എഴുപതുകാരിക്കെതിരെ ലെൈംഗികാതിക്രമം; യുവാവ് അറസ്‌റ്റിൽ

യാസിർ അഫ്രീദ്
കൊച്ചി
എഴുപതുകാരിയായ ഹരിതകർമസേനാംഗത്തിന് എതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. തോപ്പുംപടി ചുള്ളിക്കൽ ചക്കനാട്ട് ക്ഷേത്രത്തിനുസമീപം എ പി ജോസഫ് റോഡിൽ യാസിർ അഫ്രീദിനെ (29)യാണ് കടവന്ത്ര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളി പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. എളംകുളം വില്ലേജ് നോർത്ത് ഗിരിനഗർ കോളനി ഭാഗത്തുള്ള റോഡിൽക്കൂടി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് മടങ്ങുകയായിരുന്നു എഴുപതുകാരി.
ബൈക്കിൽ വരികയായിരുന്ന പ്രതി ഇവരെ കണ്ട് വാഹനം നിർത്തി. പിന്നിലൂടെ വന്ന് വായ് പൊത്തിപ്പിടിച്ച് തള്ളി നിലത്തുവീഴ്ത്തി ലൈഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീ നിലവിളിച്ചു. സമീപവീട്ടിലെ നായകളും കുരച്ചു. ഇതോടെ പ്രതി പിന്തിരിഞ്ഞു. ബൈക്കിൽ കടന്നു. അതിക്രമത്തിൽ സ്‌ത്രീയുടെ കൈക്ക് പരിക്കേറ്റു. മുഖത്ത് പോറലുണ്ടായി. അടുത്ത ദിവസം കടവന്ത്ര പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ലൊക്കേഷനുകൾ, എഴുപതുകാരി പറഞ്ഞ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചിത്രം എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആദ്യം ലഭിച്ച ദൃശ്യങ്ങളിൽ ബൈക്കിന്റെ നന്പറുണ്ടാകാതിരുന്നതും പ്രതി ഹെൽമെറ്റ് ധരിച്ചിരുന്നതും അന്വേഷണത്തിന് പ്രയാസം സൃഷ്ടിച്ചിരുന്നു. പാർടി കഴിഞ്ഞ് സുഹൃത്തിനെ അയാളുടെ വീട്ടിലാക്കി മടങ്ങുന്നതിനിടെയാണ് യാസിർ അഫ്രീദ് എഴുപതുകാരിയെ കണ്ടത്.
എറണാകുളത്തെ കോഫി ഷോപ്പിലെ ജോലിക്കാരനാണിയാൾ. ഇയാളെ റിമാൻഡ് ചെയ്‌തു. ബലാത്സംഗശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്. കടവന്ത്ര സർക്കിൾ ഇൻസ്പെക്ടർ ആർ വിനോദ്, എസ്‌ഐ ആർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.








0 comments