Deshabhimani

രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി

Kerala Renji
വെബ് ഡെസ്ക്

Published on Nov 05, 2026, 06:00 PM | 1 min read

അഹമ്മദാബാദ് : രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് കനത്ത തോൽവി. ഇന്നിങ്സിനും 58 റൺസിനുമാണ് ഗുജറാത്ത് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 255 റൺസിന്റെ ലീഡ് വഴങ്ങി ഫോളോഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 197 റൺസിന് ഓൾഔട്ടായി. സ്കോർ: ഗുജറാത്ത് – 534/9, കേരളം – 279, 197.


ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറിൽ 29 റൺസെടുത്ത അഭിഷേക് പി നായരെ അർസാൻ നഗ്വാസ്വെല്ല ക്ലീൻ ബൗൾഡാക്കി. പിന്നാലെ എട്ട് റൺസെടുത്ത വരുൺ നായനാരും മടങ്ങി. സിദ്ധാർഥ് ദേശായിയുടെ പന്തിൽ ഉർവിൽ പട്ടേലിന് ക്യാച്ച് നൽകിയാണ് വരുൺ പുറത്തായത്.


സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. 66 റൺസ് കൂട്ടിച്ചേർത്തു. ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലായിരുന്നു കേരളം.


ലഞ്ചിന് ശേഷം വിഷ്ണു വിനോദ് പുറത്തായി. 39 റൺസെടുത്ത വിഷ്ണുവിനെ വിശാൽ ജയ്‌സ്വാൾ മടക്കി. പിന്നാലെ മുഹമ്മദ് അസറുദ്ദീൻ നാല് റൺസെടുത്ത് റണ്ണൗട്ടായി. 52 റൺസെടുത്ത സച്ചിൻ ബേബിയെ അമിത് ദേശായി എൽബിഡബ്ല്യുവിൽ കുടുക്കിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.


വിക്കറ്റുകളും വേഗത്തിൽ വീണതോടെ കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 197 റൺസിൽ അവസാനിച്ചു. ആദിത്യ സർവാതെ 30 റൺസും ജലജ് സക്സേന 11 റൺസും നേടി. ഗുജറാത്തിനായി അർസാൻ നഗ്വാസ്വെല്ല നാല് വിക്കറ്റും സിദ്ധാർഥ് ദേശായി രണ്ട് വിക്കറ്റും വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home