രണ്ടിൽ കൂടുതൽ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വിലക്ക്: നിയമം കാലഹരണപ്പെട്ടുവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കിക്കൊണ്ടുള്ള നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇന്ത്യയിലെ ജനസംഖ്യാ നിരക്ക് കുറയുന്നുവെന്ന് നിരീക്ഷിച്ച കോടതി, നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിന് വിട്ടു.
ജസ്റ്റിസുമാരായ പി എസ് നരംസിംഹ, അലോക് ആരധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനസംഖ്യാ വർധനവിനെക്കുറിച്ചുള്ള ഭയമാണ് നിയന്ത്രണങ്ങൾക്ക് പ്രേരിപ്പിച്ചതെന്നും എന്നാൽ ഇന്ന് അങ്ങനെയൊരു ഭയമില്ല. രാജ്യത്ത് വലിയ ജനസംഖ്യാ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനാൽ ഇത്തരം നിയമങ്ങളുടെ അടിസ്ഥാനം തന്നെ തകർന്നിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാവരുതെന്ന 1994 ലെ ഹരിയാന പഞ്ചായത്തിരാജ് ആക്ടിന്റെ സാധുത ശരിവെച്ച 'ജാവേദ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ഹരിയാന' എന്ന കേസിലെ 2003 ലെ വിധി പുനഃപരിശോധിക്കുന്നതിനാണ് വിശാല ബെഞ്ചിന് വിട്ടത്. മഹാരാഷ്ട്ര വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരം മൂന്നാം കുട്ടി ജനിച്ചതിന്റെ പേരിൽ കകോഡ ഗ്രാം പഞ്ചായത്ത് മുൻ സർപഞ്ച് മംഗള ഭീംറാവുവിന് നേരിട്ട അയോഗ്യത കോടതി റദ്ദാക്കുകയും ചെയ്തു.
2003 ൽ സുപ്രീം കോടതി ഈ നിയമം ശരിവെക്കുമ്പോൾ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രജനന നിരക്ക് മൂന്ന് ആയിരുന്നുവെങ്കിൽ, നിലവിലത് 1.9 ആയി കുറഞ്ഞിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പ്രജനന നിരക്ക് ഇതിലും താഴേക്ക് പോകുന്നത് ഭാവിയിൽ രാജ്യത്ത് പ്രായമായവരുടെ എണ്ണം വർധിക്കുന്നതിനും തൊഴിലെടുക്കുന്നവരുടെ അനുപാതം കുറയുന്നതിനും കാരണമാകും. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ രാജ്യം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.







0 comments