Deshabhimani

പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോയില്ല; 23 വർഷത്തെ കരിയറിന് വിരാമം

Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ | ഫോട്ടോ: X

വെബ് ഡെസ്ക്

Published on Nov 05, 2026, 06:35 PM | 2 min read

ലിസ്ബൺ : അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചുള്ള ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീഡിയോ ഏറെ വൈകാരികമായി. ചില തീരുമാനങ്ങൾ തലച്ചോറുകൊണ്ട് മാത്രമല്ല, ഹൃദയംകൊണ്ടും എടുക്കേണ്ടിവരുമെന്ന് വീഡിയോയിലൂടെ റൊണാൾഡോ പറഞ്ഞു.


പോർച്ചുഗൽ ദേശീയ ടീമിനായി 23 വർഷം നീണ്ട കരിയറിനാണ് 41-ാം വയസിൽ താരം വിരാമമിടുന്നത്. നവംബറിലെ രാജ്യാന്തര മത്സരങ്ങൾക്കു ശേഷം ദേശീയ ടീമിനോട് വിടപറയുമെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെ റൊണാൾഡോ അറിയിച്ചു. പോർച്ചുഗലിന്റെ ഏഴാം നമ്പർ ജഴ്സി അടുത്ത തലമുറയ്ക്ക് കൈമാറുകയാണെന്നും താരം വ്യക്തമാക്കി.


2003 ആഗസ്തിൽ 18-ാം വയസിൽ കസാഖിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലൂടെയാണ് താരം പോർച്ചുഗലിനായി അരങ്ങേറിയത്. പിന്നീട് ടീമിന്റെ നായകനായും ഏറ്റവും വലിയ ഗോൾവേട്ടക്കാരനായും മാറി. 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളാണ് നേടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെയും പുരുഷ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെയും ലോക റെക്കോഡുകൾ റൊണാൾഡോയുടെ പേരിലാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരമെന്ന നേട്ടവും സ്വന്തമാക്കി.


ഏഴാം നമ്പർ ജഴ്സി അടുത്ത തലമുറയ്ക്ക്


'പോർച്ചുഗലിന്റെ ഏഴാം നമ്പർ ജഴ്സി തിരികെ ഏൽപ്പിക്കേണ്ട സമയമായിരിക്കുന്നു. 23 വർഷം ഈ ജഴ്സി അണിയാനും രാജ്യത്തെ പ്രതിനിധീകരിക്കാനും എനിക്ക് അവസരം ലഭിച്ചു. ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ചില തീരുമാനങ്ങൾ തലച്ചോറുകൊണ്ട് മാത്രമല്ല, ഹൃദയംകൊണ്ടും എടുക്കേണ്ടിവരും' - വിരമിക്കൽ പ്രഖ്യാപനത്തിൽ റൊണാൾഡോ പറഞ്ഞു.


കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മത്സരങ്ങളും ഗോളുകളും റെക്കോഡുകളും കിരീടങ്ങളും മാത്രമല്ല ഓർമയിലെത്തുന്നതെന്നും ആരാധകരും സഹതാരങ്ങളും പരിശീലകരും കുടുംബവുമാണ് മനസിൽ നിറയുന്നതെന്നും താരം പറഞ്ഞു. തന്റെ ഗോളുകൾ ആരെയെങ്കിലും സന്തോഷിപ്പിച്ചിട്ടുണ്ടെങ്കിൽ, പ്രയാസങ്ങൾ മറക്കാൻ സഹായിച്ചിട്ടുണ്ടെങ്കിൽ, രാജ്യത്തെക്കുറിച്ച് അഭിമാനം തോന്നിച്ചിട്ടുണ്ടെങ്കിൽ ആ യാത്രയെല്ലാം അർഥവത്തായെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.


