ഇന്ത്യയിൽ ദാരിദ്ര്യം കുറഞ്ഞോ? ലോകബാങ്ക് മറച്ചുവച്ച യാഥാർഥ്യങ്ങൾ

ന്യൂഡൽഹി : രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇന്നും ദാരിദ്ര്യത്തിൽ നിന്ന് കരകയറാനാവാത്ത ഒരു വലിയ സമൂഹം ജീവിക്കുന്നുണ്ട്. തൊഴിലില്ലായ്മയും വരുമാനം കുത്തനെ കുറഞ്ഞതും വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുമ്പോഴാണ് ഇന്ത്യയിൽ ദാരിദ്ര്യം കുത്തനെ കുറഞ്ഞെന്ന ലോകബാങ്കിന്റെ പുതിയ കണ്ടെത്തൽ. അതിദാരിദ്ര്യം കുറഞ്ഞെന്ന ലോകബാങ്കിന്റെ കണക്കുകൾക്കെതിരെ ചില ചോദ്യങ്ങളുന്നയിക്കുകയാണ്. സാമ്പത്തിക വിദഗ്ധർ.
2011ലെ 27.1 ശതമാനത്തിൽനിന്ന് 2022–23ൽ 2.6 ശതമാനമായി കുറഞ്ഞെന്നാണ് ലോകബാങ്ക് അവകാശപ്പെടുന്നത്. രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കിയെന്ന കേന്ദ്രത്തിന്റെ ഈ അവകാശവാദത്തിന് കുടപിടിക്കുന്ന റിപ്പോർട്ട് ആണ് ലോകബാങ്കിന്റേതെന്ന് വ്യക്തമാണ്. എന്നാൽ, അടിസ്ഥാനപരമായ കണക്കുകൾ ശേഖരിച്ചത് കൃത്യമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിമർശനം. പുതിയ സർവെയിലെ വിവരങ്ങളെ 2011–12ലെ കണക്കുകളുമായി നേരിട്ട് താരതമ്യം ചെയ്യാനാകില്ല. മാത്രമല്ല, രാജ്യത്തെ ദാരിദ്ര്യം കുറഞ്ഞോ എന്നത് കൃത്യമായി പറയാനാകില്ലെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദേശീയ സ്ഥിതിവിവരക്കണക്കിന്റെയും (2022–23), 2023–24 വർഷങ്ങളിൽ നടത്തിയ ഗാർഹിക ഉപഭോഗ ചെലവ് സർവേകളുടെ അടിസ്ഥാനത്തിലുമാണ് ലോകബാങ്ക് ദാരിദ്ര്യം കുറഞ്ഞെന്ന് അവകാശപ്പെടുന്നത്. മുൻകാല സർവേകളിൽ നിന്ന് വ്യത്യസ്തമായ രീതിയാണ് പുതിയ സർവേകളിൽ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കുടുംബങ്ങളുടെ ഉപഭോഗച്ചെലവിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യനിരക്ക് നിർണയിക്കാൻ സാധിക്കില്ല.
പഴയ കണക്കുകളും പുതിയ സർവേകളും; താരതമ്യം ചെയ്യുന്നതിലെ വൈരുധ്യം
ഗാർഹിക ഉപഭോഗ സർവേകൾക്കായി 2012 വരെ ഒരു കുടുംബത്തെ ഒരുതവണ മാത്രമാണ് സന്ദർശിച്ചിരുന്നത്. ഒരു സന്ദർശനത്തിൽത്തന്നെ വിവരങ്ങൾ ശേഖരിക്കുന്നതായിരുന്ന രീതി. എന്നാൽ, പുതിയ സർവേകളിൽ ഒരു മാസത്തിനിടെ മൂന്ന് തവണ കുടുംബങ്ങളെ സന്ദർശിച്ച് വിശദമായി വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ്.
വിവരങ്ങൾ ശേഖരിക്കാൻ പലതവണ വീടുകൾ സന്ദർശിക്കുന്നതിലൂടെ ചെലവുകളുടെ കൂടുതൽ കൃത്യമായ കണക്ക് ലഭിക്കുമെന്ന് മുൻകാല പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യമായി ലഭിക്കുന്ന ആനുകൂല്യങ്ങളുടെ കണക്കാക്കിയ മൂല്യം കൂടി ഉൾപ്പെടുത്തി ചെലവുകൾ പ്രത്യേകം രേഖപ്പെടുത്തുന്ന രീതിയും പുതിയ സർവേകളിലുണ്ട്. ഇതുവഴി കുടുംബങ്ങളുടെ ഉപഭോഗച്ചെലവ് പഴയ സർവേകളിലേതിനെക്കാൾ ഉയർന്നതായി രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ഉപഭോഗച്ചെലവ് ഉയരുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണവും കുറഞ്ഞതായി കണക്കാക്കപ്പെടും. അതായത് ദാരിദ്ര്യമില്ലാത്തവരുടെ എണ്ണം കൂടും.
