കരുത്തൻ കളിയഴക്, ഒരു ജന്മത്തിന്റെ പൂർണത

ക്രിസ്റ്റ്യാനോ റൊണാൾഡോ | Photo Credit: Instagram/Cristiano Ronaldo
ഇ സുദേഷ്
Published on Nov 05, 2026, 06:18 PM | 4 min read
ഏതൊരു ടീമും പരിശീലകനും കൊതിക്കുന്ന താരം, ഏതൊരു രാജ്യവും കൊതിക്കുന്ന പൗരൻ, ഏതൊരു അമ്മയും കൊതിക്കുന്ന മകൻ, ഏതൊരു കുട്ടിയും കൊതിക്കുന്ന റോൾ മോഡൽ... ഒരു ജന്മത്തിന്റെ പൂർണതയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ. അന്താരാഷ്ട്ര വേദികളിൽ ആ ഏഴാം നമ്പർ ഇനിയില്ല. ആരാധകരിൽ വിങ്ങുന്ന വേദനായി ഒരു വിടവാങ്ങൽ.
ഗർഭാവസ്ഥയിൽ ജന്മം നിഷേധിക്കാൻ ഒരമ്മ ശ്രമിച്ച കുഞ്ഞുണ്ടായിരുന്നു. ദാരിദ്ര്യവും പിതാവിന്റെ മദ്യപാനവും കാരണം കുടുംബം നേരിടുന്ന കെടുതിയിലാണ് ആ അമ്മ കടുംകൈയ്ക്ക് തുനിഞ്ഞത്. എന്നാൽ, ഡോക്ടർ അവരെ വിലക്കി. പോർച്ചുഗലിലെ മദേര ദ്വീപിൽ 1985 ലെ ഒരു പ്രഭാതത്തിൽ അവർ ആ കുഞ്ഞിന് ജന്മം നൽകി. അവൻ പിന്നീട് ലോകം കാൽക്കീഴിലാക്കി. ലോകത്തെ സകല സൗഭാഗ്യങ്ങളും അമ്മയ്ക്ക് മുന്നിലെത്തിച്ചു. അങ്ങനെയൊരു മകനെ ഏതമ്മയാണ് കൊതിക്കാത്തത്.
മൂന്ന് സഹോദരങ്ങൾക്കൊപ്പം ഒറ്റമുറി വീട്ടിൽ വളർന്ന നാളുകൾ ഒട്ടും സുഖകരമായിരുന്നില്ല. എന്നാലും എപ്പോഴും പന്തുതട്ടാൻ താൽപ്പര്യമായിരുന്നു. പന്ത്രണ്ടാം വയസ്സിൽ പോർച്ചുഗലിലെ സ്പോർട്ടിങ്ങ് ക്ലബ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പതിനാലാം വയസ്സിൽ അമ്മയോട് അത്ഭുതപ്പെടുത്തുന്ന ഒരാവശ്യം പറഞ്ഞു. ഇനി സ്കൂളിൽ പോകുന്നില്ല, മുഴുവൻ സമയം ഫുട്ബോൾ കളിക്കാൻ അനുവദിക്കണം. അമ്മ സമ്മതിച്ചു. മകൻ പൂർണമായും കളിയിൽ മുഴുകി. എന്നാൽ, വെല്ലുവിളികൾ വിട്ടൊഴിഞ്ഞിരുന്നില്ല. പതിനഞ്ചാം വയസിൽ റൊണോയുടെ ഹൃദയത്തിന് മിടിക്കാൻ അൽപ്പം തിടുക്കം കൂടുതലുള്ളതായി കണ്ടെത്തി. കളി മുടങ്ങി. കാര്യമായ ശസ്ത്രക്രിയ വേണ്ടി വന്നു. പിന്നീട്, പതുക്കെ കളത്തിലേക്ക് തിരിച്ചുവന്നു. അതൊരു വരവായിരുന്നു.
