മൂവാറ്റുപുഴ നഗരസഭ ഓണാഘോഷം
കണക്ക് അവതരണം കണ്ണിൽപ്പൊടിയിടാനെന്ന് എൽഡിഎഫ്

മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷത്തിന്റെ കണക്ക് അവതരണം ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനെന്ന് എൽഡിഎഫ് കൗൺസിലർമാർ. നഗരസഭ ‘ത്രിവേണിയോണം' പേരിൽ നടത്തിയ ഓണാഘോഷം കഴിഞ്ഞ് ഒന്നരമാസമായെങ്കിലും കൗൺസിലിൽ കണക്ക് അവതരിപ്പിച്ചിരുന്നില്ല.
ബുധനാഴ്ച ചേർന്ന യോഗത്തിൽ ഓണാഘോഷത്തിന്റെ കണക്ക് അവതരണം അജൻഡയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ഇത് അവതരിപ്പിക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. തുടർന്നാണ് ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി തട്ടിക്കൂട്ടിയ കണക്കുമായെത്തിയത്. 27,63,339 രൂപ വരവും 43,11,969 രൂപ ചെലവും സ്വാഗതസംഘം അക്കൗണ്ടിൽ ബാക്കി മൂന്നുലക്ഷം രൂപയുമുണ്ടെന്നാണ് കണക്ക്.
സർക്കാർ, ടൂറിസംവകുപ്പ് സഹായം ഇതുവരെ ലഭിച്ചില്ല. സ്പോൺസർമാരുടെ ഉൾപ്പെടെ സംഭാവന പൂർണമായി ലഭിക്കാനുണ്ടെന്നും പറയുന്നു. അതേസമയം, കണക്ക് രേഖാമൂലം സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി.
രേഖാമൂലമുള്ള വ്യക്തമായ കണക്ക് അവതരിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.
കണക്കിന്റെ പകർപ്പ് കൗൺസിലർമാർക്ക് നൽകിയില്ല. പ്രതിപക്ഷ എതിർപ്പിനിടെ വോട്ടിനിട്ട് കണക്ക് അംഗീകരിച്ചു. വള്ളംകളി, ആകാശവിസ്മയം എന്ന പേരിൽ ഹെലികോപ്റ്റർ യാത്ര, ജെൻസിയോണം ഡിജെ, കലാമത്സരങ്ങൾ, വടംവലി തുടങ്ങിയവ വൻതുക മുടക്കിയാണ് നടത്തിയത്. ചെയർപേഴ്സന്റെ സ്വന്തം തീരുമാനത്തിലാണ് നടത്തിയതെന്ന് യുഡിഎഫിലും ആക്ഷേപം ഉയർന്നിരുന്നു.








0 comments