ക്യാൻവാസിൽ ജീവിതംവരച്ച് മാധവി

കാഞ്ഞങ്ങാട് നാലുചുവരുകൾക്കുള്ളിലെ ഒതുങ്ങിയിരുന്ന സാധാരണ ജീവിതത്തിൽനിന്ന് ഓർമകളുടെയും നിറങ്ങളുടെയും ലോകത്തേക്ക് കടന്നുവന്ന് വേറിട്ട മാതൃകയാവുകയാണ് കെ മാധവി. ജീവിതത്തിൽ അപ്രതീക്ഷിതമായെത്തിയ വേർപാടുകളുടെ വേദനയിലും ഏകാന്തതയിലുമാണ് 56-ാം വയസ്സിൽ മാധവി ചിത്രരചനയിലേക്ക് തിരിയുന്നത്. ഭർത്താവിന്റെയും അമ്മയുടെയും ആകസ്മിക വേർപാട് സൃഷ്ടിച്ച വലിയ ശൂന്യതയിലും ഉറക്കമില്ലാത്ത രാത്രികളിലുമാണ് മാധവി കൈയിൽ കിട്ടുന്ന പേപ്പറുകളിലും പത്രങ്ങളിലുമുള്ള ചിത്രങ്ങൾ നോക്കി വരച്ചുതുടങ്ങിയത്. വെറുമൊരു നേരംപോക്കിനായി ചെയ്തുതുടങ്ങിയ ഈ വരകളിൽ പ്രൊഫഷണൽ ചിത്രകാരന്മാരെപ്പോലെയുള്ള കൈവഴക്കം മക്കൾ തിരിച്ചറിയുകയായിരുന്നു. മക്കളുടെ പ്രോത്സാഹനം കൂടിയായതോടെ കടലാസ് കഷ്ണങ്ങളിൽനിന്നുള്ള വരകൾ ക്യാൻവാസുകളിലേക്ക് മാറി. ചിത്രകാരന്മാരായ വിനോദ് അമ്പലത്തറ, പ്രസാദ് കാനത്തുങ്കാൽ, സന്തോഷ് ഐറിസ് എന്നിവർ മാധവിയമ്മയുടെ മക്കളാണ്. താൻ ജീവിച്ച മണ്ണുമായും ബാല്യകാല ഓർമ്മകളുമായും ആഴത്തിൽ ബന്ധമുള്ള ചിത്രങ്ങളാണ് മാധവിയമ്മയുടെ ഓരോ ക്യാൻവാസിലും തെളിയുന്നത്. പൂരോത്സവം, പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ, കൊയ്ത്തുകാലം, കശുമാങ്ങക്കാലം, വാറ്റുചാരായം ഉണ്ടാക്കുന്നവർ, വയറ്റാട്ടികൾ, കൃഷിയിടം, ഞാറ്റുവേലകൾ, പഴയകാല ഉപകരണങ്ങൾ, ഔഷധസസ്യങ്ങൾ, വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ നന്മകൾ മാധവിയമ്മ ഓർമയിൽനിന്ന് തനിമ ചോരാതെ പകർത്തിയിട്ടുണ്ട്. ഇത്തരത്തിൽ വരച്ച നൂറിലധികം പെയിന്റിങ്ങുകൾ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനത്തിലേക്കും പെയിന്റിങ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അക്കാദമിയുടെ പ്രദർശനത്തിനുള്ള സാമ്പത്തിക ഗ്രാന്റും ഇവർക്ക് ലഭിച്ചു. ചിത്രങ്ങളുടെ പ്രദർശനം ‘കുർമാണ' എന്ന പേരിൽ 17 മുതൽ 23 വരെ കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും.








0 comments