സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുൽ; പ്രതികാരം വീട്ടിയെന്ന് സോഷ്യൽ മീഡിയ

ലഖ്നൗ: ഡൽഹി ക്യാപിറ്റൽസ് എട്ടു വിക്കറ്റിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്കയുടെയും കെ എൽ രാഹുലിന്റെയും ദൃശ്യങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മത്സരശേഷം ഹസ്തദാനത്തിനിടെ രാഹുൽ ഗോയങ്കയെ അവഗണിച്ച ദൃശ്യങ്ങളാണ് വൈറലായത്.
കഴിഞ്ഞ സീസണിൽ ലക്നൗവിന്റെ നായകനായിരുന്ന രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ശാസിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ പുതിയ വീഡിയ്ക്ക് ‘ആ കണക്ക് തീർന്നു‘, ‘രാഹുലിന്റെ പ്രതികാരം’ തുടങ്ങിയ കമന്റുകൾ നിറഞ്ഞു. മത്സരത്തിൽ 42 പന്തിൽ നിന്ന് 57 റൺസുമായി ഡൽഹിയെ വിജയത്തിലെത്തിച്ചത് രാഹുലായിരുന്നു. ലക്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 17.5 ഓവറിലാണ് ഡൽഹി മറികടന്നത്.
കഴിഞ്ഞ സീസണിൽ ഹൈദരാബാദുമായുള്ള മത്സര ശേഷം രാഹുലിനോട് ദേഷ്യപ്പെടുന്ന സഞ്ജീവിന്റെ ദൃശ്യങ്ങളാണ് അന്ന് പ്രചരിച്ചത്. സഞ്ജീവിനു മുന്നിൽ രാഹുൽ മറുപടിയില്ലാതെ നിൽക്കുന്ന രാഹുലിനെയും കാണാം. ഇതിനു പിന്നാലെ സഞ്ജീവിനെതിരേ വലിയ തോതിൽ ആരാധക രോഷമുണ്ടായിരുന്നു. പിന്നാലെ കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന രാഹുലിനെ ഇത്തവണ ലേലത്തിനു മുൻപ് ലക്നൗ റിലീസ് ചെയ്തു.
അതേസമയം ഐപിഎൽ ചരിത്രത്തിൽ വേഗത്തിൽ 5000 റൺസ് സ്വന്തമാക്കുന്ന താരമായി കെ എൽ രാഹുൽ മാറി. തന്റെ 130-മത്തെ മത്സരത്തിലാണ് താരം 5000 റൺസിലെത്തിയത്. 135 മത്സരത്തിൽ നിന്ന് 5000 റൺസ് നേടിയ ഡേവിഡ് വാർണറിനെയാണ് രാഹുൽ മറികടന്നത്.









0 comments