Deshabhimani

print edition രഞ്‌ജിട്രോഫി ക്രിക്കറ്റ്‌; കേരളത്തിന്‌ 
സമനില

renji

Photo:Sportstar

വെബ് ഡെസ്ക്

Published on Oct 15, 2026, 12:43 AM | 1 min read

ജംഷഡ്പൂർ : കേരളവും ജാർഖണ്ഡും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 192 റൺ ലീഡ്‌ വഴങ്ങിയ കേരളം ഫോളോഓൺ ചെയ്‌ത്‌ വീണ്ടും ബാറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 62 റണ്ണെന്ന നിലയിൽ കളി സമനിലയിൽ അവസാനിപ്പിച്ചു.


സ്‌കോർ: ജാർഖണ്ഡ്‌ 587, കേരളം 395, 62/2. ആറ് വിക്കറ്റിന് 269 റണ്ണെന്ന നിലയിൽ അവസാന ദിവസം കളി പുനരാരംഭിച്ച കേരളത്തിന് ആദിത്യ സർവാതെയുടെയും (95) സൽമാൻ നിസാറിന്റെയും (43) ചെറുത്തുനിൽപ്പാണ്‌ തുണയായത്‌. ഇരുവരും ഏഴാം വിക്കറ്റിൽ 104 റൺ കൂട്ടിച്ചേർത്തു. സ്‌പിന്നർ മനീഷിയാണ്‌ സൽമാന്റെ വിക്കറ്റെടുത്തത്‌.


ഏദൻ ആപ്പിൾ ടോം മൂന്ന് റണ്ണെടുത്ത് പുറത്തായി. ഒരറ്റത്ത്‌ ഉറച്ചുനിന്ന കേരളത്തിന്റെ മറുനാടൻ ഓൾറ‍ൗണ്ടർ ആദിത്യ സർവാതെ സെഞ്ചുറിക്ക് അഞ്ച്‌ റണ്ണകലെ മടങ്ങി. 135 പന്തിൽ 14 ഫോറും ഒരു സിക്‌സറുമടിച്ച സർവാതെ ഉത്കർഷ് സിങ്ങിന്റെ പന്തിൽ റോബിൻ മിൻസ്‌ പിടിച്ചാണ്‌ പുറത്തായത്‌.


ജാർഖണ്ഡിനായി ഉത്കർഷും മനീഷിയും നാല് വിക്കറ്റ് വീതം നേടി. രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി ഒന്നാം ഇന്നിങ്സിലെ സെഞ്ചുറിക്കാരൻ അഭിഷേക്‌ നായർ 23 റണ്ണുമായി പുറത്താകാതെനിന്നു. രോഹൻ കുന്നുമ്മലിന്റെയും (1) സച്ചിൻ ബേബിയുടെയും (37) വിക്കറ്റുകളാണ്‌ നഷ്‌ടമായത്‌.


കളിയിൽ 71 റണ്ണും അഞ്ച്‌ വിക്കറ്റുമെടുത്ത ഉത്‌കർഷ്‌ സിങ്ങാണ്‌ കളിയിലെ താരം. ലീഡിന്റെ മികവിൽ ജാർഖണ്ഡിന്‌ മൂന്നും സമനിലവഴി കേരളത്തിന്‌ ഒരുപോയിന്റും ലഭിച്ചു. കേരളം ഞായറാഴ്‌ച ഒഡിഷയെ നേരിടും. തിരുവനന്തപുരത്താണ്‌ കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home