സ്പോട്ടിങ്ങിന്റെ സീനിയർ ടീമിൽ കളിച്ച പതിനേഴുകാരനെ അടുത്ത വർഷം വമ്പൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഞ്ചി. ഓൾഡ്ട്രാഫോഡിൽ എത്തുന്ന ആദ്യത്തെ പറങ്കി. അലക്സ് ഫെർഗൂസനെന്ന ഇതിഹാസ പരിശീലകൻ ആ കളിവിരുത് തേച്ചുമിനുക്കി. ഒപ്പം, ഫെർഗി എല്ലാ അർത്ഥത്തിലും പ്രിയ ശിഷ്യനെ അഴിച്ചുവിട്ടു. ഡ്രിബ്ലിങ്ങും മിന്നലോട്ടവും ദ്രുതചലനങ്ങളുമായി തീക്ഷ്ണ യൗവനം ഉരുകിത്തെളിഞ്ഞു. സി ആർ 7 ഉദിച്ചുയർന്നു. പിന്നീട് വർഷങ്ങൾ നീണ്ട പടയോട്ടം. അതിനിടെ റയൽ മാഡ്രിഡും ജൂവന്റസും അന്നത്തെ ഏറ്റവും വലിയ തുക നൽകി മാന്ത്രികക്കാലുകൾ സ്വന്തമാക്കി. ഇംഗ്ലണ്ട് എന്ന പോലെ സ്പെയ്നും ഇറ്റലിയും സൗദിയും ആ കരുത്തൻ കളിയഴകിൽ മയങ്ങി. ലോകകപ്പിന് യോഗ്യത നേടാൻ പ്രയാസപ്പെട്ട പോർച്ചുഗലിനെ പല ഘട്ടങ്ങളിലും ഒറ്റയ്ക്ക് ചുമലിലേറ്റി. ലോകകപ്പിൽ അപൂർവമായി കളിച്ചിരുന്ന പോർച്ചുഗൽ ഈ ആത്മവിശ്വാസത്തിന്റെ ബലത്തിൽ പതിവുകാരാകുന്നതിനും കാലം സാക്ഷി. ഒരു യൂറോ കപ്പിലും കന്നി യുവേഫ നേഷൻസ് ലീഗ് കിരീടത്തിലും പോർച്ചുഗലിന്റെ പേര് പതിഞ്ഞത് നായകന്റെ കളിബലത്തിൽ തന്നെയാണ്. ഇക്കാലയളവിൽ നേടിയ റെക്കോഡുകൾ മുഴുവൻ രേഖപ്പെടുത്തുക കുറച്ചധികം പ്രയാസമാണ്. 5 ബാലൻ ഡി ഓർ, 5 യൂവേഫ ചാമ്പ്യൻസ് ലീഗ് എന്ന് ഏറ്റവും ചുരുക്കാം. 6 ലോകകപ്പിലും ഗോൾ നേടിയ താരം എന്ന റെക്കോഡ് 2026 ൽ സ്വന്തമാക്കി. ഏറ്റവുമൊടുവിൽ കഴിഞ്ഞ വാരം ഫിഫയുടെ ബെസ്റ്റ് ഓഫ് ഓൾ ടൈം (BOAT) പുരസ്കാരം തേടിയെത്തി. ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരം ആരെന്ന തർക്കത്തിന് അവസാനമായ നേട്ടം.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാരെന്ന ചോദ്യത്തിന്, അതു ഞാനാണെന്ന് പറയാൻ കാണിക്കുന്ന ചങ്കൂറ്റത്തെ പലരും അഹങ്കാരമായി വിലയിരുത്തി. എന്നാൽ, അയാൾക്ക് അങ്ങനെ പറയാം. ഫുട്ബോളിൽ അയാൾ കളിച്ചു കയറിയ പരമപദം അത്രമേൽ ഉയരെയാണ്. കളിക്കളത്തിൽ കഠിനാദ്ധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി റൊണൊയെ അടയാളപ്പെടുത്താം. പരിശീലകർക്ക് പ്രിയപ്പെട്ടവനാകുന്നതും അതുകൊണ്ട് തന്നെ. പ്രതിഭാശാലിയെന്നതിനപ്പുറം കഠിന തപസ്യയ്ക്ക് തുല്യമായ പരിശ്രമത്തിലൂടെ ഉരുക്കിയുറപ്പിച്ചതാണ് ആ കളിമിടുക്ക്. ഏതു സഹതാരത്തെക്കാളും കൂടുതൽ സമയം പരിശീലനം നടത്തുന്നതിൽ നാൽപ്പത്തിരണ്ടാം വയസ്സിലും വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. ശാരീരികശേഷി നിലനിർത്തുന്നതിലെ കടുത്ത നിഷ്കർഷയുടെ ഭാഗമാണ് ടാറ്റൂ പതിപ്പിക്കില്ലെന്ന തീരുമാനം.
