ടെൽക് നിർമിച്ച 315 എംവിഎ ട്രാൻസ്‌ഫോർമർ ആന്ധ്രയിലേക്ക് അയച്ചു

അങ്കമാലി ടെൽക്ക് നിർമ്മിച്ച 315 എംവി എ ട്രാൻസ്ഫോർമർ മാനേജിങ് ഡയറക്ടർ പി കെ ജന എപി ട്രാൻസ്കോ പ്രതിനിധി കെ രാജ്കുമാറിന് കൈമാറിയപ്പോൾ
അങ്കമാലി
അങ്കമാലി ടെൽക് നിർമിച്ച 315 എംവിഎ ട്രാൻസ്ഫോർമർ ആന്ധ്രപ്രദേശിലേക്ക് അയച്ചു. ആന്ധ്രപ്രദേശ് ട്രാൻസ്മിഷൻ കോർപറേഷനായ എപി ട്രാൻസ്കോയുടെ 2023ലെ ഓർഡർപ്രകാരമാണ് ട്രാൻസ്ഫോർമർ നിർമിച്ച് കൈമാറിയത്. ടെൽക് മാനേജിങ് ഡയറക്ടർ പി കെ ജെന, എപി ട്രാൻസ്കോ പ്രതിനിധി കെ രാജ്‌കുമാറിന് കൈമാറി.
എപി ട്രാൻസ്കോയ്ക്കുവേണ്ടി നിർമിക്കുന്ന രണ്ട് ട്രാൻസ്ഫോർമറുകളിൽ ആദ്യത്തേതാണ് ഐനവില്ലി സബ്സ്റ്റേഷനിലേക്ക് അയച്ചത്. 40.90 കോടി രൂപയാണ് പദ്ധതിയുടെ ജിഎസ്‌ടി ഒഴികെയുള്ള ആകെ കരാർത്തുക. ഓയിൽ സർക്കുലേഷൻ പമ്പുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന കൂളിങ് സംവിധാനമാണ് ട്രാൻസ്ഫോർമറിന്റെ പ്രധാന സവിശേഷത. ഊർജനഷ്ടം കുറയ്‌ക്കാനും കൂളിങ് കാര്യക്ഷമത വർധിപ്പിക്കാനുമായി നൂതന സാങ്കേതികമാറ്റങ്ങളും രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എപി ട്രാൻസ്കോയുടെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളും വിവിധ ഘട്ടങ്ങളിലെ പരിശോധനകളും പൂർത്തിയാക്കിയാണ് ട്രാൻസ്ഫോർമർ നിർമിച്ചത്.
ഏകദേശം 205 ടൺ ഭാരമുള്ള ട്രാൻസ്ഫോർമർ അഴിച്ചുമാറ്റാതെതന്നെ ലോഡ് ചെയ്ത് അയച്ചത് ടെൽക്കിന്റെ ചരിത്രത്തിലെ ആദ്യനേട്ടമാണ്. ലിഫ്റ്റിങ് സൗകര്യങ്ങളുടെ പരിമിതികൾക്കിടയിലും സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെയാണ് ദൗത്യം പൂർത്തിയാക്കിയത്. ഉയർന്ന വോൾട്ടേജ് ട്രാൻസ്ഫോർമർ നിർമാണ മേഖലയിലെ ടെൽക്കിന്റെ സാങ്കേതികമികവും എൻജിനീയറിങ് ശേഷിയും വിളിച്ചോതുന്നതാണ് നേട്ടം. കമ്പനിയുടെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനവും വൈദഗ്‌ധ്യവുമാണ് വിജയത്തിന് പിന്നിലെന്ന് ടെൽക് അധികൃതർ അറിയിച്ചു.








0 comments