Deshabhimani

‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

mohanlal
വെബ് ഡെസ്ക്

Published on Nov 05, 2026, 06:52 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാലിനെ പ്രഖ്യാപിച്ചു. വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുക, അവരെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കതിര്‍’ പദ്ധതി നടപ്പാക്കുക.


പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിര്‍ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. ‘കതിര്‍’ പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു.


കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും വീടിനോടു ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കുട്ടികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിര്‍ കാർഷിക ക്ലബ്ബ് പദ്ധതി ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണ്. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനജനകമാണ്. കൃഷിയാകണം കുട്ടികളുടെ ലഹരി. മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്. വെർച്വൽ ലോകത്തെ സ്ക്രീനുകളിൽനിന്ന് മാറി മണ്ണിലേക്കിറങ്ങാൻ കുട്ടികളും തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിര്‍ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കതിര്‍ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നോഡൽ ഓഫീസർമാരെ നിയമിക്കും. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല പരിശീലനം തിരുവനന്തപുരത്ത് രണ്ടു ദിവസങ്ങളിലായി പൂർത്തിയാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home