Deshabhimani

തുറന്നിട്ട കോൺക്രീറ്റ്‌ ടാങ്കിൽ വീണ്‌ യുവാവിന്റെ നട്ടെല്ലിന്‌ ഗുരുതര പരിക്ക്‌

concrete tank

കുണ്ടന്നൂർ ജങ്ഷനിൽ പാലത്തിനുതാഴെ സർവീസ്‌ റോഡിനോടുചേർന്ന്‌ നിർമാണത്തിലുള്ള കെട്ടിടത്തിനുമുന്നിലെ കോൺക്രീറ്റ്‌ ടാങ്ക്‌ അടയ്‌ക്കാത്ത നിലയിൽ

വെബ് ഡെസ്ക്

Published on Nov 17, 2026, 01:18 AM | 1 min read

കൊച്ചി ​

കുണ്ടന്നൂർ ജങ്ഷനിൽ സർവീസ്‌ റോഡിനോട്‌ ചേർന്ന്‌ നിർമിക്കുന്ന കെട്ടിടത്തിനുമുന്നിൽ മൂടിയില്ലാതെ പണിതിട്ട കോൺക്രീറ്റ്‌ ടാങ്കിൽ വീണ്‌ യുവാവിന്റെ നട്ടെല്ല്‌ തകർന്നു. അരൂക്കുറ്റി വടുതല കല്യാണപ്പറന്പിൽ അലക്‌സ്‌ ഡെമിനിക്കാ(40)ണ്‌ അപകടത്തിൽപ്പെട്ടത്‌. ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കി. കുണ്ടന്നുർ ജങ്ഷനിൽ ആലപ്പുഴ ഭാഗത്തേക്കുള്ള ബസ്‌ കാത്ത്‌ നിൽക്കുന്പോഴായിരുന്നു അപകടം.


സർവീസ്‌ റോഡിനോാട്‌ ചേർന്ന്‌ നിർമിക്കുന്ന കെട്ടിടത്തിനുമുന്നിൽ നിർമിച്ചിട്ടുള്ള ഭൂഗർഭ കോൺക്രീറ്റ്‌ ടാങ്കിന്റെ മുകൾഭാഗം സുരക്ഷിതമായി അടച്ചിരുന്നില്ല. കനംകുറഞ്ഞ ഷീറ്റുകൊണ്ട്‌ അടച്ച നിലയിലായിരുന്നു. ബസ്‌സ്‌റ്റോപ്പിൽ നിൽക്കുന്നവരും കാൽനടയാത്രികരും അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടായിരുന്നിട്ടും മുന്നറിയിപ്പ്‌ ബോർഡോ വേലിയോ സ്ഥാപിച്ചിരുന്നില്ല.


പത്തടിയിലേറെ ആഴമുള്ള ടാങ്കിലേക്ക്‌ വീണ അലക്‌സിനെ തൊഴിലാളികളെത്തിയാണ്‌ കരയ്‌ക്ക്‌ കയറ്റിയത്‌. തുടർന്ന്‌ ആശുപത്രിയിൽ എത്തിയപ്പോഴാണ്‌ നട്ടെല്ലിന്‌ ഗുരുതര പരിക്കേറ്റതായി മനസ്സിലായത്‌. രണ്ടുദിവസം ഐസിയുവിലായിരുന്നു. തിങ്കളാഴ്‌ച ശസ്‌ത്രക്രിയക്ക്‌ വിധേയനായി. അപകടത്തിനുശേഷം കോൺക്രീറ്റ്‌ ടാങ്ക്‌ സുരക്ഷിതമായി മറച്ചനിലയിലാണ്‌. അലക്‌സിന്റെ ബന്ധുക്കൾ മരട്‌ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home