ചേരാനെല്ലൂർ വാഹനക്കുരുതി; പ്രതിയുടെ ഇൻസ്റ്റാഗ്രാം വിവരങ്ങൾ നീക്കം ചെയ്തു, തെളിവ് നശിപ്പിച്ചത് പൊലീസ്?

കൊച്ചി: ചേരാനെല്ലൂർ വാഹനക്കുരുതിയിൽ തെളിവ് നശിപ്പിക്കാൻ മുൻകൈയെടുത്തത് പൊലീസ്. സ്റ്റേഷൻ ജാമ്യം ലഭിച്ചശേഷമാണ് 17 കാരന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പൂട്ടിയത്. അതിനും ഒരു ദിവസത്തിന് ശേഷമാണ് നിർണായക വിവരങ്ങൾ ലഭിക്കാനിടയുള്ള 17 കാരന്റെ ഫോൺ തെളിവായി സ്വീകരിച്ചത്.
ഫോണിലും ഇൻസ്റ്റഗ്രാമിലുമായി ഉണ്ടാവാനിടയില്ല തെളിവുകൾ നശിപ്പിക്കാനാവശ്യമായ സമയം നൽകിയശേഷമാണ് പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്ത എന്ന ആക്ഷേപമുണ്ട്. കൂടാതെ കാറിൽ നിന്ന് ജഡ്ജി ബോർഡ് മാറ്റിയത് പൊലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു.
അപകടത്തിന് തൊട്ടുപിന്നാലെ പൊലീസ് ഉന്നതരെ ജഡ്ജി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അത് തെളിവ് നശിപ്പിക്കാനുള്ള നിർദേശം നൽകാനാണെന്ന കാര്യത്തിലും സംശയമുണ്ട്. അതേസമയം, കേസിൽ സർക്കാരിനും പ്രോസിക്യൂഷനുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
അഡീഷണൽ ജഡ്‌ജിയുടെ മകനായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിലെ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ക്രിമിനൽ അപ്പീലിന് പകരം, ക്രിമിനൽ അപേക്ഷയാണ് സർക്കാർ കോടതിയിൽ നൽകിയത്.
പ്രോസിക്യൂഷന്റെ അപ്പീൽ അപേക്ഷയിൽ 17കാരന്റെ പേര് ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി. 17-കാരന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് എങ്ങനെ അപ്പീൽ ഫയൽ ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. ഇങ്ങനെയാണോ പെറ്റീഷൻ ഫയൽ ചെയ്യേണ്ടതെന്നും 17-കാരന്റെ വിവരങ്ങൾ പങ്കുവയ്ക്കാതെ പുതിയ അപ്പീൽ നൽകാനും കോടതി നിർദേശിച്ചു.
വിവരങ്ങൾ പങ്കുവയ്ക്കുന്നത് രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും കോടതി പറഞ്ഞു. സർക്കാരും പൊലീസും ചേർന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സംഭവസമയം മുതലേ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.









0 comments