പാത്രിയർക്കീസ് ബാവാ മടങ്ങി
തർക്കപരിഹാരത്തിന് ചർച്ച നടത്താമെന്ന് യാക്കോബായ സഭ

പാത്രിയർക്കീസ് ബാവാ മടങ്ങുന്നതിനുമുന്പ് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ഉൾപ്പെടെയുള്ളവർക്കൊപ്പം
കൊച്ചി
കേരള സന്ദർശനം ഫലപ്രദമായിരുന്നുവെന്ന് സുറിയാനി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുറന്ന മനസ്സോടെയുള്ള ചർച്ചകൾ തുടരണമെന്നും ബാവാ മാധ്യമങ്ങളോട് പറഞ്ഞു. വിഷയങ്ങൾ പരിഹരിക്കാൻ ചർച്ചകൾ ആരംഭിക്കണമെന്ന് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായും പ്രതികരിച്ചു. ചർച്ചയ്‌ക്കും ത്യാഗത്തിനും തയ്യാറാണ്.
സംസ്‌കാരച്ചടങ്ങുകൾക്ക് തടസ്സം നിൽക്കില്ല. ഇക്കാര്യത്തിൽ മറുവിഭാഗവും പുനർവിചിന്തനം നടത്തണം. പാത്രിയർക്കീസ് ബാവായോ താനോ കോടതിയലക്ഷ്യം നടത്തിയെങ്കിൽ ഓർത്തഡോക്‌സ് സഭയ്‌ക്ക് കോടതിയിൽ പോകാമെന്നും കാതോലിക്കാ ബാവാ പ്രതികരിച്ചു. അഞ്ചുദിവസത്തെ സന്ദർശനം പൂർത്തിയാക്കി ബാവാ തിങ്കളാഴ്‌ച ബേയ്‌റൂട്ടിലേക്ക് മടങ്ങി.
ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ, കുര്യാക്കോസ് മോര്‍ ദിയസ്‌ക്കോറസ്, ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, മാത്യൂസ് മോര്‍ അഫ്രേം, ഏലിയാസ് മോര്‍ അത്താനാസിയോസ്, ആയൂബ് മോര്‍ സില്‍വാനോസ്, ഐസക്ക് മോര്‍ ഒസ്താത്തിയോസ്, മാത്യൂസ് മോര്‍ അന്തിമോസ്, മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറസ് എന്നീ മെത്രാപ്പോലീത്താമാരും സഭാ വൈദീക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു, സഭാ വര്‍ക്കിങ് കമ്മിറ്റി മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കൊച്ചി വിമാനത്താവളത്തിൽ പാത്രിയാർക്കീസ് ബാവായെ യാത്രയാക്കി.









0 comments