എന്ത് ഗതിയിത് !
കുരുക്ക് മുറുകുന്പോൾ വഴക്കും മുറുകുന്നു

മുഴപ്പിലങ്ങാട്
ഗതാഗതക്കുരുക്കുകാരണം മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടി വന്നാൽ ആരുടെയും ക്ഷമ നശിക്കും. നിർത്താതെയുള്ള ഹോണടി, നിരനിരയായി കിടക്കുന്ന വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ. ഇതോടെ ഗതാഗതം തടസപ്പെട്ട് വാഹനങ്ങൾക്ക് ഒരുഭാഗത്തേക്കും നീങ്ങാനാകാത്ത അവസ്ഥ. ഇതോടെ വാഹന ഉടമകൾ തമ്മിൽ തർക്കമാവും. പരസ്പരമുള്ള വഴക്ക് ചിലപ്പോൾ കൈയാങ്കളി വരെ എത്തും. ഡ്രൈവർമാർ തമ്മിലും നാട്ടുകാരും ഡ്രൈവർമാർ തമ്മിലും വാക്കുതർക്കങ്ങളും, കൈയാങ്കളിയും നിത്യസംഭവം. കുളം ബസാറിൽ ആഴ്‌ചകളായി ഇത് പതിവാണ്. ഞായർ വൈകിട്ടും ഇവിടെ വാഹനയാത്രക്കാർ തമ്മിൽ തർക്കമുണ്ടായി. മുഴപ്പിലങ്ങാട് റെയിൽവെ ഗേറ്റ് കൂടി അടക്കുമ്പോൾ വാഹനങ്ങളുടെ നിര കുളം ബസാറിൽനിന്ന് ബീച്ചിലേക്കുള്ള അടിപ്പാതയും കടന്ന് തലശേരി ഭാഗത്തേക്കുള്ള സർവീസ് റോഡുവരെ നീളും. കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വാഹനങ്ങൾക്ക് മുന്നോട്ട് നീങ്ങാനാകാത്ത വിധം ഗതാഗതം തടസ്സപ്പെടും. നിയമംലംഘിച്ച് എതിർ ദിശയിലേക്ക് വരുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ കുരുക്ക് രൂക്ഷമാകുകയും വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടുന്ന അവസ്ഥയിലേക്കെത്തും. ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments