ad
Deshabhimani

print edition ‘അനന്ത വർഷം’; ലോകകപ്പ് കഴിഞ്ഞ് അനന്തപദ്മനാഭൻ ഇനി ഐപിഎല്ലിലേക്ക്

sports

കെ എൻ അനന്തപദ്മനാഭൻ

avatar
പ്രദീപ്‌ ഗോപാൽ

Published on Mar 27, 2026, 04:02 AM | 2 min read

ക്രിക്കറ്റ്‌ കളത്തിലെ ‘രണ്ടാം ഇന്നിങ്‌സ്‌ ’ ആസ്വദിക്കുകയാണ്‌ കെ എൻ അനന്തപത്‌മനാഭൻ. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ തിരക്കുകൾ കഴിഞ്ഞു. ഇനി ഐപിഎൽ മേളം. ലോകകപ്പ്‌ മത്സരം നിയന്ത്രിച്ച ആദ്യ മലയാളിയെന്ന അഭിമാന നേട്ടത്തിന്റെ സന്തോഷത്തിലാണ്‌. സ്വന്തം നാട്ടിൽ ആദ്യമായി ഒരു മത്സരം നിയന്ത്രിക്കാനായതും ഇ‍ൗ വർഷമാണ്‌. കേരളത്തിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌ താരങ്ങളിലൊരാളായിരുന്നു അനന്തൻ. ഒരുകാലത്ത്‌ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്ന ലെഗ്‌ സ്‌പിന്നർ. പന്ത്‌ കൊണ്ട്‌ മാത്രമല്ല, ബാറ്റിലും മിന്നിയ താരം. പക്ഷേ, ദേശീയ കുപ്പായത്തിൽ ഒരിക്കലും അനന്തന്‌ കളിക്കാനായില്ല. നിർഭാഗ്യങ്ങളെ പഴിക്കാതെ, ആരെയും കുറ്റപ്പെടുത്താതെ അനന്തൻ കളി ജീവിതം മുന്നോട്ടുകൊണ്ടുപോയി. ക്രിക്കറ്റുമായുള്ള ആത്മബന്ധം മറ്റൊു മേഖലയിലാണ്‌ എത്തിച്ചത്‌. സൂക്ഷ്‌മതയും കൃത്യതയും വേണ്ട അന്പയറിങ്ങിൽ. ആ മേഖലയിലും തിരുവനന്തപുരത്തുകാരൻ തന്റെ മുദ്ര ചാർത്തി. അനന്തപത്‌മനാഭന്റെ വിശേഷങ്ങളിലേക്ക്‌.


ലോകകപ്പ്‌ അനുഭവം ​


ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു. ലോകകപ്പ്‌ കളത്തിലേക്ക്‌ ഇറങ്ങുന്നത്‌ തന്നെ ആവേശമായിരുന്നു. അഭിമാന നിമിഷം എന്നൊക്കെ പറയില്ലേ, ആ അവസ്ഥ. ആകെ ഏഴ്‌ കളിയിലായിരുന്നു ചുമതല. മൂന്ന്‌ മത്സരങ്ങളിൽ ഫീൽഡ്‌ അന്പയറായി. നാലെണ്ണത്തിൽ നാലാം അന്പയർ. ചെന്നൈയിൽ നടന്ന അമേരിക്ക–നെതർലൻഡ്‌സ്‌ മത്സരമായിരുന്നു ആദ്യത്തേത്‌.


അന്പയറിങ്ങിലേക്ക്‌


മുപ്പത്തഞ്ചാം വയസിലാണ്‌ ക്രിക്കറ്റിൽനിന്ന്‌ വിരമിക്കുന്നത്‌. മുപ്പത്തൊന്ന്‌ വയസാകുന്പോഴേക്കും ഇന്ത്യൻ ടീമിലേക്കുള്ള സാധ്യതകൾ ഏറെക്കുറെ അവസാനിച്ചിരുന്നു. വിരമിച്ചാലും ക്രിക്കറ്റിന്റെ ഭാഗമായി തുടരണമെന്നായിരുന്നു ആഗ്രഹം. പരിശീലകൻ അല്ലെങ്കിൽ അന്പയർ ഇതായിരുന്നു ലക്ഷ്യം. കോച്ചിങ്‌ ലെവൽ 2 പാസായി. ഒപ്പം അന്പയറിങ്‌ പരീക്ഷയും ജയിച്ചു. കോച്ചിങ്‌ ഒരു ഘട്ടം കഴിഞ്ഞാൽ മുകളിലേക്കുള്ള പോക്ക്‌ ബുദ്ധിമുട്ടാകും. കേരളത്തിൽ ഒതുങ്ങുമെന്ന്‌ തോന്നി. തുടർന്നാണ്‌ അന്പയറിങ്‌ തെരഞ്ഞെടുക്കുന്നത്‌.


