Deshabhimani

കേരളവും കൊളംബിയയും ലാറ്റിൻ അമേരിക്കയും

Kerala, Colombia.jpg
avatar
ഡോ. വസിഷ്ഠ് എം സി

Published on Nov 04, 2026, 04:14 PM | 4 min read

'മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയ മാർക്വേസിനെക്കുറിച്ച് നന്ദിനി കേട്ടിട്ടുണ്ടാകും.' പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ എഴുതിയ 'ആയിരത്തിരണ്ടാം രാവ്' എന്ന മലയാള ചെറുകഥയിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണമാണ് മുകളിൽ ഉദ്ധരിച്ചത്.


കേരള-ലാറ്റിന്‍ അമേരിക്കന്‍ ബന്ധത്തിന്റെ ചരിത്രപശ്ചാത്തലം


കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ 2026ലെ നിർണ്ണായകമായ ഒരു സംഭവമായിരുന്നു ഫ്രാൻസിലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ 40 വർഷങ്ങൾക്ക് മുമ്പ് നിർമിക്കപ്പെട്ട മലയാള ചലച്ചിത്രം അമ്മ അറിയാന് ലഭിച്ച അംഗീകാരം. മലയാള ചലച്ചിത്രരംഗത്തെ അതികായകനായ, ഇതിഹാസമായ, സ്വന്തം പാതവെട്ടി തെളിയിച്ച ജോൺ എബ്രഹാമിന് വർഷങ്ങൾക്ക് ശേഷം വിശ്വ ചലച്ചിത്രമേളയിൽ ലഭിച്ച അർഹിക്കുന്ന അംഗീകാരമായിരുന്നു അത്.


അമ്മ അറിയാൻ എന്ന മലയാള സിനിമ ലോകചരിത്രത്തിലെ അപൂർവ്വസംഭവമായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ നിർമിക്കപ്പെട്ട ആദ്യത്തെ സിനിമ. പക്ഷേ ഈ സിനിമയുടെ മറ്റൊരു പ്രധാന സവിശേഷത ഇതിൽ ലാറ്റിൻ അമേരിക്കൻ കവിയും നോവൽ പ്രൈസ് ജേതാവുമായ പാബ്ലോ നെരൂദയുടെ കവിതകളുടെ ആവിഷ്‌കാരമുണ്ടായിരുന്നു. ഒരു മലയാളസിനിമയിൽ ആദ്യമായിട്ടാണ് ഒരു ലാറ്റിൻ അമേരിക്കൻ കവിയുടെ കവിതകൾ ആവിഷ്‌കരിക്കപ്പെടുന്നത്.


amma ariyaan


1986 നവംബർ മാസത്തിലാണ് പൊതുജനപങ്കാളിത്തത്തോടെ നിർമിക്കപ്പെട്ട അമ്മ അറിയാൻ പൊതുജനങ്ങൾക്ക് സൗജന്യമായി കേരളത്തിൽ പ്രദർശിപ്പിക്കപ്പെടാൻ തുടങ്ങിയത്. 1986 മെക്‌സിക്കൻ ലോകകപ്പ് കഴിഞ്ഞ ഏതാണ്ട് നാലു മാസങ്ങൾക്ക് ശേഷം മലയാളികളുടെ ദൃശ്യാനുഭവത്തെ മാറ്റിമറിച്ചൊരു സംഭവമായിരുന്നു 1986 ലെ മെക്‌സിക്കൻ ലോകകപ്പ്. മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന ലോകകപ്പ് ഉയർത്തിയത് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾക്ക് ഇന്നും മറക്കാനാവാത്ത ഒരു സംഭവമാണ്.


അമ്മ അറിയാൻ എന്ന ചലച്ചിത്രത്തിലെ നെരൂദയുടെ കവിതയുടെ ആവിഷ്‌കാരവും കേവലം യാദൃശ്ചികമായിരുന്നില്ല. 86 യഥാർത്ഥത്തിൽ അർജന്റീനയുടേയും മറഡോണയുടേയും ലോകകപ്പായിരുന്നു. അതായത് ലാറ്റിൻ അമേരിക്കൻ സാഹിത്യവും ലാറ്റിൻ അമേരിക്കൻ ഫുട്‌ബോളും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് മലയാളിയെ കീഴടക്കാൻ തുടങ്ങിയത്.


