രോഹൻ 43 പന്തിൽ 94 റൺ , സഞ്‌ജു കളിച്ചില്ല

തകർത്തടിച്ച്‌ 
കലിക്കറ്റ്‌ ; കൊച്ചിയെ 
33 റണ്ണിന്‌ തോൽപ്പിച്ചു

Kerala Cricket League
avatar
Sports Desk

Published on Aug 28, 2025, 12:02 AM | 1 min read


തിരുവനന്തപുരം

ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ റണ്ണൊഴുക്കി കലിക്കറ്റ്‌ ഗ്ലോബൽ സ്‌റ്റാർസ്‌. കേരള ക്രിക്കറ്റ്‌ ലീഗിൽ (കെസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 33 റണ്ണിന്‌ തോൽപ്പിച്ചു. കലിക്കറ്റ് നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 249 റണ്ണടിച്ചു. മറുപടിക്കെത്തിയ കൊച്ചി 19 ഓവറിൽ 216ന്‌ പുറത്തായി. 43 പന്തിൽ 94 റണ്ണെടുത്ത രോഹനാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌.


ജയത്തോടെ പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക്‌ മുന്നേറാനും കലിക്കറ്റിന് കഴിഞ്ഞു.

ആദ്യം ബാറ്റ്‌ ചെയ്‌ത കലിക്കറ്റിനായി രോഹനും സച്ചിൻ സുരേഷും മിന്നുന്ന തുടക്കമാണ്‌ നൽകിയത്‌. 8.3 ഓവറിൽ 102 റണ്ണെടുത്തശേഷമാണ്‌ ഓപ്പണിങ്‌ സഖ്യം വേർപിരിഞ്ഞത്‌. സച്ചിൻ 19 പന്തിൽ 28 റണ്ണുമായി മടങ്ങി. രോഹൻ തുടർന്നു. എം അജിനാസ്‌ (33 പന്തിൽ 49) മികച്ച പിന്തുണ നൽകി. പിന്നാലെ രോഹൻ മടങ്ങി. എട്ട്‌ സിക്‌സറും ആറ്‌ ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു.


അവസാന ഓവറുകളിൽ അഖിൽ സ്‌കറിയയുടെ വെടിക്കെട്ടാണ്‌ ടീമിനെ കൂറ്റൻ സ്‌കോറിലേക്ക്‌ നയിച്ചത്‌. 19 പന്തിൽ 43 റണ്ണെടുത്ത അഖിലിന്റെ ഇന്നിങ്‌സിൽ മ‍ൂന്നുവീതം സിക്‌സറും ഫോറും ഉൾപ്പെട്ടു.


ക്യാപ്‌റ്റൻ സാലി സാംസൺ ഉൾപ്പെട്ട കൊച്ചി ബ‍ൗളിങ്‌ നിരയ്‌ക്ക്‌ പിടിച്ചുനിൽക്കാനായില്ല.

സഞ്‌ജു സാംസന്റെ അഭാവത്തിൽ കൂറ്റൻ സ്‌കോർ പിന്തുടരാൻ ഇറങ്ങിയ കൊച്ചി തുടക്കം പൊരുതി. വിനൂപ്‌ മനോഹരൻ (17 പന്തിൽ 36), മുഹമ്മദ്‌ ഷാനു (22 പന്തിൽ 53)‍, കെ ജെ രാകേഷ്‌ (30 പന്തിൽ 38) എന്നിവർ മിന്നുന്ന തുടക്കം നൽകി. പക്ഷേ, തുടർന്നെത്തിയവരിൽ മുഹമ്മദ്‌ ആഷിഖ്‌ (11 പന്തിൽ 38)മാത്രമേ പൊരുതിനിന്നുള്ളൂ. നാല്‌ വിക്കറ്റുമായി അഖിൽ സ്‌കറിയ പന്തിലും തിളങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Home