കളിക്കളത്തിൽ സ്വന്തം കൂട്ടുകാർ ഒറ്റിയപ്പോഴും കൊടുംവിരോധികൾ ആക്ഷേപങ്ങൾ കൊണ്ട് മൂടിയപ്പോഴും റോണോ ഉയിർത്തെഴുന്നേറ്റത് കഠിനജീവിതം സമ്മാനിച്ച ആത്മവിശ്വാസത്തിന്റെ പിൻബലത്തിലാണ്. കളിക്കളത്തിൽ എന്നും ഒന്നാമനായിരിക്കണമെന്ന് അയാൾ അത്രമാത്രം ആഗ്രഹിച്ചിരുന്നു. അതു യാഥാർത്ഥ്യമാക്കാൻ അതികഠിനമായി പ്രയത്നിച്ചിരുന്നു. അതുകൊണ്ടാണ് കൂടെ കളിച്ചവർ കളംവിട്ട് അഞ്ചും പത്തും വർഷം കഴിഞ്ഞും ആവേശം കടുകോളം ചോരാതെ അയാൾ പന്തുതട്ടിയത്.
കളിയിൽ ഇത്രയേറെ മുഴുകുന്ന താരമില്ല. ഗോളടിക്കാൻ കഴിയാതിരുന്നാൽ, കാലിൽ പന്തു കിട്ടാതിരുന്നാൽ വല്ലാതെ അസ്വസ്ഥനാകും. കാരണം റൊണോയ്ക്ക് കളിച്ചാൽ മാത്രം പോര. കളത്തിൽ എപ്പോഴും ഒന്നാമനാകണം. അതു നിങ്ങൾക്ക് പിടിവാശിയായി തോന്നാം. എന്നാൽ അവന് ഫുട്ബോൾ അതാണ്. വർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെ, കഠിനപ്രയത്നത്തിന്റെ, ചിട്ടയുടെ, അച്ചടക്കത്തിന്റെ, സ്വപ്നങ്ങളുടെ ആകെ തുക. അതുകൊണ്ട് ആ മനസ് ഒരു തരിമ്പും വിട്ടുകൊടുക്കില്ല.
25 വർഷത്തിലധികം നീണ്ട പ്രൊഫഷണൽ കരിയറിൽ കാലത്തിനും പ്രായത്തിനും അനുസരിച്ച് കളിശൈലി മാറ്റി, അധികപ്പറ്റാവാതെ കളത്തിൽ നിലനിൽക്കാൻ കഴിഞ്ഞുവെന്നത് റോണോയെ വേറിട്ടു നിർത്തുന്നു. ഇൗ പ്രായത്തിലും കളിയോടുള്ള ആർത്തിയ്ക്ക് തരിമ്പും കുറവുണ്ടായിരുന്നില്ല്ല. കാരണം അയാൾ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രം ജനിച്ചവനാണ്.
ലോകമാകെ അനുകരിക്കുന്ന SIUUU ഗോളാഘോഷം ഒരു കാലത്തും മറക്കാനാകില്ല. ഫ്രീകിക്ക് എടുക്കാൻ കാലുകൾ അകത്തി, ദീർഘനിശ്വാസം ചെയ്ത്, കണ്ണുകൾ വിടർത്തിയുള്ള ആ നിൽപ്പുണ്ടല്ലോ...അതിലുണ്ട് എല്ലാം. അതേ തീവ്രതയോടെയാണ് കളത്തിൽ ഓരോ നിമിഷവും അവൻ നീങ്ങിയത്. ഒരിക്കലും തോറ്റു കൊടുക്കരുതെന്ന് നിരന്തരം പറഞ്ഞു തരുന്ന, പോരാട്ടവീറിന്റെ പര്യായമായ ജീവിതം. ഒരു കായിക താരം എങ്ങനെയായിരിക്കണം എന്നതിന് ഇതിലും വലിയ ഉദാഹരണമില്ല.
