Deshabhimani

സർക്കാർ തെറ്റിധരിപ്പിക്കുന്നു, നടക്കുന്നത് പിൻവാതിൽ നിയമനം; മുഖ്യമന്ത്രിക്ക് മറുപടിയുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്

valarmathi
വെബ് ഡെസ്ക്

Published on Nov 04, 2026, 03:48 PM | 2 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. ഞങ്ങളുടെ കാര്യം കേട്ട് കണ്ണീർ വന്ന സർക്കാർ ആണ് എന്റെ പേരിൽ മൂന്ന് കേസ് എടുത്തതെന്നും വളർമതി ചോദിച്ചു.


ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ സാമ്പത്തിക ബാധ്യത എന്നാണ് സർക്കാർ പറയുന്നത് എന്നാൽ സാമ്പത്തിക ബാധ്യതയുടെ രേഖകൾ പുറത്തുവിടാൻ നിങ്ങൾക്ക് കഴിയുമോ എന്നും വളർമതി ചോദിച്ചു. ‘ഞങ്ങൾ ദരിദ്രരാണ് ‘എന്തൊക്കെ പണം നിങ്ങൾ ധൂർത്തെടിച്ചു കളയുന്നു? എയ്ഡഡ് സ്കൂളുകളെ നിയന്ത്രിക്കുന്ന ഏത് വിഷയം ഉണ്ടായാലും പരിഹാര നടത്താൻ സർക്കാരിന് സാധിക്കുന്നുണ്ടല്ലോ. സാധാരണക്കാരെ തഴയുന്ന സമീപനമാണിതെന്നും വളർമതി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.


സ്കൂളുകളിലെ അധ്യാപക തസ്തികകളും നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി. കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതിനെ തുടർന്ന് എണ്ണൂറോളം അധ്യാപകർക്കാണ് നിലവിൽ പുറത്തുപോകേണ്ടി വന്നതെന്നും ഒന്നാം ക്ലാസിൽ മാത്രം ലക്ഷത്തിലധികം കുട്ടികളുടെ കുറവുണ്ടായെന്ന വിവരങ്ങൾ നിയമസഭയിൽ സർക്കാർ തന്നെ നൽകിയതാണെന്നും സമരസമിതി നേതാവ് വളർമതി ചൂണ്ടിക്കാട്ടി.


അധ്യാപകരുടെ തസ്തിക നഷ്ടപ്പെടുന്നതും റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ പുറന്തള്ളുന്നതും തടയാൻ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. സമരസമിതി നേതാവ് വളർമതി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് സർക്കാരിന്റെ കണക്കുകളും നിലപാടുകളും അക്കമിട്ട് നിരത്തി പ്രതിഷേധം അറിയിച്ചത്.


അധ്യാപകരെ പുറത്താക്കി ഒരിടത്ത് മാറ്റിനിർത്തുന്നതിന് പകരം, 1:25 എന്ന അനുപാതത്തിലേക്ക് റേഷ്യോ കുറച്ചുകൊണ്ട് അവരെ നിലവിലുള്ള സ്കൂളുകളിൽ തന്നെ പുനർവിന്യസിക്കുകയാണ് വേണ്ടത്. എൽപിഎസ്ടിയിൽ ഈ റേഷ്യോ അംഗീകരിച്ചാൽ എൽപി, യുപി വിഭാഗങ്ങളിലും ഇത് ബാധകമാക്കേണ്ടി വരുമെന്ന ഭയത്താലാണ് സർക്കാർ ഇതിന് തയ്യാറാകാത്തത്.


വിഷയം പഠിക്കാൻ സർക്കാർ ചോദിച്ച 45 ദിവസത്തെ സമയം പൂർത്തിയായിട്ടും എച്ച്ടിവി വിഷയത്തിലോ റേഷ്യോ കുറയ്ക്കുന്നതിലോ എന്ത് തീരുമാനമെടുത്തു എന്ന് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഏത് കമ്മീഷനാണ് ഇത് പഠിച്ചതെന്നും എന്തൊക്കെ കണ്ടെത്തലുകളാണ് ഉണ്ടായതെന്നും സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു.


തങ്ങൾ ആർടിഐ വഴി എല്ലാ ഉപജില്ലകളിൽ നിന്നും ജില്ലകളിൽ നിന്നും കൃത്യമായ ഡാറ്റ ശേഖരിച്ചിട്ടും, വിരൽതുമ്പിൽ വിവരങ്ങളുള്ള സർക്കാരിന് അത് സാധിക്കാത്തത് ഉദ്യോഗാർത്ഥികളോടുള്ള അവഗണനയാണ്. റേഷ്യോ 25 ആയി കുറച്ചാൽ ഗവൺമെന്റ് സ്കൂളുകളിൽ എത്ര അധിക തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അതിന് എത്ര തുക അധിക സാമ്പത്തിക ബാധ്യത വരും എന്നതിന്റെ വ്യക്തമായ ഡാറ്റ മാധ്യമങ്ങൾക്കു മുന്നിൽ വയ്ക്കാൻ സർക്കാരിന് സാധിക്കുന്നില്ല. വെറുതെ സാമ്പത്തിക ബാധ്യത എന്ന് പറഞ്ഞ് ഒഴിയുന്നത് ന്യായീകരിക്കാനാവില്ലെന്നും വളർമതി പറഞ്ഞു.


പണം നൽകി ജോലിയിൽ കയറാൻ സാധിക്കാത്ത സാധാരണക്കാരായ ഉദ്യോഗാർഥികളാണ് റാങ്ക് ലിസ്റ്റിലുള്ളത്. ടിടിസി, ഡിഎൽഎഡ്, ബിഎഡ്, എംഎഡ് യോഗ്യതകളുള്ളവർ റാങ്ക് ലിസ്റ്റിൽ പുറത്തുനിൽക്കുമ്പോൾ മറ്റു ചിലർക്ക് ജോലിയിൽ പ്രവേശിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നും, ഭിന്നശേഷി നിയമനങ്ങൾ പോലും അട്ടിമറിച്ചാണ് നിയമനങ്ങൾ നടക്കുന്നതെന്നും സമരസമിതി ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home