അതുകൊണ്ടുതന്നെ ഗാർഹിക ഉപഭോഗ ചെലവ് സർവേ വിവരങ്ങളെ, 2011–12ലെ കണക്കുകളുമായി നേരിട്ട് താരതമ്യം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നാണ് വിമർശനം. പുതിയ സർവേയുടെ രീതികളിൽ വന്ന മാറ്റങ്ങൾ പരിഗണിക്കാതെ ഉപഭോഗച്ചെലവിന്റെ അടിസ്ഥാനത്തിൽ മാത്രം നിഗമനത്തിലെത്തുന്നത് ശരിയായ രീതിയല്ല. പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് ദാരിദ്ര്യരേഖ നിർണയിക്കണമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദാരിദ്ര്യരേഖ നിർണയിക്കുന്നതിലെ അപാകതകൾ
2014നുശേഷം ഇന്ത്യയിൽ ഔദ്യോഗികമായി ദാരിദ്ര്യരേഖ നിർണയിക്കുന്ന രീതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. മുൻപ് ആസൂത്രണ കമീഷനായിരുന്നു ദാരിദ്ര്യരേഖ നിർണയിച്ചിരുന്നത്. ഇപ്പോൾ ലോകബാങ്കിന്റെ കണക്കുകളെയാണ് ഇതിനായി ആശ്രയിക്കുന്നത്. സർവേ രീതികളിലെ മാറ്റങ്ങൾ പരിഗണിക്കാതെ ദാരിദ്ര്യത്തിൽ വൻ കുറവുണ്ടായെന്ന് പറയുന്നത് ഗവേഷണങ്ങളില്ലാത്ത വിലയിരുത്തലാണെന്നും വിദഗ്ധർ വിമർശിക്കുന്നു.
നിതി ആയോഗ് പുറത്തുവിടുന്ന ദാരിദ്ര്യ സൂചികയിലും സമാനമായ പ്രശ്നങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ദാരിദ്ര്യം കുത്തനെ കുറഞ്ഞെന്ന അവകാശവാദങ്ങൾ മുന്നോട്ട്വക്കുന്നതല്ലാതെ, ഇതിനായി പരിഗണിച്ച കണക്കുകളുടെ അടിസ്ഥാനവും, വിവരശേഖരണ രീതിയുടെ പരിമിതികളും വിശദീകരിക്കപ്പെടുന്നില്ല.
ലോകബാങ്ക് സ്വന്തമായി ഇന്ത്യയുടെ ഒരു ദാരിദ്ര്യ കണക്ക് തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്. ഒന്ന്, പ്രതിദിനം മൂന്ന് ഡോളർ (പിപിപി അടിസ്ഥാനത്തിൽ) അടിസ്ഥാനമാക്കി സാമ്പത്തിക ദാരിദ്ര്യം കണക്കാക്കുന്ന രീതി, ഇതനുസരിച്ച് 5.3 ശതമാനം പേരാണ് ദരിദ്രർ. രണ്ടാമത്തെ, ഓക്സ്ഫഡ് ദാരിദ്ര്യ സൂചികയിലെ പത്ത് കാര്യങ്ങളിൽ അഞ്ചെണ്ണം ഉൾപ്പെടുത്തിയുള്ള കണക്കെടുപ്പ് രീതിയാണ്.
എന്നാൽ, ഈ വിവരങ്ങളുടെയൊന്നും അടിസ്ഥാനത്തിൽ സമഗ്രമായ ഒരു ദാരിദ്ര്യ സൂചിക ലോകബാങ്ക് അവതരിപ്പിച്ചിട്ടില്ല. ആരോഗ്യസ്ഥിതി എന്തുകൊണ്ട് ദാരിദ്ര്യം കണക്കാക്കുമ്പോൾ ഒഴിവാക്കിയെന്നതിന് വിശദീകരണവും നൽകിയിട്ടില്ല. ജനങ്ങളുടെ ദൈനംദിന ജീവിതത്തിലുണ്ടായ മാറ്റങ്ങൾ വിലയിരുത്തുന്നതിന് പകരം, അടിസ്ഥാന സൗകര്യ ലഭ്യത മാത്രമാണ് ഈ കണക്കെടുപ്പിൽ പരിഗണിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയതു കൊണ്ടു മാത്രം ദാരിദ്ര്യം കുറഞ്ഞുവെന്ന് പറയുന്നത് ഏതടിസ്ഥാനത്തിലാണെന്നും വ്യക്തമല്ല.
