Deshabhimani

അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് മിനി കൂപ്പറിന്‍റെ വേ​ഗത 162 കി.മീ; ബിഎംഡബ്ല്യു സാങ്കേതിക പരിശോധനാ റിപ്പോർട്ട്

mini cooper accident
വെബ് ഡെസ്ക്

Published on Nov 05, 2026, 06:25 PM | 1 min read

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറിന്റെ അമിതവേഗം സ്ഥിരീകരിച്ച് ബിഎംഡബ്ല്യുവിന്റെ സാങ്കേതിക പരിശോധനാ റിപ്പോർട്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. കൂട്ടിയിടിക്കുന്ന സമയത്ത് വേഗം 144 കിലോമീറ്ററായിരുന്നു. അപകടത്തിന് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് അമർത്തിയതെന്നും റിപ്പോർട്ടിലുണ്ട്.


വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ചാണ് ബിഎംഡബ്ല്യു ഇന്ത്യ റിപ്പോർട്ട് തയ്യാറാക്കിയത്. വ്യാഴാഴ്ചയാണ് റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറിയത്.


അപകടത്തിന് പിന്നാലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കാർ 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ട് പിന്നിട്ടതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനെ ശരിവയ്ക്കുന്നതാണ് കമ്പനിയുടെ പുതിയ സാങ്കേതിക റിപ്പോർട്ട്. വാഹനത്തിന്റെ വേഗവും അപകടത്തിന് തൊട്ടുമുമ്പുള്ള ഡ്രൈവറുടെ പ്രവർത്തനങ്ങളും സംബന്ധിച്ച നിർണായക വിവരങ്ങളാണ് ക്രാഷ് ഡാറ്റയിൽനിന്ന് ലഭിച്ചത്.


കാർ അമിതവേഗത്തിലായിരുന്നുവെന്നതിന് സിസിടിവി ദൃശ്യങ്ങൾക്ക് പുറമേ വാഹനത്തിൽ രേഖപ്പെടുത്തിയ സാങ്കേതിക വിവരങ്ങളും തെളിവാകുന്നതോടെ അന്വേഷണം കൂടുതൽ ശക്തമാകും. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഡ്രൈവറുടെ പ്രവർത്തനങ്ങൾ, മറ്റ് പ്രതികളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.


ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home