സിജോമോൻ ജോസഫിന് കീഴിൽ ഒരുങ്ങി തൃശൂർ ടൈറ്റൻസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിനായി ഒരുങ്ങി തൃശൂർ ടൈറ്റൻസ്. കേരള താരവും രഞ്ജി ട്രോഫി മുൻ ടീം ക്യാപ്റ്റനുമായിരുന്ന സിജോമോൻ ജോസഫിന് കീഴിലാണ് തൃശൂർ ടൈറ്റൻസ് പുതിയ സീസണിൽ ഇറങ്ങുക. മുൻ ഇന്ത്യൻ അണ്ടർ 19 താരം കൂടിയാണ് സിജോ. ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വൈവിധ്യമുള്ളൊരു ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂരിന്റേത്. വിഷ്ണു വിനോദിനൊപ്പം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ് മനോഹറും വരുൺ നായനാരും അഹ്മദ് ഇമ്രാനും ഇത്തവണയും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണിൽ കൊച്ചിക്കായി തിളങ്ങിയ ഷോൺ റോജർ ഇത്തവണ തൃശൂരിന് വേണ്ടിയാണ് ഇറങ്ങുക. ഒപ്പം അരുൺ പൌലോസ്, വിഷ്ണു മേനോൻ, ആനന്ദ് കൃഷ്ണൻ തുടങ്ങിയ വെടിക്കെട്ട് ബാറ്റർമാർ കൂടി ചേരുമ്പോൾ തൃശൂരിന്റെ ബാറ്റിങ് അതിശക്തമാണ്.
ക്യാപ്റ്റൻ സിജോമോൻ ജോസഫ്, സി വി വിനോദ് കുമാർ എന്നിവരടങ്ങുന്ന ഓൾറൗണ്ടർമാരുടെ മികച്ചൊരു നിരയും ഇത്തവണ തൃശൂരിനുണ്ട്. പരിചയസമ്പന്നരായ ഇവർക്കൊപ്പം സിബിൻ ഗിരീഷ്, അമൽ രമേഷ്, തുടങ്ങിയവരാണ് ടീമിലെ മറ്റ് ഓൾ റൗണ്ടർമാർ. രണ്ടാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കെ ആർ ആണ് ആരാധകർ ഉറ്റു നോക്കുന്ന മറ്റൊരു താരം.
എം ഡി നിധീഷും മൊഹമ്മദ് ഇഷാഖും, ആനന്ദ് ജോസഫും അടക്കമുള്ളവരാണ് ടീമിന്റെ ബൗളിങ് കരുത്ത്. കഴിഞ്ഞ സീസണിൽ 11 വിക്കറ്റുകളുമായി ടീമിന്റെ ബൗളിങ് പട്ടികയിൽ മുന്നിട്ട് നിന്നത് മൊഹമ്മദ് ഇഷാഖായിരുന്നു. കഴിഞ്ഞ തവണ ആലപ്പുഴയ്ക്കായി തിളങ്ങിയ ആനന്ദ് ജോസഫിനെ ടീമിലെത്തിക്കാനായത് തൃശൂരിന് മുതൽക്കൂട്ടാകും. ആതിഫ് ബിൻ അഷ്‌റഫ്, ആദിത്യ വിനോദ് തുടങ്ങിയവരാണ് ബൗളിങ് നിരയിലെ മറ്റ് പ്രമുഖ താരങ്ങൾ.
മുൻ രഞ്ജി താരം എസ് സുനിൽ കുമാറാണ് ടൈറ്റൻസിന്റെ കോച്ച്. കഴിഞ്ഞ സീസണിൽ കോച്ചായിരുന്നു സുനിൽ ഒയാസിസാണ് കോച്ചിങ് ഡയറക്ടർ. അസിസ്റ്റന്റ് കോച്ചായി കെവിൻ ഓസ്‌കാറും, ബാറ്റിങ് കോച്ചായി വിനൻ ജി നായരും ബൌളിങ് കോച്ചായി ഷാഹിദ് സി പിയും ഫീൽഡിങ് കോച്ചായി മണികണ്ഠൻ നായരും ടീമിനൊപ്പം ഉണ്ട്. മനു എസ് ആണ് പെർഫോമൻസ് അനലിസ്റ്റ്.









0 comments