Deshabhimani

print edition ഗുരുമൂർത്തിയുമായി തെളിവെടുത്തു; നിർണായക രേഖകൾ കണ്ടെത്തി; തുടരന്വേഷണം എൻഐഎക്ക്

Gurumurthy

ഗുരുമൂർത്തിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Nov 17, 2026, 01:33 AM | 1 min read

ഒറ്റപ്പാലം​: ഭീകരവാദ ബന്ധം സംശയിക്കുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി ഗുരുമൂർത്തി ഗുണശേഖരനെ (27) തൃക്കങ്ങോടിൽ എത്തിച്ച് തെളിവെടുത്തു. തൃശൂർ സിറ്റി എസിപി ടി ആർ രാജേഷ്, ഇൻസ്പെക്ടർ അൻഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ് ഗുരുമൂർത്തിയെ സ്ഥലത്തെത്തിച്ചത്. നിർണായക വിവരങ്ങൾ അടങ്ങുന്ന രേഖകൾ കണ്ടെടുത്തു. ഹരിയാനയിലെ കുപ്രസിദ്ധമായ ലോറൻസ് ബിഷ്‌ണോയ് അധോലോക സംഘത്തിലെ കണ്ണിയായ ഇയാളെ ദേശീയ അന്വേഷണ ഏജൻസികൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേരള പൊലീസ് കഴിഞ്ഞദിവസം തൃക്കങ്ങോട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.​


ഭീകര സംഘടനകളുമായി ചേർന്നുപ്രവർത്തിച്ചിരുന്ന ലോറൻസ് ബിഷ്‌ണോയ്ക്ക്‌ മുംബൈയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളുടെ ഫോട്ടോയെടുത്ത്‌ നൽകിയത്‌ ഗുരുമൂർത്തിയാണ്‌. ഇതിനുലഭിച്ച പ്രതിഫലത്തിന്റെ ബാങ്ക് രേഖകളും കാമറയും പൊലീസ് കണ്ടെടുത്തു. തൃക്കങ്ങോട്ടിൽ ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിലും പണിയെടുത്ത മനിശീരിയിലെ മിൽമയുടെ ഔട്ട്‌-ലെറ്റിലും തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്‌ മാറ്റി. കേസ് തുടരന്വേഷണത്തിനായി എൻഐഎക്ക് കൈമാറും.


ഉദുമൽപേട്ടയിലുള്ള പങ്കാളിയുടെ വീട്ടിൽനിന്ന് ഇയാളുടെ ഫോൺ കണ്ടെടുത്തിരുന്നു. ഗുരുമൂർത്തി അനാഥാലയത്തിലാണ് വളർന്നത്. അവിടത്തെ രക്ഷിതാവായിരുന്ന വൈദികൻ മരിച്ചതോടെ മുംബൈയിലേക്ക് നാടുവിട്ടു. അവിടെ സ്വന്തം സ്ഥാപനം തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഗുരുമൂർത്തി മാസങ്ങൾക്കുമുന്പ്‌ കേരളത്തിലെത്തി. ​ടെലഗ്രാം ഗ്രൂപ്പ്‌ വഴിയാണ് അധോലോകവുമായി ബന്ധം സ്ഥാപിച്ചത്. അടുത്തിടെ ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരെ കൊല്ലാനുള്ള ക്വട്ടേഷനും ഇയാൾ ഏറ്റെടുത്തിരുന്നു. ഗുരുമൂർത്തിയുടെ സുഹൃത്തും ലോറൻസ് ബിഷ്‌ണോയ് സംഘാംഗവുമായ മുംബൈ പനവേൽ ഐരോലി സ്വദേശി യാഷ് സിങ്ങിനെ (20) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home