റസിഡന്റ്‌സ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകണം: കോർവ

കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻസ് (കോർവ) ദേശീയ സമ്മേളനം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
രാജ്യത്തെ റസിഡന്റ്‌സ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകണമെന്ന് കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻസ് (കോർവ) 13–ാമത് ദേശീയ സമ്മേളനം കേന്ദ്ര, -സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. എറണാകുളം ടൗൺഹാളിൽ ചേർന്ന സമ്മേളനം ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ചികിത്സാനിരക്ക് ഏകീകരിക്കുക, ആശുപത്രി റെഗുലേറ്ററി കമീഷൻ രൂപീകരിക്കുക, മുതിർന്ന പൗരന്മാരുടെ യാത്രാ- ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, റസിഡന്റ്‌സ് അസോസിയേഷനുകളെ പ്രാദേശിക ഭരണസംവിധാനങ്ങളുടെ വികസനപ്രവർത്തനങ്ങളിൽ ഔദ്യോഗിക പങ്കാളികളാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
കോർവ ആരംഭിക്കുന്ന ഔദ്യോഗിക യുട്യൂബ് ചാനലിന്റെ സ്വിച്ച് ഓണും മന്ത്രി നിർവഹിച്ചു. മികച്ച റസിഡന്റ്‌സ് അസോസിയേഷനുകൾക്കുള്ള അവാർഡുകൾ ഹൈബി ഈഡൻ എംപി വിതരണം ചെയ്തു. സുവനീർ ടി ജെ വിനോദ് എംഎൽഎയും സ്‌മരണിക മേയർ വി കെ മിനിമോളും പ്രകാശിപ്പിച്ചു. എഡ്രാക്കിന്റെ രജതജൂബിലിയുടെ ഭാഗമായി വീട് നിർമിച്ചുനൽകുന്ന പദ്ധതിയുടെ സമ്മതപത്രം കലക്ടർ ജിപ്രിയങ്ക കൈമാറി.
റോൾ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ ഇൻ വികസിത് ഭാരത് 2047 എന്ന സെമിനാർ മുൻമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി എം വിജയാനന്ദ്, റിട്ട. ജഡ്ജി വി ജി അരുണ്‍കുമാർ, സിപിപിആർ ചെയർമാൻ ഡോ. ധനുരാജ്, മുരളീധരൻ പുതുക്കുടി, രംഗദാസ് പ്രഭു, എം കെ ബീരാൻ, ജെ എം എസ് നാഗാർജുനൻ, ഡോ. കെ എസ് ആർ മൂർത്തി എന്നിവർ സംസാരിച്ചു. കേണൽ തേജേന്ദ്ര പാൽ ത്യാഗിയെ ദേശീയ പ്രസിഡന്റായും പി സി അജിത് കുമാറിനെ ദേശീയ വർക്കിങ് പ്രസിഡന്റായും ബി ടി ശ്രീനിവാസനെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു.









0 comments