വഴിത്തിരിവ്‌ ​


2006ലാണ് ആദ്യമായി അന്പയറായി അരങ്ങേറുന്നത്‌. തുടർന്ന്‌ ആഭ്യന്തര മത്സരങ്ങൾ നിയന്ത്രിച്ചു. 2020ൽ രാജ്യാന്തര ക്രിക്കറ്റ്‌ ക‍‍ൗൺസിലിന്റെ (ഐസിസി) എലൈറ്റ്‌ പാനലിൽ ഉൾപ്പെട്ടു. 2021ലായിരുന്നു ആദ്യ രാജ്യാന്തര മത്സരം. കോവിഡ്‌ സമയത്തായിരുന്നു അത്‌. ഇന്ത്യ–ഇംഗ്ലണ്ട്‌ ട്വന്റി20. ​


കളിക്കാരൻ, അന്പയർ


കളിക്കുന്നതാണ്‌ ഏറ്റവും ആവേശകരം. കളിയുമായുള്ള ആത്മബന്ധമാണ്‌ അന്പയറിങ്ങിലേക്ക്‌ എത്തിച്ചത്‌. രണ്ടും രണ്ടാണ്‌. അന്പയറിങ്‌ മറ്റൊരു മേഖലയാണ്‌. കളിക്കുന്പോൾ കിട്ടുന്ന ആനന്ദം മത്സരം നിയന്ത്രിക്കുന്പോൾ കിട്ടില്ല. ​


നിർണായക തീരുമാനങ്ങൾ


അന്പയറിങ്ങിൽ എല്ലാ തീരുമാനങ്ങളും നിർണായകമാണ്‌. നിർണായക ഘട്ടം എന്നൊന്ന്‌ അന്പയറിങ്ങിൽ ഇല്ല. ചിലപ്പോൾ കളിയുടെ ഏറ്റവും സംഭവബഹുലമായ സമയത്ത്‌ തീരുമാനമെടുക്കാനായിരിക്കും ഏറ്റവും എളുപ്പം.അതേസമയം, കളി തുടങ്ങുന്പോഴുള്ള ഇന്നിങ്‌സിലെ ആദ്യ പന്ത്‌ വെല്ലുവിളിയാകും. പ്രത്യേകിച്ച്‌ സ്‌റ്റേഡിയം നിറയെ ആളുകളും ആരവമുള്ള ഘട്ടങ്ങളിൽ. തെറ്റുകൾ മനുഷ്യസഹജമാണ്‌. ഡിആർഎസ്‌ ഉള്ളത്‌ കൊണ്ട്‌ നമ്മുടെ ഒരു തീരുമാനം ടീമിന്‌ നഷ്ടമുണ്ടാക്കുന്നില്ല. സാങ്കേതിക വിദ്യ ഗുണം ചെയ്യുന്നുണ്ട്‌.

ഇന്ത്യൻ കുപ്പായം


17 വർഷമാണ്‌ കേരളത്തിനായി കളിച്ചത്‌. ഇന്ത്യൻ ടീമിൽ കളിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, നിരാശയില്ല. നമ്മൾ നമ്മുടെ കാര്യം മാത്രം ചിന്തിക്കുന്നതുകൊണ്ടാണ്‌ നിരാശയുണ്ടാകുക. അക്കാലത്ത്‌ ഒട്ടേറെ മികച്ച കളിക്കാരുണ്ടായിരുന്നു. എല്ലാ ഘടകങ്ങളും ഒത്തുവരുന്പോഴാണ്‌ അവസരം കിട്ടുക. കളിയിൽ മികച്ചത്‌ എന്നൊന്നില്ല. എല്ലാം അതിന്റെ സമയത്ത്‌ നടക്കുമെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാൻ. രഞ്‌ജിയിൽ എന്റെ കാലത്തൊക്കെ തമിഴ്‌നാട്‌, കർണാടക, ആന്ധ്ര എന്നീ വന്പൻമാരുൾപ്പെട്ട ദക്ഷിണമേഖല ഗ്രൂപ്പിലായിരുന്നു കേരളം. മുന്നോട്ടുകയറിവരാൻ ബുദ്ധിമുട്ടായിരുന്നു. ​


സഞ്‌ജു, കേരളം


ടീമിന്‌ വേണ്ടി കളിക്കുന്ന കളിക്കാരനാണ്‌ സഞ്‌ജു. ലോകകപ്പിൽ അസാമാന്യ പ്രകടനമായിരുന്നു. വേണമെങ്കിൽ മൂന്ന്‌ കളിയിലും സെഞ്ചുറിക്ക്‌ വേണ്ടി കളിക്കാമായിരുന്നു. പക്ഷേ, സഞ്‌ജു വ്യക്തിഗത നേട്ടത്തിനായി കളിച്ചില്ല. ട്വന്റി20യിൽ ഇന്ത്യ വളരെ മികച്ച സംഘമാണ്‌. ലോകകപ്പിൽ നമുക്ക്‌ ഇതുവരെ ശ്രീശാന്തിന്റെ ക്യാച്ചായിരുന്നു ഓർക്കാനുണ്ടായിരുന്നത്‌. ​


ഐപിഎൽ


2010ലായിരുന്നു തുടക്കം. അന്ന്‌ നാലാം അന്പയറായിരുന്നു. 2017ൽ ആദ്യമായി ഫീൽഡ്‌ അന്പയറായി. ഇക്കുറി ആദ്യ ഘട്ടത്തിൽ അഞ്ച്‌ കളികളാണ്‌. ഇതിൽ രണ്ട്‌ മത്സരങ്ങളിൽ ഫീൽഡ്‌ അന്പയറാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home