വളർച്ച കുറഞ്ഞു ദാരിദ്ര്യം കൂടി
2026 ഒക്ടോബറിൽ പുറത്തുവന്ന ദാരിദ്ര്യ-സമത്വ റിപ്പോർട്ട് പ്രകാരം, ദാരിദ്ര്യം കുറയാൻ കാരണമായ ചില പ്രധാന ഘടകങ്ങളുണ്ടെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്. ഉപഭോഗത്തിലെ വളർച്ച, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലുണ്ടായ വർധന, തൊഴിൽ ലഭ്യത, ഭക്ഷ്യ സബ്സിഡി ഉൾപ്പെടെയുള്ള സാമൂഹ്യ ആനുകൂല്യങ്ങൾ എന്നിവയാണെന്നാണ് ലോകബാങ്ക് പറയുന്നത്. എന്നാൽ, രാജ്യത്തിന്റെ പൊതുവായ സ്ഥിതി പരിശോധിക്കുമ്പോൾ ഈ ഘടകങ്ങളിലെല്ലാം പൂർണതയില്ലെന്ന് വ്യക്തമാകും.
2004നും 2012നും ഇടയിൽ ദാരിദ്ര്യം ഗണ്യമായി കുറഞ്ഞിരുന്നുവെന്ന് ഡാറ്റകൾ വിശദമാക്കുന്നുണ്ട്. തെണ്ടുൽക്കർ ദാരിദ്ര്യരേഖയിലെ കണക്കുകൾ പ്രകാരം, 13.8 കോടി ആളുകളാണ് ഈ കാലയളവിൽ ദാരിദ്ര്യരേഖയ്ക്ക് പുറത്തേക്ക് കടന്നത്. എന്നാൽ, 2015നു ശേഷം ദാരിദ്ര്യം കുറയുന്നതിന് പകരം ദാരിദ്ര്യത്തിന്റെ വേഗതി കൂടി. ദാരിദ്ര്യം വർധിച്ചതിന് പിന്നിൽ സാമ്പത്തിക വളർച്ചയിലെ ആഘാതം, തൊഴിൽമേഖലയിലെ പ്രതിസന്ധി, തെറ്റായ സാമ്പത്തികനയങ്ങൾ തുടങ്ങി നിരവധി കാരണങ്ങളുണ്ട്.
2004–2014 കാലയളവിൽ ഇന്ത്യയുടെ ശരാശരി വാർഷിക ജിഡിപി വളർച്ച 7.8 ശതമാനമായിരുന്നു. 2014–2026 കാലയളവിൽ ഇത് 6.2 ശതമാനമായി കുറഞ്ഞു. ഈ കാലത്ത് നിക്ഷേപവും സമ്പാദ്യവും കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2014–24 കാലയളവിൽ നിക്ഷേപ നിരക്ക് 26 മുതൽ 32 ശതമാനം വരെയായി താഴ്ന്നു. പ്രതിമാസ വേതനത്തിലെ ഇടിവും, സമ്പാദ്യത്തിലുണ്ടായ കുറവും നിക്ഷേപത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ. 2012–23ലെ സാമ്പത്തിക വളർച്ച ഏകദേശം 4.5 ശതമാനം മാത്രമായിരുന്നുവെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ കണക്കാക്കിയിട്ടുണ്ട്.
സാമ്പത്തിക മേഖലയെ തകർത്ത നോട്ട് നിരോധനവും ജിഎസ്ടിയും
2016ലെ നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി തെറ്റായ നയപരമായ ആശയങ്ങളുടെ ആഘാതം അസംഘടിത മേഖലയെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) ഗുരുതരമായി ബാധിച്ചു. രാജ്യത്താകെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതായി. കോവിഡ് കാലത്തെ രാജ്യവ്യാപക ലോക്ക്ഡൗണും സാമ്പത്തിക സ്ഥിതിയെ ബാധിച്ചു. കോവിഡാനന്തരം രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും തൊഴിലില്ലാതെയും, വരുമാനമില്ലാതെയും പ്രതിസന്ധിനേരിട്ടു.
സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള അന്തരം വർധിപ്പിക്കുന്ന വളർച്ചയാണ് പിന്നീട് പ്രകടമായത്. തൊഴിലവസരങ്ങൾ കാർഷിക മേഖലയിലേക്ക് തിരിച്ചെത്തി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2004നുശേഷം കാർഷിക മേഖലയിലെ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. അതേസമയം, കാർഷികേതര മേഖലയിൽ തൊഴിൽ വർധിച്ചു. എന്നാൽ, കോവിഡിന് ശേഷം ഈ സ്ഥിതി മാറി. ഏകദേശം 6.5 കോടി തൊഴിലാളികൾ കാർഷിക മേഖലയിലേക്ക് തിരിച്ചെത്തി. നഗരങ്ങളിൽ എംഎസ്എംഇ മേഖല തകർച്ച നേരിട്ടതോടെ പലരും കൃഷിയിലേക്ക് തിരിച്ചു പോയതാണ് ഇതിന് പ്രധാന കാരണം.