കളത്തിൽ മാത്രമല്ല, പുറത്തും തികഞ്ഞ പോരാളിയായ റോണോയോട് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനടക്കമുള്ള ഫുട്ബോൾ മേലാളന്മാർക്ക് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. ഫിഫയുടെ പരസ്യദാതാക്കളായ ആഗോള വമ്പന്മാരുടെ ആസ്ഥാനമായ രാജ്യങ്ങളുടെ അനീതിക്കെതിരെ എന്നും ശബ്ദിച്ചു... ആരോഗ്യത്തിന് ഹാനികരമായ കുത്തകകളുടെ ശീതളപാനീയങ്ങളോടുള്ള വിയോജിപ്പ് പരസ്യമായി കാണിച്ചു... അധിനിവേശ ഭീകരതയുടെ ഇരകളായ കൊച്ചു രാജ്യങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു... ലോക ഫുട്ബോളിനെ കൈപ്പിടിയിലാക്കിയിരിക്കുന്ന ഫിഫയിലെ ബിസിനസ് മേലാളന്മാർ ഇതൊക്കെ എങ്ങനെ സഹിക്കും. കുഞ്ഞുനാളിൽ ഭക്ഷണത്തിനായി ഹോട്ടലുകളുടെ പിന്നാമ്പുറത്ത് കാത്തിരുന്നവന് കളിഭരണ പ്രമാണിമാരെ തൃപ്തിപ്പെടുത്തുന്ന വിട്ടുവീഴ്ചകൾ അസാധ്യമായിരുന്നു. ആ മനസ് എന്നും വേദനിക്കുന്നവനൊപ്പമായിരുന്നു. മാഞ്ചസ്റ്റർ സിറ്റി പണസഞ്ചിയുമായി പിന്നാലെ കൂടിയപ്പോൾ ഫെർഗിയെന്ന പരിശീലകന്റെ ഒറ്റ ഫോൺകോളിൽ യുണൈറ്റഡിലേക്കു വന്ന, കളത്തിലും പുറത്തും അടുത്തെത്തുന്ന ആരാധകരെ ഒരിക്കൽ പോലും നിരാശപ്പെടുത്താത്ത റൊണോ കടുപ്പക്കാരനും താന്തോന്നിയും ആണെന്ന് പലരും പറയും. പക്ഷെ അവന്റെ ആരാധകർക്ക്, ആ മനുഷ്യനെ നെഞ്ചേറ്റുന്നവർക്ക് അവനെ അറിയാം.
ഫുട്ബോളിലൂടെ ആ മനുഷ്യൻ സൃഷ്ടിച്ച വൈകാരികതയുടെ അതിഗംഭീരമായ ഒരു തലമുണ്ട്. ലോകമെങ്ങുമുള്ള കുരുന്നുകളെ കളത്തിലേക്ക് കൈനടത്താൻ മാത്രം കരുത്തുറ്റ പ്രചോദനമായിരുന്നു റൊണോ. അതുകൊണ്ട് തന്നെയാണ് അയാൾ പരാജയപ്പെടുന്പോഴെല്ലാം അവർ വാവിട്ടു കരഞ്ഞത്.
വിശ്വകിരീടമില്ലാതെ ഫുട്ബോളിലെ വിശ്വനായകൻ വിടവാങ്ങേണ്ടി വന്നതു മാത്രമാണ് കളിക്കളത്തിൽ അയാളെകുറിച്ചുള്ള ആരാധകരുടെ വേദന. കാൽപ്പന്തിന്റെ മോഹകിരീടം കഴിഞ്ഞ ലോകകപ്പിൽ റോണോയുടെയും കൂട്ടരുടെയും കൈകളിൽ എത്തണമെന്ന് ലോകം കൊതിച്ചിരുന്നു. എന്നാൽ, ആ പ്രതീക്ഷ ഡാളസിലെ പുൽമൈതാനത്ത് പൊലിഞ്ഞു. ലോകകപ്പിലെ വമ്പന്മാരുടെ പ്രീക്വാർട്ടർ പോരിൽ അവസാന നിമിഷം വഴങ്ങിയ അപ്രതീക്ഷിത ഗോളിലാണ് അയൽക്കാരായ സ്പെയ്നിനു മുന്നിൽ പോർചുഗൽ വീണത്. എങ്കിലും, സർവ കിരീടങ്ങൾക്കുമപ്പുറം ലോകമെങ്ങുമുള്ള ആരാധകരുടെ മനസ്സിൽ തിളങ്ങുന്ന നക്ഷത്രമായി പ്രിയപ്പെട്ട റോണോ എക്കാലവും നിലകൊള്ളും.








0 comments