ദേശീയ ടീമിനായി കളിക്കളത്തിലെ യാത്ര അവസാനിക്കുകയാണ്. എന്നാൽ പോർച്ചുഗലിനായി ഇനിയും ആവേശത്തോടെ പിന്തുണയ്ക്കുകയും ഓരോ വിജയവും ആഘോഷിക്കുകയും ചെയ്യും. ഏഴാം നമ്പർ ജഴ്സി പോർച്ചുഗലിനൊപ്പം തുടരും. അത് അണിയാനായതിലുള്ള അഭിമാനം എന്നോടൊപ്പമുണ്ടാകും. പോർച്ചുഗൽ എന്നും എന്റെ ഉള്ളിലുണ്ടാകും - ഈ വാക്കുകളോടെയാണ് താരം വിടവാങ്ങൽ സന്ദേശം അവസാനിപ്പിച്ചത്.


യൂറോ കപ്പ് നേട്ടം കരിയറിലെ പൊൻതൂവൽ


2004ലെ യൂറോ കപ്പിൽ ഫൈനലിലെത്തിയ പോർച്ചുഗൽ ടീമിൽ അംഗമായിരുന്ന റൊണാൾഡോ. 2008ലെ യൂറോ കപ്പിന് മുന്നോടിയായി നായകസ്ഥാനം ഏറ്റെടുത്തു. 2016ൽ ഫ്രാൻസിൽ നടന്ന യൂറോ കപ്പിൽ പോർച്ചുഗലിന് ആദ്യമായി കിരീടം നേടിക്കൊടുത്തത് റൊണാൾഡോയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി. ഫൈനലിൽ പരിക്കേറ്റ് പുറത്തുപോയെങ്കിലും ടീമിനൊപ്പം നിന്ന് സഹതാരങ്ങളെ പ്രോത്സാഹിപ്പിച്ച താരം പിന്നീട് കിരീടം ഏറ്റുവാങ്ങി.


2019ലും 2025ലും യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ പോർച്ചുഗൽ ടീമിലും താരം നിർണായക സാന്നിധ്യമായി. 2025ലെ ഫൈനലിൽ സ്പെയിനിനെതിരെയും താരം ഗോൾ നേടി. അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ യൂറോ കപ്പിന്റെ ആറ് പതിപ്പുകളിലും ലോകകപ്പിന്റെ ആറ് പതിപ്പുകളിലും കളിച്ച അപൂർവ നേട്ടത്തിനും ഉടമയാണ്.


ആറ് ലോകകപ്പുകളിൽ ഗോൾ; കിരീടം മാത്രം ബാക്കി


2026 ലോകകപ്പിൽ കളിച്ചതോടെ ആറ് ലോകകപ്പുകളിൽ പങ്കെടുത്ത താരമെന്ന റെക്കോഡിലും റൊണാൾഡോ ഇടംപിടിച്ചു. ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ആറ് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിലും ഗോൾ നേടുന്ന ആദ്യ താരമായി. ലോകകപ്പിൽ പോർച്ചുഗലിനായി പത്ത് ഗോളുകൾ നേടിയ താരം, ഇതിഹാസതാരം യൂസേബിയോയുടെ ഒൻപത് ഗോളെന്ന റെക്കോഡും മറികടന്നു.


ക്രൊയേഷ്യക്കെതിരായ പ്രീക്വാർട്ടറിന് മുൻപുള്ള നോക്കൗട്ട് മത്സരത്തിൽ പെനാൽറ്റിയിലൂടെ ആദ്യ നോക്കൗട്ട് ഗോൾ നേടിയെങ്കിലും പോർച്ചുഗലിന് കിരീടത്തിലേക്ക് മുന്നേറാനായില്ല. പ്രീക്വാർട്ടറിൽ സ്പെയിനിനോട് 1-0ന് തോറ്റാണ് ടീം പുറത്തായത്. കരിയറിൽ നിരവധി റെക്കോഡുകളും കിരീടങ്ങളും സ്വന്തമാക്കിയെങ്കിലും ലോകകപ്പ് കിരീടമെന്ന സ്വപ്നം മാത്രം ബാക്കിവച്ചാണ് റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home