാടകത്തിൽ തെളിയാത്ത ലൈറ്റിന്റെ ശവസംസ്കാരം നടത്തിയതിനെ വിസിയുടെ ശവസംസ്കാരമാക്കി വളച്ചൊടിച്ചതും വിസിയുടെ ലോക് ഭവൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അക്രമവും സ്ത്രീത്വത്തെ അപമാനിക്കലും ആരോപിച്ച് കള്ളക്കേസുകൾ കെട്ടിച്ചമച്ചതും ആസൂത്രിത അജണ്ടയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജണ്ടകൾക്ക് തീറെഴുതിക്കൊടുക്കുന്ന യുഡിഎഫിന്റെ പാദപൂജയുടെ ഉദാഹരണമാണ് കാലടിയിൽ കാണുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.


Student street play outside kerala secretariat manin 1.jpg'ലൈറ്റ് മരിച്ചേ' നാടകം തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ |ഫോട്ടോ: എ ആർ അരുൺ രാജ്


ഫെയ്സ്ബുക്ക് കുറിപ്പ്


ന്യായമായ അവകാശങ്ങൾക്കായി ജനാധിപത്യ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളെ പ്രതികാരബുദ്ധിയോടെ പുറത്തുനിർത്തിയിട്ട് ഇന്ന് അറുപത്തിയാറ് ദിവസം പിന്നിടുകയാണ്. അടിസ്ഥാന സൗകര്യങ്ങൾക്കും മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പുകൾക്കും വേണ്ടി സമാധാനപരമായി തെരുവ് നാടകമാണ് അവിടെ നടന്നതെന്ന് പത്രമാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തതാണ്. നാടകം കളിച്ച വിദ്യാർഥികളെ അപരിഷ്കൃതരെന്നു മുദ്രകുത്താൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഗവർണറുടെ നോമിനിയായ വിസിയും മത്സരിക്കുന്നു. ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താൻ മുഖ്യമന്ത്രി രംഗത്തിറങ്ങുകയും രാജ്ഭവൻ തിരക്കഥകൾക്ക് സ്തുതി പാടുകയും ചെയ്യുന്ന ലജ്ജാകരമായ അനുഭവമാണ് ഏറ്റവും ഒടുവിൽ ഉണ്ടായിട്ടുള്ളത്.

പ്രതിഷേധ സൂചകമായി അവതരിപ്പിച്ച നാടകത്തിൽ തെളിയാത്ത ലൈറ്റിന്റെ ശവസംസ്കാരം നടത്തിയതിനെ വിസിയുടെ ശവസംസ്കാരമാക്കി വളച്ചൊടിച്ചതും വിസിയുടെ ലോക് ഭവൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അക്രമവും സ്ത്രീത്വത്തെ അപമാനിക്കലും ആരോപിച്ച് കള്ളക്കേസുകൾ കെട്ടിച്ചമച്ചതും ആസൂത്രിത അജണ്ടയാണ്.


Student street play outside kerala secretariat manin 'ലൈറ്റ് മരിച്ചേ' നാടകം തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ |ഫോട്ടോ: എ ആർ അരുൺ രാജ്


വിദ്യാർഥികൾക്കെതിരെ ഒരു തെളിവുമില്ലെന്ന് അന്വേഷണസമിതിയിലെ അംഗം തന്നെ റിപ്പോർട്ട് നൽകിയ ശേഷവും ആ കുട്ടികളെ പരീക്ഷയെഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിട്ടും പ്രതികാര നടപടിയുമായി ഉത്തരവിനെതിരെ വി.സി. തന്നെ അപ്പീൽ പോയി കുട്ടികളുടെ ഭാവി തകർക്കാനാണ് ശ്രമിച്ചത്. മാപ്പെഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്ന അധികാരികളുടെ ധിക്കാരപൂർവമായ ഔദാര്യത്തെ പുച്ഛിച്ചുതള്ളി സർവകലാശാലാ കവാടത്തിൽ നിരാഹാരമനുഷ്ഠിക്കുന്ന വിദ്യാർഥികൾക്കൊപ്പമാണ് നാടിന്റെ പൊതുമനഃസാക്ഷി. അവർക്കൊപ്പം നിന്നതിന്റെ പേരിൽ നടപടി നേരിട്ട മഹാരാജാസിലെ വിദ്യാർത്ഥികൾ ഉയർത്തുന്നതും ഇതേ ചെറുത്തുനിൽപ്പാണ്.


കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജണ്ടകൾക്ക് തീറെഴുതിക്കൊടുക്കുന്ന യുഡിഎഫിന്റെ പാദപൂജയുടെ ഒടുവിലത്തെ ഉദാഹരണമാണ് കാലടിയിൽ കാണുന്നത്. സർവകലാശാലയുടെ ഔദ്യോഗിക വാഹനങ്ങളിൽ ആർഎസ്എസ് വേദികളിലേക്ക് പോകുന്ന വിസിമാരെ തീറ്റിപ്പോറ്റുകയും കേന്ദ്ര ഏജൻസികളുടെ ഭീഷണിക്ക് മുന്നിൽ മുട്ടിലിഴയുകയും ചെയ്യുന്നവരാണ് ക്യാമ്പസുകളിലെ നീതിയുടെ ശബ്ദങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നത്. കള്ളക്കേസുകളും പ്രതികാര നടപടികളും കൊണ്ട് ഈ വിദ്യാർത്ഥികളുടെ സമരശക്തിയെ തളർത്താമെന്ന വ്യാമോഹം സംഘപരിവാറിനും യുഡിഎഫിനും വേണ്ട. ഫാസിസ്റ്റ് അനുകരണത്തിനെതിരെ, ക്യാമ്പസ് ജനാധിപത്യം സംരക്ഷിക്കാൻ വിദ്യാർഥികളുടെ പൊരുതുന്ന മനസ്സുകൾക്ക് ഒപ്പമാണ് ഈ സമൂഹം നിലകൊള്ളുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home