അഭിമന്യു വധക്കേസ്
പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 6 സാക്ഷികൾ കൂറുമാറി

കൊച്ചി
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്–ക്യാന്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച വിസ്‌തരിച്ച ആറുസാക്ഷികളും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജിന്റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ അംഗീകരിക്കുകയായിരുന്നു.
സാക്ഷികൾ പ്രതികളുടെ അടുപ്പക്കാരായതിനാൽ അവർക്ക് അനുകൂലമൊഴിയാണ് നൽകിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതോടെയാണ് ജഡ്‌ജി അംഗീകരിച്ചത്. ആറാംപ്രതി പി എം റെജീബിന്റെ അയൽക്കാരൻ മുഹമ്മദ് അബ്ദുൾ, ഏഴാംപ്രതി അബ്ദുൾ നാസറിന്റെ അയൽക്കാരൻ സിറാജ്, എട്ടാംപ്രതി ആദിൽ ബിൻ സലിം ഉപയോഗിച്ച ഇരുചക്രവാഹനത്തിന്റെ ആർസി ഉടമ അമാൻ മൊയ്‌തീൻ, സഹോദരൻ നൗഫാൻ മൊയ്‌തീൻ, 12–ാം പ്രതി മുഹമ്മദ് ഷഹിമിന്റെ ഭാര്യ റൂബിയ, 16–ാം പ്രതി സനിദ് ജോലിചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ ശ്രീനാഥ് എന്നിവരെയാണ് പ്രോസിക്യൂഷൻ വിസ്‌തരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയതിൽനിന്ന് വ്യത്യസ്തമായ മൊഴിയാണ് സാക്ഷികൾ കോടതിയിൽ നൽകിയത്. പൊലീസ് തയ്യാറാക്കിയ സെർച്ച് ലിസ്റ്റിൽ തന്റെ വീട്ടിൽവച്ചാണ് ഒപ്പിട്ടതെന്ന് മുഹമ്മദ് അബ്ദുൾ പറഞ്ഞപ്പോൾ ഒരുരേഖയിലും ഒപ്പിട്ടില്ലെന്നാണ് സിറാജിന്റെ മൊഴി. കേസിലെ എട്ടാംപ്രതിക്ക് ഇരുചക്രവാഹനം വിറ്റുവെന്ന കാര്യം അമാൻ മൊയ്‌തീനും നൗഫാൻ മൊയ്‌തീനും കോടതിയിൽ നിഷേധിച്ചു. മുഹമ്മദ് ഷഹിം ബൈക്ക് ഉപയോഗിക്കാറില്ലെന്നും കേസിൽ ഒളിവിൽ പോയിട്ടില്ലെന്നും റൂബിയ മൊഴി നൽകി.
സനിദ് ഒളിവിൽപ്പോയത് അറിയില്ലെന്ന് ശ്രീനാഥും മൊഴി നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്, അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് മനോഹരനുവേണ്ടി അഭിഭാഷകരായ കെ പി അമൃത, പി എം ആതിര എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ അനിൽ മുഹമ്മദ്, പി എ ഹാരിസ് എന്നിവരും ഹാജരായി. സാക്ഷിവിസ്‌താരം ചൊവ്വാഴ്ചയും തുടരും.








0 comments