Deshabhimani

മുഖ്യമന്ത്രിയുടൈ കൈകടത്തലിൽ അതൃപ്‌തി ശക്തം; കുഞ്ഞാലിക്കുട്ടി തുടങ്ങി, അവസരം കാത്ത്‌ മറ്റുള്ളവരും

vd satheesan kunhalikutty
വെബ് ഡെസ്ക്

Published on Nov 04, 2026, 07:48 PM | 2 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി ഐഎഎസുകാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നതിനെതിരെ യുഡിഎഫിൽ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം 35 മുതിർന്ന ഐഎഎസുകാരെ സ്ഥലംമാറ്റിയതിനെതിരെ മന്ത്രിസഭയിലെ രണ്ടാമനായ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രൂക്ഷമായ നിലപാടുമായി രംഗത്തുവന്നു. വ്യവസായ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി എപിഎം മുഹമ്മദ്‌ ഹനീഷിനെ മാറ്റിയത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിൽ കുഞ്ഞാലിക്കുട്ടി അതൃപ്‌തി അറിയിച്ചുവെങ്കിലും മുഖ്യമന്ത്രി അവഗണിച്ചതായാണ്‌ വിവരം. ഇതൊരു തുടക്കമാണ്‌. മറ്റു മന്ത്രിമാരും കോൺഗ്രസ്‌ അടക്കമുള്ള യുഡിഎഫ്‌ കക്ഷികളും സതീശനെതിരെ തിരിയാൻ അവസരം കാത്തിരിക്കുകയാണ്‌.


വ്യവസായ വകുപ്പിൽ നിന്ന്‌ ഒഴിയുന്ന നിവരം അറിയിക്കാൻ ഓഫീസിലെത്തിയ മുഹമ്മദ്‌ ഹനീഷിനോട്‌, താൻ പറഞ്ഞശേഷം ചുമതല ഒഴിഞ്ഞാൽ മതിയെന്ന്‌ കുഞ്ഞാലിക്കുട്ടി അറിയിച്ചു. വ്യവസായ വകുപ്പിൽ സ്ഥാനമേൽക്കുന്നത്‌ അറിയിക്കാൻ മന്ത്രി ഓഫീസിലെത്തിയ ഡോ. ബീനയോട്‌ ചുമതലേയേൽക്കരുതെന്നും ആവശ്യപ്പെട്ടു. രണ്ടുമണിക്കൂറോളം ബീന മന്ത്രി ഓഫീസിൽ ഇരുന്നുവെന്നാണ്‌ വിവരം. മുഹമ്മദ്‌ ഹനീഷിന്റെയും ബീനയുടെയും കാര്യത്തിൽ നിലവിലെ തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിൽ തന്നെയാണ്‌ വി ഡി സതീശൻ.


മുസ്ലീം ലീഗ്‌ മന്ത്രിമാരായ എൻ ഷംസുദീൻ, കെ എം ഷാജി എന്നിവർ നേരത്തേ തങ്ങളറിയാതെ വകുപ്പിലെ ഉദ്യോഗസ്ഥരെ മാറ്റിയതിൽ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചിരുന്നു. താനറിയാതെ കെഎസ്‌ഇബി സിഎംഡിയെ മാറ്റിയെന്ന പരാതി മന്ത്രി സണ്ണി ജോസഫിനുണ്ട്‌. വഴിവിട്ട്‌ സ്വകാര്യ കന്പനിയിൽ നിന്ന്‌ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതിനെ കുറിച്ച്‌ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, എല്ലാ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും എനിക്കൊന്നും പറയാനില്ലെന്നുമായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. എക്‌സൈസ്‌ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മാറ്റങ്ങളും ബാർ അനുവദിക്കുന്നതു പോലും അറിയാതിരിക്കുന്ന ലിജുവിന്റെ അവസ്ഥ പരിഹാസത്തിന് വഴിവെച്ചിരുന്നു. എന്നാൽ, ഇവരുടെയൊന്നും പരാതികൾ ഗ‍ൗനിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.