john abrahams amma ariyan.jpg

1970കൾക്ക് ശേഷമാണ് ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ കവിതകൾ തർജ്ജമകളുടെ രൂപത്തിൽ കേരളത്തിൽ മലയാളത്തിൽ പ്രചരിക്കാൻ തുടങ്ങിയത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ കവിതകൾ മലയാളസാഹിത്യത്തെ പ്രത്യേകിച്ചും കവിതയെന്ന സാഹിത്യശാഖയെ മാറ്റിമറിച്ചു, മലയാളത്തിൽ ഗദ്യകവിതയെന്ന ഒരു സാഹിത്യശാഖക്കും അത് തുടക്കം കുറിക്കുന്നതിന് കാരണമായി. ഒരു കാലത്ത് വൃത്തത്തിൽ കവിതയെഴുതുക എന്നതായിരുന്നു മലയാളകവികളുടെ പ്രവണതയെങ്കിൽ വൃത്തത്തെ നിരാകലിക്കലായിരുന്നു 70 കളിലും 80 കളിലും മലയാള കവികളുടെ പ്രധാന പ്രവൃത്തി.


ലാറ്റിനമേരിക്കൻ കവിതകൾക്ക് വേരോടാൻ പറ്റാവുന്ന അന്തരീക്ഷമാണ് 1970 കളിലും 1980 കളിലും കേരളത്തിൽ ഉണ്ടായിരുന്നത്. സങ്കീർണ്ണമായ മനുഷ്യന്റെ ജീവിതാവസ്ഥകൾ ആവിഷ്‌കരിക്കുന്ന കവിതകൾക്ക് വൃത്തവും അലങ്കാരവും വേണ്ടെന്ന തത്വം പരീക്ഷിക്കപ്പെട്ടത് മലയാളത്തിലെ ഗദ്യകവിതകളിലായിരുന്നു. ഇതിൽ ലാറ്റിനമേരിക്കൻ കവിതകളുടെ സ്വാധീനം വളരെ വ്യക്തവും പ്രകടവുമാണ്. ലാറ്റിനമേരിക്കൻ സാഹിത്യം മലയാളികൾക്ക് ഏറെ പരിചിതമായിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് 1986ലെ മെക്‌സിക്കൻ ലോകകപ്പ് മലയാളികൾ ടെലിവിഷനിലൂടെ ആസ്വദിക്കുന്നത്. മലയാളികളുടെ സൗന്ദര്യബോധത്തെ മാറ്റിമറിച്ചൊരു സംഭവമായിരുന്നു 1986 ലെ ലോകകപ്പ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളെയും മികച്ച ഫുട്‌ബോൾ മത്സരങ്ങളെയും അവർക്ക് ടെലിവിഷനിലൂടെ ആസ്വദിക്കാൻ സാധിച്ചു. മറഡോണയുടെ മാന്ത്രികപ്രകടനം മലയാളികളെ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളെയും വശീകരിച്ചു.


കൊളംബിയയും കേരളവും


ലോകത്തിന്റെ രണ്ട് വ്യത്യസ്ത കോണുകളിലായി സ്ഥിതി ചെയ്യുന്ന രണ്ട് ഭൂമിശാസ്ത്ര മേഖലകളാണ് കൊളംബിയയും കേരളവും. കൊളംബിയ തെക്കേ അമേരിക്കയിലാണ്, ജനങ്ങളുടെ ഔദ്യോഗിക ഭാഷ സ്പാനിഷ് ആണ്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം, കേരളത്തിലെ ജനങ്ങൾ ഒരു പ്രമുഖ ദ്രാവിഡ ഭാഷയായി കണക്കാക്കപ്പെടുന്ന മലയാളമാണ് സംസാരിക്കുന്നത്. (ദക്ഷിണേന്ത്യയിലെ ഭാഷകൾ ദ്രാവിഡ ഭാഷകൾ എന്നാണ് അറിയപ്പെടുന്നത്). ഉപരിപ്ലവമായി നോക്കുമ്പോൾ ഈ രണ്ട് വിദൂര ഭൂമിശാസ്ത്ര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഒന്നുമില്ല. എന്നാൽ കൊളംബിയയെയും കേരളത്തെയും ബന്ധിപ്പിച്ചത് രണ്ട് കാര്യങ്ങളാണ്. അവ ഫുട്ബോളും സാഹിത്യവുമാണ്.