2017നും 2023നും ഇടയിൽ 13.4 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്നും ഇതിൽ സ്ത്രീകളുടെ പങ്കാളിത്തം നിർണായകമായിരുന്നെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഇതിൽ 6.5 കോടി തൊഴിലവസരങ്ങളും കാർഷിക മേഖലയിലായിരുന്നുവെന്ന കാര്യം പരിഗണിച്ചിട്ടില്ല. ഉന്നതവിദ്യാഭ്യാസം നേടി കാർഷിക മേഖലയിൽനിന്ന് പുറത്തേക്കു കടന്നിരുന്ന സ്ത്രീകൾ 2017–24 കാലയളവിൽ വീണ്ടും കൃഷിയിലേക്ക് മടങ്ങി. ഇവരിൽ വലിയൊരു വിഭാഗവും കൂലിയില്ലാതെ സ്വന്തം കൃഷിയിടത്തിലാണ് ജോലി ചെയ്തിരുന്നത്. അതിനാൽ, തൊഴിൽ പങ്കാളിത്തത്തിലെ വർധനയെ മാത്രം അടിസ്ഥാനമാക്കി സ്ത്രീകളുടെ സാമ്പത്തിക നില മെച്ചപ്പെട്ടെന്ന് വിലയിരുത്താനാകില്ല. 2017 മുതൽ 2025 വരെ ഗ്രാമീണ, നഗര മേഖലകളിലെ വേതനത്തിൽ കാര്യമായ വളർച്ചയുണ്ടായില്ലെന്ന് പല കണക്കുകളും സൂചിപ്പിക്കുന്നുണ്ട്.
കാർഷികേതര തൊഴിലവസരങ്ങൾ കുറഞ്ഞു
2015നുശേഷം വേതനത്തിൽ കാര്യമായ വളർച്ചയുണ്ടായില്ല. കാർഷികേതര മേഖലയിൽ ആവശ്യമായതിന്റെ പകുതി മാത്രമാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. അടുത്ത 20 വർഷത്തേക്ക് പ്രതിവർഷം 1.2 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. തൊഴിൽരഹിതരുടെയും തൊഴിലിന് വേണ്ടി പുതിയതായി എത്തുന്നവരുടെയും എണ്ണം വർധിക്കുകയാണ്. ഇതിനൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൈവരിക്കാത്ത യുവജനങ്ങളുടെ എണ്ണവും വർധിക്കുകയാണ്.
പത്ത് വർഷമായി സാമ്പത്തിക വളർച്ചയുടെ വേഗം കുറഞ്ഞെന്ന കാര്യം വ്യക്തമാണ്. വളർച്ചയുടെ നേട്ടങ്ങൾ തുല്യമായി വിതരണം ചെയ്യപ്പെടാതായി. കാർഷികേതര തൊഴിലവസരങ്ങൾ കുറഞ്ഞതും വേതനമില്ലാതായതും ഉന്നതവിദ്യാഭ്യാസം നേടിയവർക്കിടിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചുരുക്കത്തിൽ, 2015നുശേഷം സാധാരണക്കാരുടെ ജീവിതത്തിൽ കാര്യക്ഷമമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതൊന്നും ദാരിദ്ര്യം കുറഞ്ഞെന്ന റിപ്പോർട്ട് തയ്യാറാക്കുന്നതിന് പരിഗണിച്ചിട്ടില്ല.
ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണവും, വിദേശത്തേക്ക് തൊഴിലവസരങ്ങൾ തേടി പോകുന്നവരുടെ എണ്ണവും വർധിച്ചതിനാൽ ദാരിദ്ര്യം കുറഞ്ഞിട്ടുണ്ടാകാം. എന്നാൽ, ലോകബാങ്ക് മുന്നോട്ട്വക്കുന്ന കണക്കുകൾ വിശ്വസനീയമല്ല. സർവേ രീതികളിലെ മാറ്റങ്ങൾ മറച്ചുവച്ച് ദാരിദ്ര്യം ഇല്ലാതായെന്ന് അവകാശപ്പെടുന്നത് രാജ്യത്തെ യഥാർഥ സാമ്പത്തിക പ്രതിസന്ധികളെ മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് വ്യക്തമായ വിവരശേഖരണ രീതി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാമ്പത്തിക വിദഗ്ധർ ലോകബാങ്കിന്റെ കണക്കുകളെ ചോദ്യം ചെയ്യുന്നത്.








0 comments