സാധാരണ മന്ത്രിമാരോടു കൂടി ആലോചിച്ചാണ്‌ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരുടെ മാറ്റം നടപ്പാക്കുന്നത്‌. എന്നാൽ, ഇപ്പോൾ എല്ലാ മര്യാദകളും കാറ്റിൽപ്പറത്തി സതീശൻ സ്വയം തീരുമാനിക്കുകയാണ്‌. ആറു മാസത്തിനിടെ നാലു തവണയാണ്‌ ഐഎഎസ്‌ തലപ്പത്ത്‌ അഴിച്ചുപണി നടത്തിയത്‌. അതുകൊണ്ട്‌ തന്നെ പല വകുപ്പിലും ആവശ്യം വേണ്ട നടപടികൾ പോലും മരവിച്ച നിലയാണ്‌. മുഖ്യമന്ത്രിയ്‌ക്ക്‌ താൽപ്പര്യമുള്ള കാര്യങ്ങൾ മാത്രമാണ്‌പല വകുപ്പിലും നടക്കുന്നത്‌. എല്ലാ വകുപ്പിലും കൈയിടാൻ കഴിയണമെന്നും താനാഗ്രഹിക്കുന്ന നടപടികൾ അതിവേഗം നടപ്പാകണമെന്നും മാത്രമാണ്‌ സതീശന്റെ നിലപാട്‌.


വി ഡി സതീശന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌ ശക്തമായി രംഗത്തുവന്നുവെങ്കിലും ഹൈക്കമാൻഡ്‌h പോലും ഇടപെടാൻ മടിച്ചു. തമ്മിലടി പുറത്തറിഞ്ഞാൽ വലിയ ഭൂരിപക്ഷത്തിൽ അധികാരമേറിയതിന്‌ കളങ്കമാകുമെന്നാണ്‌ ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.


എല്ലാ വകുപ്പിലുമുള്ള സതീശന്റെ കൈകടത്തലിൽ യുഡിഎഫിലെ മന്ത്രിമാർക്കെല്ലാം എതിർപ്പുണ്ടെങ്കിലും തൽക്കാലം മ‍ൗനംപാലിക്കുകയാണ്‌. അതിനു കാരണങ്ങൾ പലതാണ്‌. പലരും ഭരണം കിട്ടിയതിന്റെ ലഹരിയിലാണ്‌. തർക്കത്തിന്റെ പേരിൽ കല്ലുകടിയുണ്ടാകാൻ ആരും ആഗ്രഹിക്കുന്നില്ല. പൊതുഭരണം, ധനകാര്യം, നിയമം തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ട വകുപ്പുകൾ മുഖ്യമന്ത്രിയ്‌ക്കു കീഴിലാണ്‌. ഉടക്കിയാൽ തങ്ങളുടെ പല കാര്യങ്ങൾക്കും ഇ‍ൗ വകുപ്പുകളുടെ പിൻബലത്തിൽ മുഖ്യമന്ത്രി തടസ്സം ഉയർത്തുമെന്ന്‌ മറ്റു മന്ത്രിമാർക്ക്‌ ആശങ്കയുണ്ട്‌. ഇക്കാരണങ്ങൾ കൊണ്ട്‌ മുഖ്യമന്ത്രിയെ നേരിട്ടെതിർക്കാൻ ആരും മിനക്കെടുന്നില്ല.


അതിനിടയിലാണ്‌ കുഞ്ഞാലിക്കുട്ടി ശക്തമായ നിലപാടുമായി മുന്നോട്ടുവന്നത്‌. ഇതൊരു തുടക്കമാണ്‌. മറ്റു മന്ത്രിമാരും കോൺഗ്രസ്‌ അടക്കമുള്ള യുഡിഎഫ്‌ കക്ഷികളും ഏതു നിമിഷവും സതീശനെതിരെ തിരിയാൻ സാധ്യതയുണ്ട്‌. അതിനുള്ള അവസരം കാത്തിരിക്കുകയാണ്‌ അവരെല്ലാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home