തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പാർലമെന്റ് മാർച്ച്: ചര്‍ച്ചയ്ക്ക് സമയം തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് സിഐടിയു

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ സംസാരിക്കുന്നതിനായി പ്രധാനമന്തി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് സിഐടിയു. തൊഴിൽ നിയമ കോഡുകൾ പിൻവലിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച സമയം തേടിക്കൊണ്ട് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം കത്തയച്ചു.
രാജ്യത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എഴുപത് ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിക്കുന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സംഘടനയാണ് സിഐടിയു. തൊഴിലാളികളുടെ വേതനവും ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് ചർച്ച ചെയ്യാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് തിരക്കുകൾ ഉണ്ടെങ്കിൽ തൊഴിൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയെ ചർച്ചയ്ക്കായി ചുമതലപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്നും സിഐടിയു വ്യക്തമാക്കി.
കഴിഞ്ഞ 12 വർഷത്തിനിടയിൽ 2015 ൽ ഒഴികെ ദേശീയ തൊഴിൽ നയരൂപീകരണത്തിന്റെ പരമോന്നത സമിതിയായ 'ഇന്ത്യൻ ലേബർ കോൺഫറൻസ്'ചേരാത്തത് ത്രികക്ഷി സഹകരണത്തിന്റെ കടുത്ത ലംഘനമാണെന്നും സിഐടിയു ആരോപിച്ചു. വിവാദ തൊഴിൽ കോഡുകൾ പിൻവലിച്ച് എംജിഎൻആർഇജി ആക്ട് പുനഃസ്ഥാപിക്കുക, 45, 46 ഇന്ത്യൻ ലേബർ കോൺഫറൻസ് ശുപാർശകൾ നടപ്പിലാക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം, ഇപിഎഫ് , ഇഎസ്ഐ , തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പാക്കുക, അല്ലാത്തപക്ഷം വേതനം അടിയന്തരമായി വർധിപ്പിക്കുക, കുടിയേറ്റ തൊഴിലാളികളുടെ വോട്ടവകാശം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക, 13 കോടിയോളം ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടാൻ കാരണക്കാരനായ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുക. തുടങ്ങിയവയാണ് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രധാന ആവശ്യങ്ങൾ.
രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും പ്രതിമാസം കുറഞ്ഞത് 42,000 രൂപ മിനിമം വേതനം ഉറപ്പാക്കണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർക്കാർ/അർദ്ധ സർക്കാർ ഓഫീസുകളിലെയും ഒഴിവുകൾ നികത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെയും പണിമുടക്കുകളെയും കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞു.









0 comments