gabriel-garcia-marquez-novel.jpg


കൊളംബിയ എന്നത് കേരളത്തിൽ ഏറെ പരിചിതമായ ഒരു പേരാണ്. കൊളംബിയൻ എഴുത്തുകാരും ഫുട്ബോൾ കളിക്കാരും കേരളത്തിൽ വളരെ ജനപ്രിയരാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തനും അറിയപ്പെടുന്നതുമായ കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വേസാണ്. കേരളത്തിലെ സാഹിത്യപ്രേമികൾക്ക് ഈ നോബൽ സമ്മാന ജേതാവിന്റെ കൃതികൾ വളരെ പരിചിതമാണ്. കൊളംബിയയുടെ ഔദ്യോഗിക ഭാഷയായ സ്പാനിഷിന് മലയാളികളുടെ അഥവാ കേരളത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളവുമായി യാതൊരു ബന്ധവുമില്ല. സ്വന്തം ഭാഷയിൽ എഴുതുന്ന ഏതൊരു മലയാളികൾക്കും ഏതൊരു എഴുത്തുകാരനും ഏറ്റവും പ്രിയപ്പെട്ട നോവലിസ്റ്റാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസ്. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും 1970 കളുടെ അവസാനം മുതൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുകയും ചെയ്തു. ഒരിക്കൽ ഒരു പ്രൈമറി സ്‌കൂൾ അധ്യാപകൻ തന്റെ വിദ്യാർഥികളോട് അവരുടെ പ്രിയപ്പെട്ട മലയാള എഴുത്തുകാരുടെ പേരുകൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ, രണ്ട് വിദ്യാർഥികൾ മാർക്വേസിനെ പരാമർശിച്ചു എന്നാണ് കഥ. ഈ അടുത്ത കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട, ഏറ്റവുമധികം ശ്രദ്ധേയമായ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, സമുദ്രശില എന്നീ നോവലുകളിൽ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ മാജിക്കൽ റിയലിസത്തിന്റെ സ്വാധീനം വളരെ പ്രകടവും വ്യക്തവുമാണ്.


higuita.jpg

സാഹിത്യത്തിനു പുറമേ, കൊളംബിയയെ കേരളവുമായി ബന്ധിപ്പിച്ച മറ്റൊരു പ്രധാന ഘടകം ഫുട്ബോളാണ്. കൊളംബിയൻ ഫുട്ബോൾ ടീമും ഫുട്ബോൾ കളിക്കാരും കേരളത്തിലെ ഫുട്ബോൾ കളിക്കാരേക്കാൾ വളരെ ജനപ്രിയരാണ്. കേരളത്തിലെ ഏറ്റവും ജനപ്രിയരായ കൊളംബിയൻ ഫുട്ബോൾ കളിക്കാർ ഹിഗ്വിറ്റ (ജോസ് റെനെ ഹിഗ്വിറ്റ സപാറ്റ), വാൽഡെറാമ (കാർലോസ് ആൽബെർട്ടോ വാൽഡെറാമ പാലാസിയോ), എസ്‌കോബ (ആൻഡ്രസ് എസ്‌കോബാർ സാൽഡാരിയാഗ) തുടങ്ങിയവർ ആണ്. എൻ എസ് മാധവന്റെ 'ഹിഗ്വിറ്റ' എന്ന പ്രശസ്തമായ മലയാള ചെറുകഥയുണ്ട്. മലയാള ഭാഷയിൽ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പത്ത് ചെറുകഥകളിൽ ഒന്നായി ഹിഗ്വിറ്റ കണക്കാക്കപ്പെടുന്നു. ചെറുകഥയുടെ മുഴുവൻ ഇതിവൃത്തവും ഹിഗ്വിറ്റയുടെ പെനാറ്റ്ലി ബോക്സ് മുറിച്ചുകടന്ന് ഒരു പ്രതിരോധക്കാരന്റെ വേഷം ചെയ്യുന്ന ശീലത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതേ പേരിൽ ഒരു മലയാള സിനിമയുമുണ്ട്. (ഹേമനാഥ് ജി നായർ സംവിധാനം ചെയ്ത 2023 ലെ മലയാളം സിനിമയാമാണ് ഹിഗ്വിറ്റ).


മലയാളികളെ ഏറെ അലട്ടിയ ഒരു സംഭവമാണ് എസ്‌കോബാറിന്റെ ദുരന്തം. എസ്‌കോബാറിന്റെ കഥാപാത്രം 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' (2019) എന്ന മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. കൊളംബിയൻ ഫുട്ബോൾ ടീമിനൊപ്പം, ബ്രസീൽ, അർജന്റീന തുടങ്ങിയ ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ടീമുകളും ഫുട്ബോൾ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. കേരളവും കൊളംബിയയും തമ്മിലുള്ള 'ഹണിമൂൺ: ഇതുവരെ അവസാനിച്ചിട്ടില്ല. അത് ഇപ്പോഴും തുടരുകയാണ്. യഥാർത്ഥത്തിൽ ഇത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സാംസ്‌കാരിക ശീലങ്ങളും രീതികളും ഒരേപോലെയുള്ള അകന്നുപോയ രണ്ട് ജനതകളുടെ ജീവിതമാണ്, കഥയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home