print edition സയ്യിദ് മുഷ്‌താഖ് അലി ട്രോഫി: കേരളത്തിന് വമ്പൻ ജയം

എം ഡി നിധീഷ്
ചണ്ഡീഗഢ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ കേരളം മഹാരാഷ്‌ട്രയെ 94 റണ്ണിന് തകർത്തു. ബാറ്റും പന്തും സമർഥമായി ഉപയോഗിച്ച ടീം ആധികാരിക ജയമാണ് സ്വന്തമാക്കിയത്. നാല് ഓവറിൽ 27 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത പേസ് ബൗളർ എം ഡി നിധീഷാണ് ‘മാൻ ഓഫ് ദി മാച്ച്’.
വിജയം ലക്ഷ്യമിട്ട മഹാരാഷ്‌ട്ര 25 പന്തിൽ 37/5 എന്ന സ്‌കോറിലേക്ക് വീണതോടെ തിരിച്ചുവരവ് സാധ്യമായില്ല. നിധീഷിന് പിന്തുണയുമായി സ്‌പിന്നർ ബിജു നാരായണൻ മൂന്ന് വിക്കറ്റെടുത്തു. ആസിഫും കാർതിക് ബി നായരും ഓരോന്ന് നേടി. മഹാരാഷ്‌ട്ര ബാറ്റർമാരിൽ 28 റണ്ണെത്ത രാമകൃഷ്‌ണ ഘോഷാണ് ടോപ്‌സ്‌കോറർ. സ്‌കോർ: കേരളം 211/8, മഹാരാഷ്‌ട്ര 117(16).
ഓപ്പണർ രോഹൻ കുന്നുമ്മലാണ് ബാറ്റുകൊണ്ട് കേരളത്തെ നയിച്ചത്. 47 പന്തിൽ 75 റണ്ണെടുത്തപ്പോൾ ഒമ്പത് ഫോറും മൂന്ന് സിക്‌സറും ഉൾപ്പെട്ടു. നാലാമതായി ഇറങ്ങിയ ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ 16 പന്തിൽ 47 റണ്ണടിച്ചു. അഞ്ച് സിക്‌സറും മൂന്ന് ഫോറും നിറംപകർന്ന ഇന്നിങ്സ്. മുഹമ്മദ് അസ്‌ഹറുദീൻ (1), അഹമ്മദ് ഇമ്രാൻ (13), വിഷ്‌ണു വിനോദ്(19) എന്നിവർ തിളങ്ങിയില്ല. 29 റണ്ണുമായി സൽമാൻ നിസാർ പുറത്താകാതെനിന്നു. രോഹനും സഞ്‌ജുവും ചേർന്ന് 66 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇമ്രാനൊപ്പം 47 റണ്ണിന്റെയും വിഷ്‌ണുവിനൊത്ത് 44 റണ്ണിന്റെയും സഖ്യമുണ്ടാക്കിയ രോഹന്റെ ഇന്നിങ്സ് സ്‌കോർ 200 കടക്കാൻ സഹായിച്ചു.
ആദ്യ കളിയിൽ മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റ കേരളം നാല് പോയിന്റുമായി നാലാമതാണ്. നാളെ ആന്ധ്രപ്രദേശിനെ നേരിടും.









0 comments