നഗരത്തെ വിറപ്പിച്ച് കാട്ടുപന്നി: രണ്ടുപേരെ ആക്രമിച്ചു

കാവനാട്
കന്നിമേൽ വള്ളിക്കീഴ് പൂമുഖത്ത് ക്ഷേത്രസമീപം കാട്ടുപന്നി ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. വള്ളിക്കീഴ് പാലോട്ട് വീട്ടിൽ വേലായുധൻകുട്ടി (67), തൈക്കൂട്ടത്തിൽ രാജഗോപാൽ (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാത്രി എട്ടരയോടെയാണ് ഒറ്റയാൻ പന്നി ഭീതിപരത്തി ആക്രമണം നടത്തിയത്. വള്ളിക്കീഴിൽനിന്ന രാജഗോപാലിനെ കുത്തിമറിച്ചിട്ട കാട്ടുപന്നി പടിഞ്ഞാറ് ഭാഗത്തെ പൂമുഖത്ത് ക്ഷേത്രത്തിനുമുന്നിലൂടെയുള്ള റോഡിലേക്ക് പാഞ്ഞു. ഇവിടെവച്ചാണ് കൊല്ലം ബീച്ച് റോഡിലെ കടയിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുവന്ന വേലായുധൻകുട്ടിയെ ആക്രമിച്ചത്. കാൽകുത്തി പിളർന്നു. കൈക്കും ഗുരുതര പരിക്കേറ്റു. തുടർന്ന് ക്ഷേത്രത്തിനുസമീപം ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറിയ പന്നി, പിന്നീട് രാത്രി പത്തോടെ പൂമുഖത്ത് ക്ഷേത്രത്തിനുസമീപമുള്ള റോഡിലൂടെ പാഞ്ഞു. അവിടെനിന്ന് സമീപത്തെ കരിമ്പുവയലിൽ ചാടുകയും തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിക്കുകയും ചെയ്തു. വാർത്തപരന്നതോടെ നാട്ടുകാർ ഭീതിയിലായി. കൗൺസിലർ പി ജെ രാജേന്ദ്രന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ശക്തികുളങ്ങര പൊലീസും സ്ഥലത്തെത്തി. കുറെദിവസമായി കാട്ടുപന്നി വള്ളിക്കീഴ് ഭാഗത്ത് തമ്പടിച്ചിരിക്കുകയാണ്. കൈക്കും കാലിനും പരിക്കേറ്റ രാജഗോപാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലും വേലായുധൻകുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈക്കും കാലിനും ഒടിവ് സംഭവിച്ച വേലായുധൻകുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.








0 comments