ജീവനക്കാരുടെ സസ്പെൻഷൻ
കുസാറ്റ് സമരത്തോടും അരിശം തീരാതെ യുഡിഎഫ് സിൻഡിക്കറ്റ്

കുസാറ്റ് സമരം സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ജഗദീഷ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കുസാറ്റിൽ നാലുജീവനക്കാരെ അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരായ സമരം 40 ദിവസം പിന്നിട്ടിട്ടും അരിശം തീരാതെ യുഡിഎഫ് സിൻഡിക്കറ്റ്. ജീവനക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കുന്നത് വൈകിക്കാനുള്ള തന്ത്രമാണ് വിധിപറയാനിരുന്ന തിങ്കളാഴ്ചയും സ്റ്റാൻഡിങ് കോൺസൽ സ്വീകരിച്ചത്. 21ന് സിൻഡിക്കറ്റ് യോഗമുണ്ടെന്നും സസ്പെൻഷന്റെ കാര്യം അതിൽ തീരുമാനിക്കുമെന്നും അറിയിച്ചതിനാൽ ഹൈക്കോടതി കേസ് 23ലേക്ക് മാറ്റുകയായിരുന്നു.
സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയും അക്കാദമിക് വിഭാഗം ജോയിന്റ് രജിസ്ട്രാറുമായ ഹരിലാൽ, ഡെപ്യൂട്ടി രജിസ്ട്രാർമാരായ എ എസ് സിനേഷ്, അനൂറിൻ സലിം, പ്ലമ്പിങ് സൂപ്പർവൈസർ പി എം ശിവദാസ് എന്നിവരാണ് സസ്പെൻഷനിലുള്ളത്. കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾകൂടിയാണ് ഇവർ. 2008ൽ അപേക്ഷ ക്ഷണിച്ച സ്വീപ്പർ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട് ജോലി ലഭിക്കാതിരുന്ന വ്യക്തിയുടെ പരാതിയിൽ ഹൈക്കോടതി നിർദേശമനുസരിച്ച് വിജിലൻസ് അന്വേഷണം നടത്തി. നിയമന നടപടികളിലൊ ജീവനക്കാരുടെ ഭാഗത്തോ വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടാമെന്നും ശുപാർശചെയ്തു. അത് ചെയ്യാതെ രാഷ്ട്രീയമായി പുനഃസംഘടിപ്പിച്ച കുസാറ്റ് സിൻഡിക്കറ്റ്, സർവകലാശാലാ ചട്ടങ്ങൾക്കുവിരുദ്ധമായി നാലുപേരെയും സസ്പെൻഡ് ചെയ്തു.
ഇവരാകട്ടെ നിയമനപ്രക്രിയയിൽ നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരുമല്ല. അന്യായനടപടിക്കെതിരെ ഒക്ടോബർ എട്ടിനാണ് സമരം ആരംഭിച്ചത്. സിൻഡിക്കറ്റ് സബ് കമ്മിറ്റിയുണ്ടാക്കിയെങ്കിലും സമരം നിർത്തിയാൽമാത്രം ചർച്ചയെന്നാണ് നിലപാട്. സർവകലാശാലാ ജീവനക്കാരുടെ കോൺഫെഡറേഷൻ, സർവീസ് സംഘടനകൾ, അധ്യാപകർ തുടങ്ങിയവർ സമരത്തിന് പൂർണ പിന്തുണ നൽകുന്നു. 30 ദിവസം പിന്നിട്ടപ്പോൾ ആരംഭിച്ച റിലേ ഉപവാസം തുടരുന്നു.
കുസാറ്റ് സമരം 40 നാൾ പിന്നിട്ടു; കരുത്തോടെ മുന്നോട്ട്
കളമശേരി
നേതാക്കളുടെ സസ്പെൻഷനെതിരെ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാലസമരം 40 ദിവസവും ജീവനക്കാരുടെ റിലേ ഉപവാസം 10 ദിവസവും പിന്നിട്ടു. തിങ്കളാഴ്ച നടന്ന സമരം സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ജഗദീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സി രജിത അധ്യക്ഷയായി. സി എസ് ഗിരീഷ് കുമാർ, സജീവൻ എന്നിവർ ഉപവാസമിരുന്നു. വി ആർ ജ്യോത്സ്ന സംസാരിച്ചു.








0 comments